Connect with us

Sports

ആഴ്‌സണല്‍-നാപോളി; അയാക്‌സ്-മിലാന്‍

Published

|

Last Updated

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ആഴ്‌സണല്‍-നാപോളി, അയാക്‌സ്- എ സി മിലാന്‍, സെല്‍റ്റിക്-ബാഴ്‌സലോണ, ബൊറൂസിയ ഡോട്മുണ്ട്-മാഴ്‌സെ സൂപ്പര്‍ പോരാട്ടങ്ങള്‍. എഫ് സി പോര്‍ട്ടോ- അത്‌ലറ്റികോ മാഡ്രിഡ്, സ്റ്റ്വു ബുചാറെസ്റ്റ് – ചെല്‍സി, ബാസല്‍-ഷാല്‍ക്കെ, സെനിത്-വിയന്ന എന്നീ ഗ്രൂപ്പ് മത്സരങ്ങളും ഇന്ന് നടക്കും.
ആഴ്‌സണല്‍, നാപോളി, ബാഴ്‌സലോണ, എഫ് സി ബാസല്‍, എ സി മിലാന്‍, അത്‌ലറ്റികോ മാഡ്രിഡ്, പോര്‍ട്ടൊ, ഷാല്‍ക്കെ ക്ലബ്ബുകള്‍ ഗ്രൂപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. അതേ സമയം, ജോസ് മൗറിഞ്ഞോയുടെ ചെല്‍സി ആദ്യ ജയം തേടിയാണ് ഇറങ്ങുന്നത്.
ആഴ്‌സണല്‍-നാപോളി
ഇറ്റാലിയന്‍ ക്ലബ്ബ് നാപോളി പുതിയ കോച്ച് റാഫേല്‍ ബെനിറ്റസിന്റെ കരുത്തിലാണ് കുതിക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിന് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത ബെനിറ്റസ് വലന്‍ഷ്യ, ഇന്റര്‍മിലാന്‍, ചെല്‍സി ക്ലബ്ബുകളിലും പരിശീലക റോളില്‍ തിളങ്ങിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ആഴ്‌സണലിനെ നേരിടാന്‍ ലണ്ടനിലെത്തുന്ന നാപോളി കോച്ചിന് സാഹചര്യങ്ങള്‍ പരിചിതമാണ്.
ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗറിന്റെ തന്ത്രങ്ങള്‍ മുന്‍കൂട്ടി കാണാന്‍ മുന്‍പരിചയം ബെനിറ്റസിന് സഹായകമാകും. ചാമ്പ്യന്‍സ് ലീഗിലെ മരണഗ്രൂപ്പായ എഫില്‍ ആദ്യ മത്സരം ഇരു ടീമുകളും 2-1 മാര്‍ജിനില്‍ ജയിച്ചിരുന്നു. രണ്ടാം ജയത്തോടെ, ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ആഴ്‌സണലും നാപോളിയും ലക്ഷ്യമിടുന്നു.
സീസണില്‍ ആഴ്‌സണലിന്റെ റെക്കോര്‍ഡ് മികച്ചതാണ്. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി തുടരെ ഒമ്പത് മത്സരങ്ങളില്‍ വിജയിച്ചു നില്‍ക്കുകയാണ് ഗണ്ണേഴ്‌സ്. ലീഗിലെ ആദ്യ മത്സരത്തില്‍ ആസ്റ്റന്‍വില്ലയോട് പരാജയപ്പെട്ടതിന് ശേഷം ആഴ്‌സണലിന്റെ തിരിച്ചുവരവ് ഗംഭീരമായിരുന്നു. കഴിഞ്ഞ ദിവസം ലീഗില്‍ സ്വാന്‍സിയ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിതാണ് ഒടുവിലത്തെ ജയം.
ആരോണ്‍ റാംസി ഗോളടി തുടര്‍ന്നതും സെര്‍ജി നാബ്രി കന്നി പ്രൊഫണല്‍ ഗോള്‍ നേടിയതും ആഴ്‌സണലിന് നല്ല വാര്‍ത്തയായി. ഇറ്റാലിയന്‍ ക്ലബ്ബിനെതിരെ മികച്ച വിജയം സാധ്യമാകുമെന്ന ആത്മവിശ്വാസം വെംഗര്‍ക്കുണ്ട്.
നാപോളിക്കെതിരെ ജയിച്ചാല്‍ ഈ ഗ്രൂപ്പില്‍ നിന്ന് മുന്നേറാനാകും. ടീം തികഞ്ഞ ഫോമിലാണ് – ആഴ്‌സണല്‍ കോച്ച് പറഞ്ഞു. അതേ സമയം, ലുകാസ് പൊഡോള്‍സ്‌കി, സാന്റി കസോള, തിയോ വാല്‍ക്കോട്ട് പരുക്കിന്റെ പിടിയിലായത് ആഴ്‌സണലിന് തിരിച്ചടിയാണ്.
ഇറ്റലിയില്‍ അഞ്ച് ജയവും ഒരു സമനിലയുമായി നാപോളിയുടെ കുതിപ്പ് കരുത്തര്‍ക്കെല്ലാം മുന്നറിയിപ്പാണ്.
ചാമ്പ്യന്‍സ് ലീഗിലെ ആദ്യ കളിയില്‍ റണ്ണേഴ്‌സപ്പായ ബൊറുസിയ ഡോട്മുണ്ടിനെ നാപോളി കീഴടക്കിയിരുന്നു. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിനും ലോറന്‍സോ ഇന്‍സൈനുമാണ് നാപോളിയുടെ ഗോളടിയന്ത്രങ്ങള്‍.
അയാക്‌സ്- എസി മിലാന്‍
ഡച്ച് ഫുട്‌ബോളിന്റെ ചരിത്രം പേറുന്ന അയാക്‌സ് ആംസ്റ്റര്‍ഡം അരീനയില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എ സി മിലാന്‍ ഇറങ്ങുന്നു. രണ്ട് പേരും മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെട്ടതിന്റെ ക്ഷീണം അയാക്‌സിനുണ്ട്. ഒരു തിരിച്ചുവരവ് അനിവാര്യമാണ് അയാക്‌സിന്. മിലാന്‍ ആദ്യ മത്സരത്തില്‍ സ്‌കോട്ടിഷ് ക്ലബ്ബ് സെല്‍റ്റിക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.
സീരി എ ലീഗില്‍ കഴിഞ്ഞ ദിവസം സാംഡോറിയയെ ഏക ഗോളിന് കീഴടക്കിയതും മിലാന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. റഫറിയെ അവഹേളിച്ചതിന് സസ്‌പെന്‍ഷന്‍ നേരിട്ട സ്‌ട്രൈക്കര്‍ മരിയോ ബലോടെല്ലിയുടെ തിരിച്ചുവരവ് മിലാന്റെ കരുത്ത് വര്‍ധിപ്പിക്കും. അയാക്‌സിന്റെ വിജയ മോഹങ്ങള്‍ നടക്കില്ലെന്നാണ് ബലോടെല്ലി വെല്ലുവിളിച്ചത്.
ബൊറൂസിയ- മാഴ്‌സെ
ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോട്മുണ്ട് നിലവിലെ റണ്ണേഴ്‌സപ്പാണ്. ബുണ്ടസ് ലീഗയില്‍ പരാജയമറിയാതെ കുതിക്കുന്ന യുര്‍ഗന്‍ ക്ലോപിന്റെ സംഘം പക്ഷേ, ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയത് പരാജയത്തോടെ. മാഴ്‌സെയെ നേരിടാനൊരുങ്ങുന്ന ബൊറൂസിയക്ക് പഴയൊരു കണക്ക് തീര്‍ക്കാനുണ്ട്. 2011-12 സീസണില്‍ മാഴ്‌സെയുമായി കളിച്ച രണ്ട് മത്സരങ്ങളിലും ബൊറൂസിയ പരാജയപ്പെട്ടിരുന്നു.
നാപോളിക്കെതിരായ മത്സരത്തിനിടെ ഒഫിഷ്യലുകളോട് തട്ടിക്കയറിയതിന് ഒരു മത്സരത്തില്‍ സസ്‌പെന്‍ഷന്‍ ലഭിച്ച ക്ലോപിന് ഇന്ന് ടീമിനൊപ്പം ഇരിക്കാനാകില്ല. മത്സരം ഹോംഗ്രൗണ്ടിലാണെന്നത് ജര്‍മന്‍ ക്ലബ്ബിന് ഗുണകരമാണ്.
സെല്‍റ്റിക് – ബാഴ്‌സലോണ
സ്‌കോട്ടിഷ് ക്ലബ്ബിന്റെ തട്ടകത്തിലേക്ക് ബാഴ്‌സലോണയെത്തുന്നത് മെസിയില്ലാതെയാണ്. കഴിഞ്ഞ ദിവസം ലാ ലിഗ മത്സരത്തിനിടെ പരുക്കേറ്റ മെസിക്ക് രണ്ടോ മൂന്നോ ആഴ്ച വിശ്രമം ആവശ്യമാണ്. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണ അട്ടിമറിക്കപ്പെട്ടത് സെല്‍റ്റിക്കിനോടായിരുന്നു.
പതിനൊന്ന് ഗോളുകള്‍ നേടിയ മെസിയുടെ അഭാവത്തില്‍ ബാഴ്‌സ മറ്റൊരു തിരിച്ചടി ഭയക്കുന്നുണ്ട്. ജാവിയര്‍ മഷെറാനോ, ജോര്‍ഡി അല്‍ബ എന്നിവരും പരുക്കിന്റെ പിടിയിലാണ്. വെറ്ററന്‍ സെന്റര്‍ബാക്ക് കാര്‍ലസ് പ്യുയോള്‍ ദീര്‍ഘകാല പരുക്കില്‍ നിന്ന് മുക്തി നേടുന്നതേയുള്ളൂ.
സ്റ്റ്യു ബുചാറസ്റ്റ് – ചെല്‍സി
റുമാനിയന്‍ ലീഗിലെ മുന്‍നിരക്കാരായ സ്റ്റ്യു ബുചാറസ്റ്റിനെതിരെ ചെല്‍സിക്ക് ജയിച്ചേ തീരൂ. തണുപ്പന്‍ കളി പുറത്തെടുത്താല്‍ ടീമില്‍ സ്ഥാനമുണ്ടാകില്ലെന്ന ഉഗ്രശാസനയാണ് ചെല്‍സി കോച്ച് ജോസ് മൗറിഞ്ഞോ കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.
പ്രീമിയര്‍ ലീഗിലെ തിരിച്ചടികള്‍ക്ക് പുറമെ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ മത്സരത്തില്‍ ബാസലിനോട് പരാജയപ്പെട്ടതും മൗറിഞ്ഞോയെ ഉലച്ചിരുന്നു. സെന്റര്‍ ബാക്ക് ഗാരി കാഹില്‍, അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ജുവാന്‍ മാറ്റ, സ്‌ട്രൈക്കര്‍ ടോറസ് എന്നിവര്‍ക്കാണ് മൗറിഞ്ഞോ പ്രധാനമായും മുന്നറിയിപ്പ് നല്‍കിയത്. ജുവാന്‍ മാറ്റ പോയ സീസണില്‍ ചെല്‍സിയുടെ പ്ലെയര്‍ ഓഫ് ദ ഇയറായിരുന്നു.
പക്ഷേ, മൗറിഞ്ഞോയുടെ പദ്ധതിക്കനുസരിച്ച താരമാകാന്‍ മാറ്റ വിഷമിക്കുന്ന കാഴ്ചയാണ്. കഴിഞ്ഞ ദിവസം ടോട്ടനം ഹോസ്പറിനെതിരെ സമനില നേടാന്‍ സഹായിച്ചത് പകരമിറങ്ങിയ മാറ്റയുടെ പ്രകടനമായിരുന്നു. അതു കൊണ്ടു തന്നെ ഇന്ന് ആദ്യ ലൈനപ്പില്‍ മാറ്റക്ക് ഇടം ലഭിച്ചേക്കും.

Latest