അടക്കാക്കുണ്ട് മലയിടിച്ചില്‍; പാറ നീക്കം ചെയ്ത് തുടങ്ങി

Posted on: September 20, 2013 12:35 pm | Last updated: September 20, 2013 at 12:35 pm

കാളികാവ്: അടക്കാക്കുണ്ട് എഴുപതേക്കര്‍ റോഡില്‍ മലയിടിച്ചിലിനെ തുടര്‍ന്ന് അടര്‍ന്ന് വീണ പാറ നീക്കം ചെയ്യാന്‍ നടപടികള്‍ തുടങ്ങി. പാറ കഷ്ണങ്ങളായി പൊട്ടിക്കാന്‍ കഴിയാത്തതിനാല്‍ ദ്രവിപ്പിച്ച് നീക്കം ചെയ്യാനാണ് നടപടികള്‍ ആരംഭിച്ചത്. പാരിസ്ഥിതിക ദുര്‍ബലപ്രദേശമായതിനാലും, ജനവാസ കേന്ദ്രമായതിനാലും, റോഡില്‍ വിള്ളല്‍ വീണതിനാലും, തൊട്ടടുത്ത പാറകള്‍ ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് അടര്‍ത്തിയെടുക്കാനാണ് തീരുമാനം.
വണ്ടൂരിലെ മിഹ്‌റാജ് കണ്‍സ്ട്രക്ഷന്‍ കമ്പനിയെയാണ് പാറ നീക്കം ചെയ്യുന്നതിന് റവന്യു വകുപ്പ് ചുമതല നല്‍കിയിരിക്കുന്നത്. ഇരുപതിലധികം മീറ്റര്‍ വ്യാസമുളള പാറയില്‍ മുപ്പതോളം കുഴികള്‍ എടുത്ത് രാസവസ്തുക്കള്‍ നിറച്ച് തുടങ്ങി. രാസ വസ്തു തീര്‍ന്നതിനാല്‍ തമിഴ് നാട്ടിലെ സേലത്ത് നിന്നും കൊണ്ട് വന്ന് അടുത്ത ദിവസം തന്നെ നടപടികള്‍ പൂര്‍ത്തീകരിക്കും.
മൂന്ന് ദിവസത്തിനകം പാറ പൊട്ടിച്ച് തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പാറയുടെ കാഠിന്യം കാരണം രാസവസ്തുക്കള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നത് വൈകും.
അതേസമയം ഗതാഗതം മുടങ്ങാനിടയായത് ജനങ്ങള്‍ക്ക് ദുരിതമായിട്ടുണ്ട്. കഴിഞ്ഞ ദിവസം മാഞ്ചോലയിലെ മധ്യവയസ്‌കനെ ഹൃദയാഘാതത്തെ തുടര്‍ന്ന് അവശനായതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ ഗതഗതം മുടങ്ങിയത് ഏറെ പ്രയാസത്തിലാക്കി.