Connect with us

Ongoing News

വാഹന പരിശോധന: ജില്ലയില്‍ 116 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

മാനന്തവാടി: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധനയില്‍ നിയമ ലംഘനം നടത്തിയ 116 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
60000 ത്തോളം രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു. ഹെല്‍മറ്റ് ധരിക്കാതേയും അമിത വേഗത്തിലും യാത്രചെയ്യുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയോ,1000 രൂപ പിഴ ഈടാക്കുകയോ ചെയ്യണമെന്ന ഉത്തരവിനെ തുടര്‍ന്ന് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയതോടെയാണ് നിയമം ലംഘിച്ച് വാഹനമോടിക്കുന്നവര്‍ പിടിയിലായത്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചവരുടേയും അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരേയുമാണ് പ്രധാനമായും ഇപ്പോള്‍ പരിശോധിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസം നടത്തിയ പരിശോധനയില്‍ മാത്രമാണ് 116 പേരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തത്.
അമിത വേഗതയിലും ആവശ്യമായ രേഖകളില്ലാതേയും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍, ഓട്ടോറിക്ഷയുടെ ഡ്രെവര്‍ സീറ്റില്‍ രണ്ട് പേര്‍ യാത്രചെയ്യല്‍, എന്നിവക്കെതിതേയും ജില്ലയില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ആവശ്യമായ ഫിറ്റ്‌നസ് ഇല്ലാതെ മാനന്തവാടി- നിരവില്‍പ്പുഴ റുട്ടില്‍ സര്‍വ്വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ്സിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും സര്‍വ്വീസ് നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരല്ലാതെ പുറമേ നിന്നൊരാള്‍ നല്‍കുന്ന നിയമലംഘനങ്ങളുടെ ഫോട്ടോയെയോ, വീഡിയോയോ അടിസ്ഥാനമാക്കി കേസെടുക്കുന്ന ” തേഡ് ഐ ” സംവിധാനവും ജില്ലയില്‍ ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിലും പരിശോധനകള്‍ ഗൗരവമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേ സമയം ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് പോലീസ് വകുപ്പിന് നിര്‍ദ്ദേശങ്ങള്‍ ഒന്നും ലഭിക്കാത്തതിനാല്‍ പിഴ ഈടാക്കി വിട്ടയക്കുകയാണ് ചെയ്യുന്നത്. മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയതോടെ നിയമലംഘനം നടത്തുന്നവുടെ എണ്ണം നാലിലൊന്നായി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Latest