Connect with us

Kasargod

വീടുകള്‍ തോറും ജൈവവള കമ്പോസ്റ്റ് യൂണിറ്റ്‌

Published

|

Last Updated

കാസര്‍കോട്: ജൈവ കൃഷി പ്രോത്സാഹിപ്പിക്കുവാനായി ഉദുമ ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തില്‍ വീടുകള്‍ തോറും ജൈവവള കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നു. സംസ്ഥാന കൃഷിവകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന ജൈവ കൃഷി പദ്ധതിയുടെ ഭാഗമായാണിത്. ആദ്യ ഘട്ടത്തില്‍ 100 ജൈവവള കുഴികള്‍ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് പരിശീലനവും നല്‍കി. കൃഷി ഭവനുകള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
രണ്ടര മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ വീതിയും ഒരു മീറ്റര്‍ ആഴവുമുള്ള കുഴികളിലാണ് ജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ടത്. ഇതിലേക്ക് വാഴത്തട, പച്ചിലകള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍ തുടങ്ങിയ ജൈവവസ്തുക്കള്‍ നിക്ഷേപിച്ച ശേഷം അതിന് മുകളിലായി പച്ച ചാണകവും നിറയ്ക്കാം. ഇത്തരത്തിലുള്ള അഞ്ച് ലെയറുകള്‍ നിറച്ച ശേഷം വായു കടക്കാത്ത രീതിയില്‍ മണ്ണ് കൊണ്ട് കുഴി മൂടുക. നാല് മാസങ്ങള്‍ക്കു ശേഷം പൂര്‍ണമായും ജൈവവളമായി മാറും. ഈ കമ്പോസ്റ്റ് പച്ചക്കറികള്‍, തെങ്ങ്, വാഴ എന്നിവയ്‌ക്കെല്ലാം വളമായി ഉപയോഗിക്കാവുന്നതാണ്. ഒരു ജൈവവള കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ചിലവ് 6000 രൂപയാണ്. ഇതില്‍ 4500 രൂപ സബ്‌സിഡിയും 1500 രൂപ ഗുണഭോക്തൃ വിഹിതവുമാണ്.
ഇതു കൂടാതെ ജൈവ കൃഷി പദ്ധതിയുടെ ഭാഗമായി നിരവധി പരിശീലന പരിപാടികള്‍, ജൈവ കൃഷി ക്ലസ്റ്റര്‍, മണ്ണിര കമ്പോസ്റ്റ് എന്നിവ ലഭ്യമാക്കാനും കൃഷിഭവന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉദുമ പഞ്ചായത്തില്‍ ഏഴ് ജൈവ കൃഷി ക്ലസ്റ്ററുകള്‍ക്ക് രൂപം നല്‍കി. 15 മുതല്‍ 25 ഹെക്ടര്‍ വരെ കൃഷിഭൂമിയുള്ള ജൈവ കൃഷിയില്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് ക്ലസ്റ്ററിന്റെ ഭാഗമാകാം. ജൈവ കൃഷിക്ക് ഒരു ക്ലസ്റ്ററിന് 75,000 രൂപയാണ് ധനസഹായം നല്‍കുന്നത്.

 

Latest