മോഡിയുടെ ശ്രദ്ധ ജനത്തെ ഭിന്നിപ്പിച്ച് ഭരണം കൈയടക്കാന്‍: എ ബി ബര്‍ദന്‍

Posted on: September 14, 2013 12:09 am | Last updated: September 14, 2013 at 12:09 am

കാസര്‍കോട്: ഇന്ത്യയെ ഭിന്നിപ്പിച്ചു ഭരണം കൈയാളാന്‍ ശ്രമിക്കുന്ന ആളാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബി ജെ പി ഉയര്‍ത്തിക്കാണിക്കുന്ന നരേന്ദ്ര മോഡിയെന്ന് സി പി ഐ നേതാവ് എ ബി ബര്‍ദന്‍. സി പി ഐ ജില്ലാ കൗണ്‍സില്‍ ഓഫീസിനു വേണ്ടി കാസര്‍കോട് നുള്ളിപ്പാടിയില്‍ പണി കഴിപ്പിച്ച ഡോ. എ സുബ്ബറാവു സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ ബര്‍ദന്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

മോഡി രാജ്യത്തിന്റെ മതേതരത്വത്തിനുതന്നെ ഏറ്റവും വലിയ ഭീഷണിയായിരിക്കും. പ്രധാനമന്ത്രിയാകുന്നതിനു മുമ്പുതന്നെ പ്രധാനമന്ത്രി പരിവേഷമാണ് മോഡിക്ക് ചില മാധ്യമങ്ങള്‍ നല്‍കുന്നത്. വ്യക്തിയല്ല, രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലപാടാണ് പ്രധാനം. ബി ജെ പി നയിക്കുന്ന എന്‍ ഡി എക്കും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എക്കും ഇനി അധികാരത്തില്‍ വരാന്‍ സാധിക്കില്ല. അത്രകണ്ട് ഈ രണ്ട് സഖ്യകക്ഷികളും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകഴിഞ്ഞു.
ഈ നിര്‍ണായക ഘട്ടത്തില്‍ ഒരു മതേതര ഇടതു ബദല്‍ ശക്തിക്കുവേണ്ടി സി പി ഐ ശ്രമിക്കും. ആശയപരമായും രാഷ്ട്രീയമായും യോജിക്കാന്‍ പറ്റുന്ന പ്രാദേശിക പാര്‍ട്ടികളെയും ഒരേ വേദിയില്‍ കൊണ്ടുവരാന്‍ ഇടതുപക്ഷം മുന്‍കൈയെടുക്കും. എന്‍ ഡി എ എന്നത് ഒരു സങ്കല്‍പ്പം മാത്രമായി മാറി. നാമാവശേഷമാണ് ആ കൂട്ടുകെട്ട്. 22 ഘടക കക്ഷികളുണ്ടായിരുന്ന എന്‍ ഡി എയില്‍ ഇപ്പോള്‍ ബി ജെ പിയെ കൂടാതെ അകാലിദളും ശിവസേനയും മാത്രമാണുള്ളത്. 17 വര്‍ഷം ഒന്നിച്ചുണ്ടായിരുന്ന ജനതദള്‍ യു അവസാനം നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം വിട പറഞ്ഞു.
യു പി എ സര്‍ക്കാര്‍ വിലക്കയറ്റവും അഴിമതിയും കൊണ്ട് സാധാരണ ജനങ്ങളില്‍ നിന്നും പൂര്‍ണമായും ഒറ്റപ്പെട്ടു. വളരെ അപകടകരമായ രീതിയില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും പെട്രോളിയ ഉത്പന്നങ്ങളുടെ വിലക്കയറ്റവും ജനങ്ങളെ തീരാദുരിതത്തിലാക്കുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കടക്കം പണ്ടെങ്ങുമില്ലാത്തവിധം അനിയന്ത്രിതമായി വിലവര്‍ധിച്ചു. ഇതിനു തടയിടാന്‍ ഒരു തരത്തിലുള്ള ഇടപെടലും സര്‍ക്കാര്‍ നടത്തുന്നില്ല. ഉത്തരപ്രദേശിലെ മുസാഫറാബാദിലുണ്ടായ കലാപത്തില്‍ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നു. ഒരു വര്‍ഗീയ ധ്രുവീകരണമാക്കി മുതലെടുക്കാനാണ് ഇതിലൂടെ ബി ജെ പി ഉദ്ദേശിച്ചത്.
കേരളത്തില്‍ സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിത്താഴ്ന്നിരിക്കുന്നു. സിറ്റിംഗ് ജഡ്ജിയെ കിട്ടാത്തതുകൊണ്ടല്ല, സോളാര്‍ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തുനിന്ന് ജഡ്ജിമാരെ കിട്ടാനില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്ന് അന്വേഷണം നടത്താവുന്നതാണ്. എന്നാല്‍ സിറ്റിംഗ് ജഡ്ജിയെ കിട്ടാന്‍വേണ്ടി സമ്മര്‍ദം ചെലുത്തുന്നില്ല. ജുഡീഷ്യല്‍ അന്വേഷണം നടത്താതെ ഇടതുപക്ഷം ഈ സമരത്തില്‍നിന്നും പിന്നോട്ടുപോകില്ലെന്നും ബര്‍ദന്‍ കൂട്ടിച്ചേര്‍ത്തു.