Connect with us

Articles

ഫേസ്ബുക് മാനിയ

Published

|

Last Updated

അറിവും വാര്‍ത്തയും മറ്റൊരാളിലേക്ക് എത്തിക്കാന്‍ ദിവസങ്ങള്‍ എടുത്തിരുന്ന കാലത്തു നിന്ന് അതിവേഗത്തില്‍ വിവരങ്ങള്‍ ലഭിക്കുന്ന പുതിയ ലോകം പിറന്നിരിക്കുന്നു. ഒച്ചിഴയുന്ന വേഗത്തില്‍ നിന്ന് അറിവും വാര്‍ത്തയുമിന്ന് ശബ്ദാതിവേഗം നേടിയിരിക്കുന്നു. കൊളംബസ് അമേരിക്ക “കണ്ടുപിടിച്ച”തറിയാന്‍ സ്‌പെയിനിലെ രാജാവിന് അഞ്ച് മാസത്തിലേറെ കാത്തിരിക്കേണ്ടി വന്നു. എബ്രഹാം ലിങ്കന്‍ വെടിയേറ്റു മരിച്ചത് 12 ദിവസത്തിനു ശേഷമാണ് യൂറോപ്പില്‍ വാര്‍ത്തയായത്. ഇതു പഴയ ചരിത്രം. അത് ഇന്നായിരുന്നെങ്കില്‍ സോഷ്യല്‍ മീഡിയകളിലൂടെ സെക്കന്‍ഡുകള്‍ കൊണ്ട് ലോകമറിയുമായിരുന്നു. ഇന്നത്തെ ഏറ്റവും വലിയ വിപ്ലവം ഏതൊരറിവും വാര്‍ത്തയും ലോകത്താകമാനം എത്തിക്കാവുന്ന, മനസ്സിലുള്ളതെന്തും തുറന്നു പറയാവുന്ന തത്സമയ ആശയവിനിമയമാണ്. അത് സോഷ്യല്‍ മീഡിയ വഴി സാധ്യവുമാണ്. 160 കോടി ജനങ്ങള്‍ ദിനംപ്രതിയെന്നോണം ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. 10 കോടിയാണ് ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.
കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉണ്ടെങ്കിലിന്ന് സ്വന്തം വീട്ടിലോ ഓഫീസിലോ ഇരുന്നുകൊണ്ട് ലോകം മുഴുവന്‍ സുഹൃത്തുക്കളെ തേടാം. വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ടുപോയെന്നു കരുതിയ സൗഹൃദങ്ങളും കൂട്ടായ്മകളും വീണ്ടെടുക്കാം. തങ്ങളുടെ ആശയങ്ങളും കഴിവുകളും ലോകത്തുള്ളവര്‍ക്ക് ഒരു പൈസ ചെലവില്ലാതെ എത്തിക്കാം. തുടങ്ങിയവ സോഷ്യല്‍ മീഡിയയുടെ സാധ്യതകളാണ്.
ഇന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ മുന്നേറ്റമാണ്, 2004 ഫെബ്രുവരിയില്‍ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ മാര്‍ക്‌സ് സുക്കര്‍ബര്‍ഗി, എഡ്വാസോ സാവറിന്‍, ഡസ്റ്റിന്‍ മോസ് കോവിറ്റ്‌സ്, ക്രസ്ഹ്യൂഹ്‌സ് എന്നിവര്‍ ചേര്‍ന്ന് ഫേസ്ബുക്ക് ആരംഭിച്ചപ്പോള്‍ ഉണ്ടായത്. ഫേസ്ബുക്കിന്റെ വരവോടെ ലോകം മറ്റൊരു ദിശയിലേക്ക് നീങ്ങി. ഫേസ്ബുക്കില്‍ ഐ ഡി ഇല്ലെന്നത് സ്റ്റാറ്റസിനു കുറവാണെന്ന അവസ്ഥ വരെ എത്തിയിരിക്കുന്നു. അത്രയധികം ജനങ്ങള്‍ ഫേസ്ബുക്കിന്റെ അടിമകളായിരിക്കുന്നു. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ തന്നെ ഇതില്‍ അക്കൗണ്ട് തുറന്നുകൊണ്ടിരിക്കുന്നു. ഫേസ്ബുക്കിന്റെ ഉപകാരവും അതിന്റെ നല്ല സാധ്യതകളുമെല്ലാം ബോധപൂര്‍വം മാറ്റിവെച്ച് കൊണ്ടു തന്നെ ഫേസ് ബുക്കിനുാലുണ്ടാകുന്ന പ്രശ്‌നങ്ങളെ ചര്‍ച്ച ചെയ്യാം. ഇന്ന് സാധാരണ യുവാവിന്റെ ജീവിതത്തില്‍ ഫേസ് ബുക്കിനെപ്പറ്റി ചര്‍ച്ച ചെയ്യാത്ത, ഫേസ് ബുക്ക് ഉപയോഗിക്കാത്ത ഒരു ദിവസം പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം. ഫേസ് ബുക്കിലൂടെ അകലെയുള്ള സുഹൃത്തിനെ, നഷ്ടപ്പെട്ട സുഹൃത്തിനെ തേടുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന സുഹൃത്തിനെ നഷ്ടപ്പെടുന്നുവെന്നത് ആരും അറിയുന്നില്ല. വീട്ടിലെത്തിയ ഉടനെ ഫേസ് ബുക്ക് തുറന്നു പുതിയ പോസ്റ്റുകളും മറ്റും തിരയുമ്പോഴും അകലെയുള്ളവരുമായി സൗഹൃദം പങ്കിടുമ്പോഴും വീട്ടിലുള്ളവരുമായി മുഖാമുഖമിരുന്ന് സംസാരിക്കാന്‍ കഴിയുന്നില്ല.
ഇന്ന് പല ഓഫീസുകളിലും ഇന്റര്‍നെറ്റ് സൗകര്യമുണ്ട്. പക്ഷേ, തൊഴിലാളി ഫേസ്ബുക്ക് തുറന്നു കൊണ്ടു തന്നെയാണ് തങ്ങളുടെ മറ്റു ജോലികളും കൂടി നിര്‍വഹിക്കുന്നത്. അമിത ഫേസ്ബുക്ക് ഭ്രമവും ഉപയോഗവും ജീവനക്കാരുടെ ഉത്പാദനക്ഷമത കുറക്കുന്നതായി പരാതികള്‍ വന്ന ശേഷം കോര്‍പ്പറേറ്റ് കമ്പനികളില്‍ ചിലതെങ്കിലും ജോലി സമയത്ത് ഫേസ് ബുക്ക് ഉപയോഗം അനുവദിക്കുന്നില്ല. പ്രവാസികള്‍ തങ്ങളുടെ മുറികളിലിരുന്നു ഫേസ് ബുക്ക് തുറന്ന് മറ്റുള്ളവരുമായി ചാറ്റ് ചെയ്യുമ്പോള്‍ സ്വന്തം റൂമിലുള്ളവരെ പരിചയപ്പെടാന്‍ കഴിയാതെ പോകുന്നുവെന്നത് യാഥാര്‍ഥ്യമാണ്.
ഫേസ്ബുക്ക് പ്രണയങ്ങള്‍ സജീവമാണ്. ഈയടുത്ത് അത്തരമൊരു പ്രണയം മാധ്യമങ്ങളില്‍ വാര്‍ത്തയായി. വിലപിടിപ്പുള്ള കാറുകളുടെ അടുത്തുനിന്ന് ഫോട്ടോടെയുത്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് പെണ്‍കുട്ടികളെ കബളിപ്പിക്കുന്നു. പ്രണയം നടിച്ച് ഒളിച്ചോടുന്നു. വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചുകൊണ്ട് മറ്റുള്ളവരെ വഞ്ചിക്കുന്നതിന് ഫേസ് ബുക്ക് ഉപയോഗപ്പെടുത്തുന്നവരുണ്ട്. വിവാഹമോചനങ്ങള്‍ക്കും ഫേസ്ബുക്ക് കാരണമാകുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ വിവാഹശേഷവും ഫേസ് ബുക്ക് സ്റ്റാറ്റസ് “സിംഗ്ള്‍” എന്നത് മാറ്റിയില്ല തുടങ്ങിയ ചെറിയ കാരണങ്ങള്‍ വരെ കുടുംബ കലഹങ്ങള്‍ക്കും വിവാഹ മോചനത്തിനും കാരണമാകുന്നുണ്ട്.
സംസ്‌കാരശൂന്യത ഇന്ന് ഫേസ്ബുക്കില്‍ കണ്ടുവരുന്നു. ഫേസ്ബുക്കിലൂടെ പെങ്ങളെക്കുറിച്ച് മോശം പോസ്റ്ററുകള്‍ പ്രചരിപ്പിച്ചതിന്റെ വൈരാഗ്യമാണ് ഗള്‍ഫില്‍ ഈയടുത്ത് ഒരു മലയാളി യുവാവിന്റെ കൊലയില്‍ കലാശിച്ചത്. ഉത്തരേന്ത്യയില്‍ ഒരു യുവതി ആത്മഹത്യ ചെയ്തതും സോഷ്യല്‍ മീഡിയയിലെ കുപ്രചാരണത്തിന്റെ ഫലമായിരുന്നു. ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. പകരും ദുരുപയോഗമാണ് കൂടുതല്‍ നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ യൂട്യൂബിന്റെ സ്ഥാനവും പ്രധാനമാണ്. പക്ഷേ, ലൈംഗികാഭാസങ്ങള്‍ കാണാനും അത് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാനുമാണ് ത്വര. കൂട്ടുകാരിയുമായി കിടപ്പറ പങ്കിട്ട് അതറിഞ്ഞും അറിയാതെയും പകര്‍ത്തി യൂ ട്യൂബിലും ഫേസ്ബുക്കിലും പങ്ക്‌വെച്ച് നിര്‍വൃതിയടയുന്ന യുവത്വം പുതിയ കാഴ്ചയാണ്.
ഫേസ്ബുക്ക് ഉപയോഗം മാനസിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പുതിയ പഠനം. ഫേസ്ബുക്കില്‍ വ്യക്തികളുടെ സാന്നിധ്യമറിയാന്‍ വേണ്ടി തീരുമാനിച്ചു. സത്യത്തില്‍ 24 മണിക്കൂറും ഫേസ്ബുക്കില്‍ ഉറക്കമൊഴിച്ചിരിക്കുന്നവരെയാണ് കാണാന്‍ കഴിഞ്ഞത്. ഫേസ് ബുക്കിലും ട്വിറ്ററിലും ഏറെ നേരമിരിക്കുന്നത് ആത്മസംയമനം നഷ്ടപ്പെടാന്‍ കാരണമാകുമെന്നത് പുതിയ പഠനം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ അമിത ഉപയോഗം മനസ്സിന്റെ നിയന്ത്രണം നഷ്ടമാക്കും. ഇതിനു പുറമേ, അമിത വ്യയം, അമിത ഭക്ഷണം എന്നിവയിലുള്ള പ്രേരണയായി മാറുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ആരോഗ്യപരമായി ഗുണകരമാകുകയും ആത്മവിശ്വാസം ഉണ്ടാക്കുകയും ചെയ്യുമെങ്കിലും അവയുടെ അമിതോപയോഗം സ്വഭാവത്തെ തന്നെ ദോഷകരമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ഫേസ് ബുക്ക് പോലുള്ള മാധ്യമങ്ങളില്‍ തങ്ങളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനായിരിക്കും എല്ലാവരുടെയും ശ്രമം. ആത്മാഭിമാനത്തെക്കുറിച്ചുള്ള അമിത ചിന്ത ആത്മസംയമനം നഷ്ടപ്പെടുത്തുന്നതിലേക്കു വഴിവെക്കുന്നു.
അമേരിക്കയിലെ കൊളംബിയ, വിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലകളുടെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നത്. നൂറ് കോടിയിലേറെ ഉപയോക്താക്കളുള്ള ഫേസ്ബുക്കിന് സമൂഹത്തില്‍ വന്‍ സ്വാധീനമുണ്ട്. ദിനചര്യയില്‍ പ്രധാനപ്പെട്ടതായി ഫേസ് ബുക്കിനെ കണക്കാക്കുന്ന യുവജനങ്ങളിലാണ് പഠനത്തില്‍ കൂടുതല്‍ പ്രസക്തി. അമേരിക്കയിലെ മിസൂറി യൂനിവേഴ്‌സിറ്റി നടത്തിയ പഠനം മറ്റൊന്നാണ്; ഫേസ് ബുക്ക് മനസ്സിന്റെ കണ്ണാടിയാണെന്നാണ്. ഒരു വ്യക്തിക്ക് മനഃശാസ്ത്രപരമായ ചോദ്യാവലി നല്‍കി അതിന്റെ ഉത്തരം വിശകലനം ചെയ്യുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഒരാളുടെ ഫേസ്ബുക്കില്‍ നിന്ന് ലഭിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ എലിസബത്ത് മാര്‍ട്ടിന്‍ പറയുന്നു. ഫേസ്ബുക്കില്‍ ഒരു വ്യക്തി അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളും ലൈക്ക് ചെയ്യുന്ന വിഷയങ്ങളും എഴുതുന്ന അഭിപ്രായങ്ങളും വ്യക്തിയുടെ സ്വാഭാവികമായും മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്നും അവര്‍ പറയുന്നു. മാനസികാരോഗ്യ രംഗത്തെ ഒരു ചികിത്സകന് രോഗിയുടെ പേരിലുള്ള സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകള്‍ അവലംബിച്ച് കൂടുതല്‍ കൃത്യമായ നിഗമനങ്ങളില്‍ എത്താമെന്നും പഠനം പറയുന്നു.
ഉറങ്ങാന്‍ പോകുമ്പോഴും ഉണരുമ്പോഴും ഫേസ്ബുക്ക് വീക്ഷിക്കുന്നവര്‍ വര്‍ധിച്ചു വരികയാണ്. ഇത് ഉറക്ക പ്രശ്‌നത്തിന് കാരണമാകുന്നു. ഫേസ്ബുക്കിന്റെ അമിതോപയോഗം വ്യക്തിയുടെ കൃത്യനിഷ്ഠയും സമയനിഷ്ഠയും പ്രവൃത്തിനിഷ്ഠയും നഷ്ടപ്പെടുത്തുന്നുണ്ട്. മൊബൈലുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭിച്ചതുമൂലം എവിടെയിരുന്നും ഫേസ്ബുക്ക് ഉപയോഗിക്കാമെന്നത് തന്നെ വ്യക്തിയുടെ ഊര്‍ജത്തെയും കാര്യക്ഷമതയെയും നഷ്ടപ്പെടുത്തുന്നു. ഒപ്പം അലസ സ്വഭാവക്കാരനായി മാറുകയും ചെയ്യുന്നു. ഇതുമൂലം വിഷാദ രോഗത്തിനടിമപ്പെടാനും സാധ്യതയുണ്ട്. ആരോഗ്യകരവും ഉപകാരപ്രദവുമായ രീതിയില്‍ സോഷ്യല്‍ മീഡിയകളെ സമീപിക്കാന്‍ പുതുസമൂഹത്തിനു ബോധവല്‍ക്കരണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

Latest