Connect with us

Malappuram

ഫണ്ട് ലഭിക്കുന്നില്ല ഇന്ദിര ആവാസ് ഗുണഭോക്താക്കളുടെ വീട് നിര്‍മാണം പാതി വഴിയില്‍

Published

|

Last Updated

വണ്ടൂര്‍: ഭവനനിര്‍മാണ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫണ്ട് ലഭിക്കാത്തതിനാല്‍ വീട് നിര്‍മാണ പ്രവൃത്തികള്‍ പാതിവഴിയില്‍. പോരൂര്‍ പഞ്ചായത്തിലെ മുതീരി ഉരുളന്‍ചേരി നാല് സെന്റ് കോളനിയിലെ വീടുകളുടെ നിര്‍മാണ പ്രവൃത്തിയാണ് കഴിഞ്ഞ ആറ് മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്നത്.
പോത്തലക്കല്‍ സുന്ദരന്‍, ഉരുളന്‍ചേരി പാപ്പാത്തി, ഉരുളന്‍ചേരി കുമാര്‍, വെള്ളുര്‍ മഠത്തില്‍ സുന്ദരി, തരിയന്‍ മണി എന്നിവരുടെ വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികളാണ് കഴിഞ്ഞ ആറ് മാസത്തിലേറെയായി പാതിവഴിയില്‍ നിലച്ചിരിക്കുന്നത്. പടവുകള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും മേല്‍ക്കൂരയുടെ പണി തുടങ്ങിയിട്ടുപോലുമില്ല. ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം എസ് ടി കുടുംബങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപയും, എസ് സി ജനറല്‍ വിഭാഗം കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്.എന്നാല്‍ ഇതില്‍ 1,25,000 രൂപ മാത്രമാണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ളത്. ബാക്കി തുക ഇതുവരെ ലഭിക്കാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തികളും സ്തംഭിച്ചിരിക്കുകയാണ്.
വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് കല്ല്, സിമന്റ്, കമ്പി, മണല്‍, കട്ട എന്നിവയെല്ലാം കടംവാങ്ങിയും മറ്റുമാണ് ഉപയോഗപ്പെടുത്തിയത്. നിര്‍മാണം പാതിവഴിയില്‍ എത്തിയപ്പോഴാണ് ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത്. നിലവിലുള്ള കുടിലുകള്‍ പൊളിച്ചുമാറ്റിയാണ് ഇവര്‍ വീട് നിര്‍മാണം ആരംഭിച്ചത്. മഴക്കാലം ആയതോടെ ദുരിതം ഇരട്ടിയായി.
വീട് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ശ്രമിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. അതെസമയം സര്‍ക്കാര്‍ അനുവദിച്ച രണ്ട് ലക്ഷം പൂര്‍ണമായി ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും 1,61,500 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും വീടുകളുടെ നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനായ സുബൈര്‍ പറഞ്ഞു. ഫണ്ട് ലഭിക്കുകയാണെങ്കില്‍ ബാക്കി പണികൂടി ഉടന്‍പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കരാറുകാരന്‍ പറഞ്ഞു.

Latest