ഇ കെ വിഭാഗം യുവ നേതാക്കളെ നിലക്കുനിര്‍ത്തണമെന്ന് ലീഗ്

Posted on: September 18, 2013 11:22 am | Last updated: September 18, 2013 at 11:22 am

മലപ്പുറം: ഇ കെ സുന്നി വിഭാഗം യുവ നേതാക്കളെ നിലക്കുനിര്‍ത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്. ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ ഇ കെ വിഭാഗം പരസ്യ പ്രസ്താവനകളുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് നേതാക്കളോട് നാവടക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടത്. ഇടഞ്ഞു നില്‍ക്കുന്ന ഇ കെ വിഭാഗത്തെ അനുനയിപ്പിക്കുന്നതിന് തിങ്കളാഴ്ച രാത്രി പാണക്കാട് ഇരു വിഭാഗവും യോഗം ചേര്‍ന്നിരുന്നു. മുസ്‌ലിം ലീഗിനെ ചെറുതാക്കിയുള്ള ഇ കെ വിഭാഗത്തിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശമാണ് യോഗത്തിലുണ്ടായത്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പോലും അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് ഇ കെ വിഭാഗത്തിലെ യുവനേതാക്കള്‍ നടത്തുന്നതെന്നും പരാതി ഉയര്‍ന്നു.
ലീഗ് നേതൃത്വം ഇ കെ വിഭാഗത്തിന്റെ നയങ്ങളെ വകവെക്കാതിരിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി വിമര്‍ശങ്ങളും ആക്ഷേപങ്ങളും ഉയര്‍ത്തിയിരുന്നു. ഇതിനെയാണ് ലീഗ് നേതാക്കള്‍ ചോദ്യം ചെയ്തത്. കൂടാതെ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കൈ വെട്ടുമെന്ന് എസ് കെ എസ് എഫ് നേതാവ് നാസര്‍ ഫൈസി കൂടത്തായി പൊതുവേദിയില്‍ പ്രസംഗിച്ചതും യോഗത്തില്‍ ചര്‍ച്ചയായി. കൂടത്തായിയുടെ പ്രസംഗം അപമാനകരമായിപ്പോയെന്ന് ലീഗ് നേതൃത്വം ഇ കെ വിഭാഗം നേതാക്കളെ ധരിപ്പിച്ചു. അനാവശ്യ വിവാദങ്ങളിലേക്ക് ലീഗിനെ വലിച്ചിഴക്കുക വഴി പാണക്കാട് തങ്ങളുടെ നേതൃത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലാണ് ചില യുവജന നേതാക്കള്‍ പെരുമാറുന്നത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ലീഗ് നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പരസ്യ പ്രസ്താവനകള്‍ നടത്തിയവരെ താക്കീത് ചെയ്യുമെന്നും മുസ്‌ലിംലീഗിന് ക്ഷീണമുണ്ടാക്കുന്ന വിധത്തിലുള്ള നീക്കങ്ങള്‍ ഇനി ഉണ്ടാകില്ലെന്നും ഇ കെ നേതാക്കള്‍ ഉറപ്പ് നല്‍കി. വാക്കാലുള്ള ധാരണകള്‍ പലവട്ടവും ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ ഇത്തവണ ഇരു പക്ഷവും യോഗത്തിലെടുത്ത തീരുമാനങ്ങള്‍ എഴുതി തയ്യാറാക്കിയിട്ടുണ്ട്.
കണ്ണൂരിലെ ഓണപറമ്പില്‍ എ പി വിഭാഗത്തിന്റെ സ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കുകയും പ്രവര്‍ത്തകരെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇടപെട്ട് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നായിരുന്നു കൂടത്തായിയുടെ പ്രസംഗം. അനുമതിയില്ലാതെ പൊതുയോഗം നടത്തിയതിനും മന്ത്രി ആര്യാടന്റെ കൈ വെട്ടുമെന്ന് പൊതുവേദിയില്‍ പ്രസംഗിച്ചതിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ലീഗ് മന്ത്രിമാര്‍ എ പി സുന്നി വിഭാഗത്തിന്റെ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതും ഇവരുടെ വാദങ്ങളെ തള്ളുന്നതുമാണ് നേതാക്കള്‍ക്കെതിരെ പ്രസ്താവന നടത്താന്‍ കാരണം. ഇതേത്തുടര്‍ന്നാണ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട്ട് യോഗം ചേര്‍ന്നത്.
കഴിഞ്ഞ കാലങ്ങളില്‍ ഇരുകൂട്ടരും തമ്മില്‍ നിലനിന്നിരുന്ന സൗഹൃദം തുടര്‍ന്നും നിലനിര്‍ത്താനും അതിനു വിള്ളലുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ പക്ഷത്ത് നിന്നുമുണ്ടാകാന്‍ പാടില്ലെന്നും തീരുമാനിച്ചു. പാര്‍ട്ടി മുഖപത്രമായ ‘ചന്ദ്രിക’ എ പി വിഭാഗത്തിന്റെ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുകയും ഇ കെ വിഭാഗത്തിന്റെ വാര്‍ത്തകള്‍ തമസ്‌കരിക്കുകയുമാണെന്ന് വിമര്‍ശമുണ്ടായി. പരാതികള്‍ പരിഹരിക്കാമെന്ന ഉറപ്പിന്‍മേലാണ് യോഗം പിരിഞ്ഞത്.
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, എം പി അബ്ദുസ്സമദ് സമദാനി, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, കെ പി എ മജീദ്, സി കോയക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം ടി അബ്ദുല്ല മുസ്‌ലിയാര്‍, പി കെ പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സി കെ എം സാദിഖ് മുസ്‌ലിയാര്‍, എം സി മായിന്‍ ഹാജി, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, കെ മമ്മദ് ഫൈസി, അബ്ദുര്‍റഹ്മാന്‍ കല്ലായി, ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ് ഫൈസി, എസ് കെ ഹംസ ഹാജി, പി എ ജബ്ബാര്‍ ഹാജി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.