Connect with us

Kerala

ബയോടെക്‌നോളജിയുമായി കേരളത്തിന്റെ പരമ്പരാഗത ചികിത്സാരീതികളെ യോജിപ്പിക്കണം: സോണിയ

Published

|

Last Updated

തിരുവനന്തപുരം: ചികിത്സാരംഗത്ത് കേരളത്തിന്റെ തനതും പരമ്പരാഗതവുമായ രീതികളുമായി ബയോടെക്‌നോളജിയെ കൂട്ടിയിണക്കിയാല്‍ കൃത്യമായ രോഗനിര്‍ണയത്തിനും ശുശ്രൂഷയിലെ മുന്നേറ്റത്തിനും വഴിതെളിക്കുമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. രാജീവ് ഗാന്ധി സെന്റ ര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ആക്കുളം ക്യാമ്പസില്‍ നിര്‍മാണം തുടങ്ങുന്ന ബയോ ഇന്നൊവേഷന്‍ സെന്ററിന് ശിലയിട്ട് സംസാരിക്കുകയായിരുന്നു യു പി എ അധ്യക്ഷ സോണിയാ ഗാന്ധി.

ബയോ ഇന്നൊവേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി എസ് ജയ്പാല്‍ റെഡ്ഢി പറഞ്ഞു. സെന്ററിന്റെ പ്രവര്‍ത്തനത്തിന് പണം തടസ്സമാകില്ലെന്നും ആവശ്യമായ എല്ലാ സഹായവും തുടര്‍ന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും റെഡ്ഢി വ്യക്തമാക്കി. കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, ശശി തരൂര്‍, സംസ്ഥാന ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, എം എല്‍ എമാരായ രമേശ് ചെന്നിത്തല, എം എ വാഹിദ്, ആര്‍ ജി സി ബി ഡയറക്ടര്‍ പ്രൊഫ. എം രാധാകൃഷ്ണ പിള്ള, ചീഫ് കണ്‍ട്രോളര്‍ കെ എം നായര്‍ പങ്കെടുത്തു.

ക്യാന്‍സര്‍ വാക്‌സിനുകളും ബന്ധപ്പെട്ട മറ്റ് ഉത്പന്നങ്ങളും നാനോ ഡ്രഗ്‌സ് വിതരണ സംവിധാനവും ഉള്‍പ്പെടെയുള്ളവ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രമായും നോളജ് സെന്ററായുമാണ് ബയോ ഇന്നൊവേഷന്‍ സെന്ററിന്റെ ആദ്യഘട്ടം പ്രവര്‍ത്തിക്കുക. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ബിരുദ, ബിരുദാനന്തര ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കായി ലോകനിലവാരത്തില്‍ ബയോടെക്‌നോളജിയില്‍ വിദ്യാഭ്യാസവും പരിശീലനവും ഈ കേന്ദ്രം വഴി നല്‍കും.
ആദ്യ ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന 1.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം 2016ല്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് കരുതുന്നത്.