മര്‍കസ് ഗാര്‍ഡന്‍ ബിരുദ ദാന സമ്മേളനം ജനുവരി 1, 2, 3 തിയ്യതികളില്‍

Posted on: September 18, 2013 10:20 pm | Last updated: September 18, 2013 at 10:20 pm

പൂനൂര്‍: മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ടിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദീനതുന്നൂര്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ യുവ പണ്ഡിതര്‍ക്കുള്ള ബിരുദ ദാന സമ്മേളനം 2014 ജനുവരി 1, 2, 3 തിയ്യതികളില്‍ നടക്കും. ഇന്റര്‍നാഷണല്‍ അക്കാദമിക് കോണ്‍ഫറന്‍സ്, അന്താരാഷ്ട്ര ഫിഖ്ഹ് കോണ്‍ഗ്രസ്, നൂറാനി അലുംനസ് കോണ്‍ഗ്രഗേഷന്‍, പ്രാസ്ഥാനികസംഘടന കൂട്ടായ്മ, ദഅ്‌വത്ത് വര്‍ക്ക്‌ഷോപ്പ് തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികള്‍ക്ക് പുറമെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് വ്യക്തിത്ത്വങ്ങളുമായുള്ള വിദ്യാര്‍ത്ഥി സംവാദങ്ങളും സമ്മേളനത്തില്‍ സംഘടിപ്പിക്കപ്പെടുമെന്ന് ഡയറക്ടര്‍ എ.പി അബ്ദുല്‍ ഹകീം അസ്ഹരി അറിയിച്ചു. സമ്മേളനത്തിന്റെ വിപുലമായ നടത്തിപ്പിന് ഒക്‌ടോബര്‍ 18 ന് വെള്ളിയാഴ്ച്ച സ്വാഗത സംഘം രൂപീകരിക്കും. കാശ്മീര്‍, ഡെല്‍ഹി, യു.പി, ഒറീസ, പശ്ചിമബംഗാള്‍, ആസാം, ബീഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ബ്രിട്ടന്‍, തുര്‍ക്കി, യമന്‍, സൗദി അറേബ്യ, യു.എ.ഇ, മലേഷ്യ, സിങ്കപ്പൂര്‍, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാഷ്ട്രങ്ങളിലും നൂറാനികള്‍ ദഅ്‌വ പ്രവര്‍ത്തനം നടത്തുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സമ്മേളനത്തിന് മുന്നോടിയായി ദഅ്‌വത്ത് മീറ്റ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതിനുള്ള സ്വാഗത സംഘം രൂപീകരണം ഈ മാസം ഡല്‍ഹിയില്‍ വെച്ച് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.