കെഎസ്ആര്‍ടിസി: സപ്ലൈക്കോയില്‍ നിന്ന് ഡീസല്‍ വാങ്ങും

Posted on: September 18, 2013 10:03 am | Last updated: September 19, 2013 at 12:35 am

ksrtc

കെ എസ് ആര്‍ ടി സിയിലെ ഇന്ധന പ്രതിസന്ധി തീര്‍ക്കാന്‍ റീട്ടെയില്‍ വിലക്ക് സിവില്‍ സപ്ലൈസ് വഴി ഡീസല്‍ വാങ്ങുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ഡീസല്‍ വിലയുമായി ബന്ധപ്പെട്ട് എണ്ണക്കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി കെ എസ് ആര്‍ ടി സിയുടെ 67 പമ്പുകള്‍ സപ്ലൈക്കോക്ക് നല്‍കും. ഇതിനായുള്ള കേന്ദ്ര അനുമതിക്ക് ശ്രമിക്കും. സര്‍ക്കാറിന്റെ നിര്‍ദേശങ്ങളോട് എണ്ണക്കമ്പനികള്‍ അനുകൂലമായാണ് പ്രതികരിച്ചത് എന്നും ആര്യാടന്‍ പറഞ്ഞു.

നിലവിലെ പ്രതിസന്ധികളില്‍ ഏതെങ്കിലും സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ല. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഇന്നലെ 4736 ബസുകളാണ് നിരത്തിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 4533, 2011ല്‍ 4275 ബസുകളാണ് നിരത്തിലറ്റിയത്. ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും വെട്ടിക്കുറക്കില്ലെന്നും ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

സബ്‌സിഡി ഒഴിവാക്കുമ്പോള്‍ ഡീസലിന് ലിറ്ററിന് 71.26 രൂപ കെ എസ് ആര്‍ ടി സി നല്‍കണം. നിലവില്‍ ഇത് 53. രൂപ 85 പൈസയാണ്. സബ്‌സിഡി ഒഴിവാക്കിയാല്‍ 17.41 രൂപയുടെ അധികബാധ്യതയായിരിക്കും ഇതുണ്ടാക്കുക. ഡീസല്‍ വില മാത്രം 97 കോടിയിലധികം കെ എസ് ആര്‍ ടി സിക്ക് ചെലവ് വരും.