നിഷേധ വോട്ട്: എന്തിന്റെ നിഷേധമാകണം?

Posted on: October 1, 2013 1:01 am | Last updated: October 1, 2013 at 1:01 am

AS India Electionsനിഷേധ വോട്ട് ചെയ്യാന്‍ ചില പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന മൂന്നംഗ ബഞ്ച് പുറപ്പെടുവിച്ച വിധി ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നു. ഈ വിധി വഴി, മുമ്പില്ലാത്തവ പലതും ഉണ്ടായിരിക്കുന്നുവെന്ന രീതിയില്‍ അതിനെ എതിര്‍ത്തും അനുകൂലിച്ചും നടത്തുന്ന അഭിപ്രായപ്രകടനങ്ങളില്‍ നല്ലൊരു പങ്കും അജ്ഞതയോ സ്ഥാപിത താത്പര്യങ്ങളോ മൂലം ഉണ്ടായതാണ്. സര്‍ക്കാറിന്റെ ഏറെ വിവാദമായ ഒരു ഓര്‍ഡിനന്‍സിന്റെ (രണ്ട് വര്‍ഷത്തിലേറെ കാലത്തെ തടവുശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് ജനകീയ സഭകളില്‍ പ്രതിനിധിയായിരിക്കാന്‍ യോഗ്യതയില്ലെന്ന സുപ്രീം കോടതി വിധി മറികടക്കുന്നതിനുള്ള നിയമം) കൂടി പശ്ചാത്തലത്തിലാണ് ഈ വിധി പ്രസക്തമാകുന്നത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണെങ്കില്‍ ഏത്ര വലിയ ക്രിമിനല്‍ കുറ്റം ചെയ്താലും, അതിന് നീതിന്യായ കോടതികള്‍ വിചാരണ നടത്തി ശിക്ഷ വിധിച്ചാലും ‘അപ്പീല്‍’ കൊടുക്കാന്‍ വഴിയുണ്ടെങ്കില്‍ യാതൊരു തകരാറുമില്ലാതെ അധികാരത്തില്‍ തുടരാന്‍ കഴിയുമെന്ന അവസ്ഥയുണ്ടാക്കാനാണ് മേല്‍പ്പറഞ്ഞ ഓര്‍ഡിനന്‍ സ്. എന്നാല്‍, ഒരു സര്‍ക്കാര്‍ ജോലിക്കാരന്‍ ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍, ഉടനെ അയാളെ ജോലിയില്‍ നിന്നു പുറത്താക്കാന്‍ വ്യവസ്ഥയുണ്ട്. പക്ഷേ, അവരൊന്നും അധികാരരാഷ്ട്രീയത്തിന്റെ ഭാഗമാകരുതെന്ന് മാത്രം.

പാര്‍ലിമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിവിധ കക്ഷി, മുന്നണി സ്ഥാനാര്‍ഥികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരിക്കുന്നു. സമ്മതിദായകന് ഇപ്പറഞ്ഞവരില്‍ ആര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍, ആ അഭിപ്രായം പ്രകടിപ്പിക്കാന്‍ സുരക്ഷിതവും നിയമവിധേയവുമായ ഒരവസരം- നണ്‍ ഓഫ് ദ എബവ് എന്നതിന്റെ ചുരുക്കപ്പേരായ ‘നോട്ട’ ഉണ്ടാക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 2004ല്‍ പി യു സി എല്‍ എന്ന സംഘടന നല്‍കിയ ഹരജിയിലാണ് വിധി. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ ഭരണഘടനയുടെ 32-ാം വകുപ്പനുസരിച്ച് ഒരു പൗരന് സുപ്രീം കോടതിയെ സമീപിക്കാം. ആ അധികാരമുപയോഗിച്ച് കേന്ദ്ര സര്‍ക്കാറിനെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും കക്ഷിചേര്‍ത്താണ് ഹരജി നല്‍കിയത്.
തുടക്കം മുതല്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനനുകൂലമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ എതിരും. ഈ വ്യത്യാസത്തിന് തന്നെ കാരണം, ടി എന്‍ ശേഷന്‍ എന്ന ഉദ്യോഗസ്ഥനാണെന്നോര്‍ക്കുക. അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനറാകുന്നതിനു മുമ്പ് ഭരണക്കാരുടെ കൈയിലെ പാവയായിരുന്നു കമ്മീഷന്‍. എന്നാല്‍, അതൊരു പരമാധികാര ഭരണഘടനാ സ്ഥാപനമാണെന്നും കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനാധിപത്യ വ്യവസ്ഥയുടെ ആണിക്കല്ലാണ് ജനങ്ങളും തിരഞ്ഞെടുപ്പുമെന്നും അത് സ്വതന്ത്രവും നീതിയുക്തവുമാക്കാന്‍ ഒരു പരിധി വരെയെങ്കിലും നിലവിലുള്ള നിയമങ്ങള്‍ വെച്ചുകൊണ്ടുതന്നെ കഴിയുമെന്നും അദ്ദേഹം തെളിയിച്ചു. പിന്നീട് വന്ന എല്ലാ തിരഞ്ഞെടുപ്പ് കമ്മീഷനുകളും ഒരു പരിധിവരെ ‘സ്വതന്ത്ര’ നിലപാട് സ്വീകരിച്ചു. അതിനെ പിന്താങ്ങിക്കൊണ്ട് കോടതികളും മറ്റു അര്‍ധജൂഡീഷ്യല്‍ സ്ഥാപനങ്ങളും നിലപാടെടുത്തു. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെന്നു കേട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് കുറച്ച് ഭയമുണ്ടെന്ന് വന്നിരിക്കുന്നു.
സമ്മതിദാനാവകാശം മൗലികാവകാശമല്ലെന്നതിനാല്‍ ഈ ഹരജി നിലനില്‍ക്കില്ലെന്നതായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ഒരു വാദം. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് രഹസ്യാത്മകമായിരിക്കണം എന്ന വ്യവസ്ഥയുണ്ട്. അത് ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നവര്‍ക്ക് മാത്രം ബാധകമാകുന്ന ഒന്നാണെന്നും ‘ആര്‍ക്കും ഇല്ല’ എന്നു പറയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. ഒരു തിരഞ്ഞെടുപ്പില്‍ ‘ഇവരാരും സ്വീകാര്യരല്ല’ എന്നു രേഖപ്പെടുത്താനുള്ള അവകാശം തിരഞ്ഞെടുപ്പ് നടപടിച്ചട്ടങ്ങള്‍(49 ഒ വകുപ്പ്) തന്നെ നല്‍കുന്നുണ്ട്. ബൂത്തിലെത്തി പേരും മറ്റും പറഞ്ഞ് റജിസ്റ്ററില്‍ പേരും മറ്റും ചേര്‍ത്ത ശേഷം പോളിംഗ് ഓഫീസറോട് ‘ഞാനാര്‍ക്കും വോട്ട് ചെയ്യുന്നില്ല’ എന്നു പറയണം. അപ്പോള്‍ അദ്ദേഹം 17 എ എന്നൊരു ഫോറം നല്‍കും. അതില്‍ പേരും മറ്റു വിവരങ്ങളും എഴുതി സമ്മതിദായകന്‍ ഒപ്പിടണം എന്നതാണ് ഇപ്പോഴത്തെ വ്യവസ്ഥ. എന്നാല്‍, തന്റെ സമ്മതിദാനാവകാശം എങ്ങനെ വിനിയോഗിക്കപ്പെടുന്നുവെന്ന് മറ്റാരും അറിയാതിരിക്കുക എന്നത് ജനപ്രാതിനിധ്യ നിയമം 128, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍39,41, 49 (എം) 79 (ഡി) മുതലായവയുടെ ഭാഗമായുള്ള അവകാശമാണ്. ഇതെല്ലാമിവിടെ ലംഘിക്കപ്പെടുന്നു എന്നാണ് ഹരജിക്കാരന്റെ ആരോപണം.
അന്താരാഷ്ട്ര ചട്ടങ്ങളും പത്തിലേറെ വികസിത ജനാധിപത്യ രാജ്യങ്ങളില്‍ (ഫ്രാന്‍സ്, സ്വീഡന്‍, സ്‌പെയിന്‍, ബല്‍ജിയം, ബ്രസീല്‍, ഗ്രീസ്, ചിലി, ഉെക്രയിന്‍, യു എസ്, കൊളംബിയ മുതലായവ) നിലവിലുള്ള സംവിധാനങ്ങളും പരിശോധിച്ച ശേഷം സുപ്രീം കോടതി ഒരു തീരുമാനത്തിലെത്തുകയായിരുന്നു. വോട്ട് ചെയ്യാനുള്ള അവകാശം മൗലികാവകാശമല്ല എന്നതു ശരി തന്നെ. എന്നാല്‍ വോട്ട് ചെയ്യുന്നതും (ആര്‍ക്കും ചെയ്യുന്നില്ലെന്നു പറയുന്നതും) ഒരാളുടെ അഭിപ്രായപ്രകടനത്തിനുള്ള അവകാശമാണ്. (ഭരണഘടനയുടെ 19-ാം വകുപ്പ്). അത് സ്വതന്ത്രമായും സുരക്ഷിതമായും ചെയ്യാന്‍ കഴിയണം എന്നത് മൗലികാവകാശ സംരക്ഷണമാണ്. ‘നിഷേധം’ എന്നതും ഒരു അഭിപ്രായപ്രകടനമാണ്. ആര്‍ക്കും ചെയ്യേണ്ടാത്തവര്‍ വീട്ടിലിരുന്നാല്‍ പോരേ?’ എന്നായിരുന്നു സര്‍ക്കാര്‍ ഉന്നയിച്ച മറ്റൊരു വാദം. ഇവിടെ കോടതി വെട്ടിത്തുറന്നുപറഞ്ഞ ഒരു കാര്യമുണ്ട്; ഉത്തരവാദിത്വമുള്ള ഒരു പൗരന് നാട്ടിലെ ജനാധിപത്യ പ്രക്രിയയില്‍ നിന്ന് മാറി നില്‍ക്കാനാകില്ല. സ്വന്തം അഭിപ്രായം ‘ഗുണാത്മകമായി’ പ്രകടിപ്പിക്കണം. തന്നെയുമല്ല, ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്തിരുന്ന കാലത്ത് വോട്ട് ആര്‍ക്കും ചെയ്യാതെ അസാധുവാക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ ഇലക്‌ട്രോണിക് യന്ത്രം വന്നതോടെ ഈ സാധ്യതയും ഇല്ലാതായി. അത് പൗരനു തിരിച്ചു നല്‍കാനാണ് വിധി.
‘നിക്ഷ്പക്ഷത’ എന്നത് അഭിപ്രായം ഇല്ല എന്നല്ല. ജനകീയ പ്രതിനിധിസഭകളില്‍ ‘ആയെസ്’, ‘നോ’ എന്ന രണ്ടഭിപ്രായങ്ങള്‍ക്കൊപ്പം വിട്ടുനില്‍ക്കുന്നു എന്നു കൂടി രേഖപ്പെടുത്താനുള്ള അവസരമുണ്ട്. ജനപ്രതിനിധികള്‍ക്കുള്ള അവസരം, ജനങ്ങള്‍ക്കും ഉണ്ടാകേണ്ടതല്ലേ?
ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ കക്ഷികളുടെ പങ്ക് നിര്‍ണായകം തന്നെയാണ്. എന്നാല്‍ ഇന്ന് വ്യത്യസ്ത രാഷ്ട്രീയ കക്ഷികളായി പിരിഞ്ഞുനിന്ന് പോരാടുമ്പോഴും ജനങ്ങളെ ബാധിക്കുന്ന ഒട്ടനവധി വിഷയങ്ങളില്‍ ഇവര്‍ക്കെല്ലാം ഒരേ നിലപാടാണ് എന്നു കാണാം. നാടിന്റെ പല ഭാഗങ്ങളിലും നടക്കുന്ന ജനകീയ സമരങ്ങളൊക്കെ ‘കക്ഷിരാഷ്ട്രീയ’ത്തിനതീതമാകുന്നവെന്നതു തന്നെ ഇതിന്റെ ലക്ഷണമാണ്. ജനങ്ങളുടെ ഇച്ഛയെ പ്രതിനിധാനം ചെയ്യുന്നവര്‍ ആരുമില്ലെങ്കില്‍ അവരെന്തു ചെയ്യണം? വിട്ടുനിന്നാല്‍, ഇവരെയെല്ലാം അംഗീകരിക്കുന്നുവെന്ന അര്‍ഥവുമെടുക്കാമല്ലോ.
രാഷ്ട്രീയകക്ഷികള്‍ക്ക് ഇതിനോട് താത്പര്യമില്ല. ഇതിന് പല കാരണങ്ങളുമുണ്ട്. ഇന്ന് നടക്കുന്ന ഒട്ടുമിക്ക തിരഞ്ഞെടുപ്പുകളിലും ജനങ്ങളില്‍ നല്ലൊരു പങ്കും വോട്ട് ചെയ്യുന്നത് (പാര്‍ട്ടികളുടെ അനുഭാവികളൊഴിച്ച്) ‘നെഗറ്റീവ്’ആയാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തന്നെ നോക്കുക. എല്ലാവരും ഊന്നുന്നത് എതിരാളികളുടെ ദോഷങ്ങളിലാണ്. ഇരു പാര്‍ട്ടി- മുന്നണി സംവിധാനമാകുമ്പോള്‍, അവര്‍ തമ്മില്‍ സമവായമായാല്‍ തോല്‍ക്കുന്നത് ജനങ്ങളാണ്. ‘ആര്‍ അഴിമതി നടത്തണം?’ എന്ന് തീരുമാനിക്കലാകുന്നു നമ്മുടെ പണി. നിഷേധ വോട്ട് തത്കാലം നിയമപരമായി വലിയ മൂല്യമില്ലാത്ത ഒന്നാണ്. ഭൂരിപക്ഷം പേരും ‘ആരും വേണ്ട’ എന്നു പറഞ്ഞാലും ഏറ്റവുമധികം വോട്ട് നേടിയവര്‍ ജയിക്കും. എന്നാല്‍, ഈ പ്രവണത വളര്‍ന്നാല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോഴും നയങ്ങള്‍ രൂപവത്കരിച്ച് നടപ്പിലാക്കുമ്പോഴും കൂടുതല്‍ ശ്രദ്ധിക്കാന്‍ കക്ഷികള്‍ പ്രേരിതരാകും. അതായത് രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനത്തില്‍ നേതാക്കള്‍ക്കും സംഘടനക്കുമപ്പുറം ജനങ്ങള്‍ക്കും പരോക്ഷമായെങ്കിലും ഇടപെടാനാകും.
സി പി എം പോലുള്ള പുരോഗമന കക്ഷികള്‍ പോലും അത്ര അനുകൂലമായല്ല ഇതിനെ കാണുന്നതെന്ന വസ്തുത അത്ഭുതപ്പെടുത്തുന്നു. പാര്‍ട്ടികള്‍ തമ്മില്‍ വ്യക്തമായ നിലപാടുവ്യത്യാസമുണ്ടായിരുന്ന കാലത്താണ് ‘ഏത് കുറ്റിച്ചൂലിനെ’ പാര്‍ട്ടി നിര്‍ത്തിയാലും ജയിക്കുന്ന അവസ്ഥയുണ്ടായിരുന്നത്. ഇടതുപക്ഷം ആവശ്യപ്പെടുന്ന ‘ആനുപാതിക പ്രാതിനിധ്യം’ പ്രശ്‌നമാകുന്നതും ഇവിടെയാണ്. ഓരോ പാര്‍ട്ടിക്കും ജനങ്ങള്‍ വോട്ട് ചെയ്യുക. കിട്ടുന്ന വോട്ടിനാനുപാതികമായി അവര്‍ അംഗങ്ങളെ സഭയിലേക്കയക്കുക. ഇതാണ് രീതി. പക്ഷേ, ഇന്നത് അബദ്ധമാകും. ‘പാര്‍ട്ടിക്കിഷ്ടമുള്ളവര്‍’ മാത്രം അധികാരത്തിലെത്തും. പാര്‍ട്ടികള്‍ ഒന്നും തന്നെ ജനാധിപത്യപരമായല്ല ഇന്ന് പ്രവര്‍ത്തിക്കുന്നതെന്ന വസ്തുതയും ഓര്‍ക്കുക. ചുരുക്കത്തില്‍ ഈ പുതിയ സംവിധാനങ്ങള്‍ ജനങ്ങള്‍ പ്രയോജനപ്പെടുത്തുക വഴി രാഷ്ട്രീയ കക്ഷികള്‍ക്ക് മേല്‍ ചില സമ്മര്‍ദങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയും.
ഇതുകൊണ്ട് എല്ലാമായി എന്നാരും പറയുന്നില്ല. ചെറിയ മാറ്റങ്ങളാണെങ്കിലും അതിനെ മറ്റു ന്യായങ്ങള്‍ പറഞ്ഞ് തടയാന്‍ ശ്രമിക്കുന്നത് ശരിയാണോ? ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശം വേണമെന്നു വരെയുള്ള ആവശ്യങ്ങള്‍ ഉയരുന്ന ഒരു കാലമാണിത്. ഈ വിധി പുതിയതൊന്നും കൊണ്ടുവരുന്നില്ലെങ്കിലും പൗരന്മാര്‍ക്ക് ചില അവകാശങ്ങളുണ്ടെന്ന് ഓര്‍മിപ്പിക്കുന്നുണ്ട് എന്ന അര്‍ഥത്തില്‍ സ്വാഗതാര്‍ഹമാണ്. ടി എന്‍ ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനറായപ്പോഴും പല രാഷ്ട്രീയ കക്ഷികളും മുറുമുറുത്തതാണ്. പിന്നീട് അതൊന്നും കേട്ടില്ല. ഇവിടെയും ജനങ്ങള്‍ ഉണര്‍ന്നുചിന്തിച്ചാല്‍ മാറ്റങ്ങളുണ്ടാകും. ചുരുക്കത്തില്‍ ഇത് കേവല നിഷേധമല്ല, മറിച്ച് നിര്‍മാണാത്മകവുമാക്കാം.