Connect with us

Kerala

സഹകരണ ബേങ്കുകളുടെ കാര്‍ഷിക വായ്പാ വിതരണം നിലച്ചു

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ സഹകരണ ബേങ്കുകള്‍ വഴി നല്‍കുന്ന കാര്‍ഷിക വായ്പകളുടെ വിതരണം നിലച്ചു. സംസ്ഥാന സഹകരണ ബേങ്കിന് നബാര്‍ഡ് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതാണ് വായ്പാ വിതരണം തടസ്സപ്പെടുത്തിയത്. സഹകരണ ബേങ്കുകളെ ആശ്രയിച്ചിരുന്ന കര്‍ഷകര്‍ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരം കഴിഞ്ഞ മാസം 22ന് നബാര്‍ഡ് ഇറക്കിയ സര്‍ക്കുലറില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ സംസ്ഥാന സഹകരണ ബേങ്കിന്റെ ബിസിനസ് കറസ്‌പോണ്‍ഡന്റായി മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചിരുന്നു. പ്രാഥമിക സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അന്നുമുതല്‍ ആരോപണവുമുണ്ടായിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ നബാര്‍ഡ് സംസ്ഥാന സഹകരണ ബേങ്കിന് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കി.
സംസ്ഥാന സഹകരണ ബേങ്കുകളില്‍ നിന്ന് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയിരുന്ന ഫണ്ടും ഇതോടെ നിലച്ചിരിക്കുകയാണ്. ഫണ്ട് നിലച്ചതോടെ കാര്‍ഷികവും അല്ലാത്തതുമായ വിവിധ വായ്പകള്‍ക്കായെത്തുന്ന കര്‍ഷകര്‍ക്ക് വായ്പ അനുവദിക്കാന്‍ സംഘങ്ങള്‍ക്ക് സാധിക്കുന്നില്ല. സംസ്ഥാന സഹകരണ സംഘം നിയമത്തിലെ ഒന്‍പതാം വകുപ്പ് പ്രകാരം ഓരോ സംഘത്തിനും തനത് നിലനില്‍പ്പിന് അവകാശമുണ്ടെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ഈ മാസം മൂന്നിന് നിര്‍ദേശം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ നബാര്‍ഡ് ഇറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ നടപടിയൊന്നും സ്വീകരിക്കേണ്ടതില്ലെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. എന്നാല്‍ നബാര്‍ഡ് സര്‍ക്കുലറുണ്ടെന്നു പറഞ്ഞ് പ്രശ്‌നത്തില്‍ നിന്ന് കൈകഴുകുന്ന ജില്ലാ സഹകരണ ബേങ്കുകള്‍ മുതലെടുപ്പിനുള്ള ശ്രമമാണ് നടത്തുന്നതെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.

Latest