Connect with us

Kerala

ഫയാസിന്റെ ബിസിനസ് പങ്കാളിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

Published

|

Last Updated

തലശ്ശേരി: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പിടിയിലുള്ള മാഹി ഈസ്റ്റ് പള്ളൂരിലെ തൊണ്ടന്റവിട പി കെ ഫയാസിന്റെ നാട്ടിലും ദുബൈയിലുമായുള്ള ബിസിനസ് പങ്കാളി അശ്‌റഫിന്റെ തലശ്ശേരിയിലെ വീട്ടില്‍ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. കുയ്യാലിയിലെ എം സി റിവര്‍സൈഡ് എന്‍ക്ലേവിലുള്ള അശ്‌റഫിന്റെ 59ാം നമ്പര്‍ വീട്ടില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ഓഫീസുകളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. സൂപ്രണ്ട് പത്മരാജന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഏതാനും ഫോട്ടോകളും ഇന്‍കംടാക്‌സുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തതായി സൂചനയുണ്ട്. അഞ്ച് വാഹനങ്ങളിലായെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ ആറിനാണ് തലശ്ശേരി, കൊളശ്ശേരി റോഡിലുള്ള എന്‍ക്ലേവിലെത്തിയത്. പൂട്ടിയിട്ട വീട് കെയര്‍ടേക്കറില്‍ നിന്ന് താക്കോല്‍ വാങ്ങി തുറന്നു. അയല്‍ക്കാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. റെയ്ഡ് നടപടികള്‍ എട്ട് മണി വരെ നീണ്ടു. പിന്നീട് ഇന്നലെ രാവിലെ 11 മണിയോടെ അശ്‌റഫിന്റെ ഭാര്യ വീടായ താഴെ പൂക്കോട്ടെ കുനിയില്‍ മമ്മൂട്ടിയുടെ വസതിയിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇവിടെ നിന്ന് ചില രേഖകള്‍ കണ്ടെത്തിയതായും സൂചനയുണ്ട്.
തലശ്ശേരിയില്‍ നിരവധി ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന അശ്‌റഫ് ഇപ്പോള്‍ കുടുംബത്തോടൊപ്പം ദുബൈയിലാണുള്ളത്. പെരിങ്ങത്തൂര്‍ സ്വദേശിയാണ് ഇദ്ദേഹം. ദുബൈയില്‍ ഗാര്‍മെന്റ്‌സ് ഷോപ്പും മൊബൈല്‍ ഫോണ്‍ ഷോറൂമും നടത്തുന്ന ഇയാള്‍ക്ക് ഗോള്‍ഡ് മെഡലിസ്റ്റ് എക്‌സിം എന്ന പേരില്‍ അവിടെ മറ്റൊരു സ്ഥാപനവുമുണ്ട്. ദുബൈയില്‍ നിന്ന് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ വാങ്ങി നാട്ടിലേക്ക് അയച്ചിരുന്നത് ഈ കമ്പനിയുടെ പേരിലാണത്രെ. ഫയാസാണ് ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. പണം മുടക്കുന്നത് അശ്‌റഫും. തലശ്ശേരി, മാഹി, കോഴിക്കോട് ഭാഗങ്ങളില്‍ പോലീസിലും രാഷ്ട്രീയ നേതൃത്വത്തിലും ഏറെ സ്വാധീനമുള്ള ഫയാസിന് വിപുലമായ സുഹൃദ്ബന്ധങ്ങളുമുണ്ട്. ഇയാളുടെ വേരുകള്‍ തേടിയുള്ള കസ്റ്റംസിന്റെ അന്വേഷണമാണ് ബിസിനസ് പങ്കാളി അശ്‌റഫില്‍ എത്തിനില്‍ക്കുന്നത്.
ഒന്നാം പ്രതിയായി അശ്‌റഫ് വന്നേക്കുമെന്നാണ് സൂചനകള്‍. അശ്‌റഫ് വഴി സ്വര്‍ണക്കടത്ത് നടത്തിയ ഫയാസും ഫയാസിന്റെ അനുജന്‍ ഫൈസലും രണ്ടും മൂന്നും പ്രതികളാകും. ദുബൈയില്‍ നിന്ന് ഫയാസ് നാട്ടിലെത്തിക്കുന്ന സ്വര്‍ണം ഫൈസലാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നതത്രെ.
അശ്‌റഫിന് തലശ്ശേരിയിലെ ലോഗന്‍സ് റോഡില്‍ ഇലക്ട്രിക് സ്വിച്ച് വിതരണ സ്ഥാപനവും കൊളശ്ശേരിക്കടുത്ത് ജി എം സ്വിച്ചസ് എന്ന പേരില്‍ നിര്‍മാണ കമ്പനിയുമുണ്ട്. ഇവിടങ്ങളിലും ബന്ധമുള്ള മറ്റ് സ്ഥാപനങ്ങളിലും കസ്റ്റംസ് പരിശോധന നടത്തും.

---- facebook comment plugin here -----

Latest