Connect with us

Kerala

റിസര്‍വ് കണ്ടക്ടര്‍: പ്രതിസന്ധിക്ക് പരിഹാരമായില്ല

Published

|

Last Updated

തിരുവനന്തപുരം : കെ എസ് ആര്‍ ടി സിയിലെ റിസര്‍വ് കണ്ടക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കണമെന്ന് പി എസ് സിയും ഇപ്പോള്‍ ഒഴിവില്ലെന്ന നിലപാടില്‍ കെ എസ് ആര്‍ ടി സിയും നില്‍ക്കുകയാണ്. പ്രശ്‌നപരിഹാരത്തിനുള്ള ഒരു ഫോര്‍മുലയും ഉരുത്തിരിഞ്ഞിട്ടുമില്ല. നിയമനശിപാര്‍ശ നല്‍കുന്നവര്‍ക്കെല്ലാം നിയമനം നല്‍കാന്‍ കെ എസ് ആര്‍ ടി സി ബാധ്യസ്ഥമാണെന്നാണ് പി എസ് സിയുടെ നിലപാട്.

3,808 തസ്തികകളിലാണ് ഒഴിവുള്ളതെന്ന് കെ എസ് ആര്‍ ടി സിയും വ്യക്തമാക്കുന്നു. ഇതോടെ നിയമന ശിപാര്‍ശ ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ വട്ടം കറങ്ങുമെന്ന് ഉറപ്പ്. 2011 ജൂണില്‍ 876 ഉം ആഗസ്റ്റില്‍ 8140 ഉള്‍പ്പെടെ 9,016 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതുപ്രകാരം പരീക്ഷ നടത്തി പി എസ് സി 52,421 പേരുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചു. എന്നാല്‍, കോര്‍പറേഷനില്‍ ഇപ്പോള്‍ 3,808 ഒഴിവുകള്‍ മാത്രമേ ഉള്ളൂവെന്ന് പി എസ് സിയെയും കെ എസ് ആര്‍ ടി സി സര്‍ക്കാറിനെയും അറിയിക്കുകയായിരുന്നു.
ഇടതു സര്‍ക്കാറിന്റെ കാലത്ത് പ്രതിവര്‍ഷം ആയിരം ബസുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ഇത്രയധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനുശേഷം പത്ത് വര്‍ഷം ജോലി ചെയ്ത മൂവായിരത്തോളം എം പാനല്‍ കണ്ടക്ടര്‍മാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തി. ഈ സാഹചര്യത്തിലാണ് 3808 ഒഴിവുകള്‍ മാത്രമാണ് നിലവിലുള്ളതെന്ന് കെ എസ് ആര്‍ ടി സിയെ അറിയിച്ചത്.
ആദ്യ ഘട്ടമെന്ന നിലയില്‍ 9,300 ഉദ്യോഗാര്‍ഥികളില്‍ 3800 പേര്‍ക്ക് നിയമന ശിപാര്‍ശ നല്‍കിക്കഴിഞ്ഞു. ഈ ആഴ്ച 5,500 പേര്‍ക്കുകൂടി നിയമന ശിപാര്‍ശ അയക്കാനാണ് തീരുമാനം.
രണ്ടാം ഘട്ടത്തില്‍ അഡൈ്വസ് മെമ്മോ അയക്കുന്നവര്‍ക്ക് നിയമനം നല്‍കണമെങ്കില്‍ കെ എസ് ആര്‍ ടി സിയില്‍ ജോലി ചെയ്യുന്ന എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടേണ്ടിവരും. ഇതിനുള്ള ആലോചനകള്‍ കെ എസ് ആര്‍ ടി സി തുടങ്ങിയിട്ടുണ്ട്.
5,500 ഓളം എം പാനലുകാരാണ് നിലവില്‍ ജോലി നോക്കുന്നത്. പി എസ് സി പരീക്ഷയെഴുതി ലിസ്റ്റില്‍ ഇടം നേടിയവരെയും സജീവമായി ജോലിക്കു വരാത്തവരെയും ഒഴിവാക്കി നിര്‍ത്തിയാല്‍ ഏതാണ്ട് നാലായിരത്തോളം പേര്‍ക്ക് കെ എസ് ആര്‍ ടി സിയുടെ തീരുമാനം വിനയാകും. എം പാനലുകാരുടെ സീനിയോറിറ്റി അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി പിരിച്ചുവിടാനാണ് സാധ്യത.
നിയമന ശിപാര്‍ശ നല്‍കിയാല്‍ 45 ദിവസത്തിനകം ജോലി നല്‍കിയിരിക്കണമെന്നാണ് ചട്ടം. ഇല്ലെങ്കില്‍ അഡൈ്വസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടാകും. അതിനാല്‍, എംപാനലുകാരെ ഒഴിവാക്കി അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം നല്‍കാന്‍ നിര്‍ബന്ധിതമാകും.