Connect with us

International

ഇറാഖില്‍ സ്‌ഫോടന പരമ്പര; നിരവധി പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ കനത്ത ബോംബ് സ്‌ഫോടന പരമ്പര. ശിയാ വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന സദ്ര്‍ നഗരത്തിലാണ് ആക്രമണങ്ങള്‍ ഉണ്ടായത്. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രത്തിലെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തുണ്ടായ സ്‌ഫോടനങ്ങളില്‍ 54 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. നൂറ് കണക്കിനാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും മരണ സംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനികരെ ലക്ഷ്യം വെച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നും രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സൈനിക വക്താക്കള്‍ അറിയിച്ചു.

സദ്ര്‍ നഗരത്തിലടക്കം ഇറാഖില്‍ ഇന്നലെ സമാനമായ 14 കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. വടക്കന്‍ ബഗ്ദാദിലെ ശൗല, ന്യൂ ബഗ്ദാദ്, ഹബീബിയ, സ്വബാ അല്‍ ബൗര്‍, ഖാസിമീയ, ശാബ്, ഉര്‍ എന്നി നഗരങ്ങളിലും ഉഗ്ര സ്‌ഫോടനങ്ങള്‍ ഉണ്ടായി. ആക്രമണത്തിന് പിന്നില്‍ അല്‍ഖാഇദയുടെ നേതൃത്വത്തിലുള്ള സംഘടനകളാണെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. രാജ്യത്ത് തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് സഅദ് മഅന്‍ വ്യക്തമാക്കി.

സദ്ര്‍ നഗരത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖബറടക്ക ചടങ്ങിനിടെയുണ്ടായ ഈ സ്‌ഫോടനത്തിന് പിന്നാലെ വ്യാപക ആക്രമണങ്ങളും സ്‌ഫോടനങ്ങളുമാണ് അരങ്ങേറിയത്. ഞായറാഴ്ച രാത്രി തെക്കന്‍ ഇറാഖിലെ ശിയാ പള്ളിയില്‍ ശക്തമായ സ്‌ഫോടനം ഉണ്ടായിരുന്നു. ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയിട്ടുണ്ടെന്ന് പ്രാദേശിക സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു.
2008ന് ശേഷം രാജ്യത്ത് വിഭാഗീയ ആക്രമണങ്ങള്‍ രൂക്ഷമായിട്ടുണ്ടെന്നും ഈ വര്‍ഷം മാത്രം രാജ്യത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം അയ്യായിരം കവിഞ്ഞിട്ടുണ്ടെന്നും യു എന്‍ വക്താക്കള്‍ അറിയിച്ചു. ഇറാഖ് സര്‍ക്കാറിന്റെ പക്ഷപാതപരമായ നിലപാടാണ് ആക്രമണത്തിന് കാരണമാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

 

---- facebook comment plugin here -----

Latest