Connect with us

Kerala

റേഷന്‍ വ്യാപാരികളില്‍ നിന്ന് മാസപ്പടി: അന്വേഷണത്തിന് കോടതി ഉത്തരവ്

Published

|

Last Updated

കോട്ടയം: റേഷന്‍ വ്യാപാരികളില്‍ നിന്ന് ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന മാസപ്പടി അന്വേഷിക്കാന്‍ കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി എസ് സോമന്‍ ഉത്തരവിട്ടു. കോട്ടയം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോക്കാണ് അന്വേഷണ ചുമതല. ഡിസംബര്‍ 17നകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.
സംസ്ഥാന ഭക്ഷ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ റേഷന്‍ വ്യാപാരികളില്‍ നിന്ന് പ്രതിമാസം മൂന്ന് കോടി രൂപ മാസപ്പടി വാങ്ങുന്നുണ്ടെന്നും ഒരു ജില്ലാ സപ്ലൈ ഓഫീസര്‍ പ്രതിമാസം പത്ത് ലക്ഷം രൂപയും, താലൂക്ക് സപ്ലൈ ഓഫീസര്‍ രണ്ടരലക്ഷം രൂപയും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ 50,000 രൂപയും മാസപ്പടി വാങ്ങുന്നതായി ആരോപിച്ച് ആള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, അഡ്വ സതീഷ് തെങ്ങുന്താനം മുഖേന നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
കോട്ടയം ജില്ലാ സപ്ലൈ ഓഫീസര്‍ അച്ചാമ്മ കുര്യാക്കോസ്, ചെങ്ങന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍ വിശ്വനാഥന്‍ എന്നിവരാണ് പ്രതികള്‍.
എന്‍ വിശ്വനാഥന്‍ ചങ്ങനാശ്ശേരി താലൂക്ക് സപ്ലൈ ഓഫീസറായിരിക്കെ റേഷന്‍ മൊത്ത-ചില്ലറ വ്യാപാരികളില്‍ നിന്നും പ്രതിമാസം രണ്ടര ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായാണ് പരാതി.
ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് എം എല്‍ എ യുടെ സാന്നിധ്യത്തില്‍ 20ല്‍പരം ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത താലൂക്ക് വികസന സമിതിയോഗം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.
“ഭക്ഷ്യവകുപ്പില്‍ അടിമുടി അഴിമതി നടക്കുന്നുണ്ടെന്നും വിഹിതം മുകള്‍ത്തട്ടില്‍ വരെ എത്തുന്നത് കൊണ്ടാണ് അഴിമതി വര്‍ധിക്കുന്നതെന്നും ജനങ്ങളുടെ പ്രതികരണ ശക്തിയിലൂടെ മാത്രമേ കരിഞ്ചന്തയും അഴിമതിയും തടയാന്‍ കഴിയുകയുള്ളൂ എന്നും കേസ് പരിഗണിക്കവേ വിജിലന്‍സ് ജഡ്ജി എസ് സോമന്‍ നിരീക്ഷിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സബ്‌സിഡി നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ച് വിറ്റ് മാസപ്പടി നല്‍കണമെന്ന ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം പലപ്പോഴും കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന അളവില്‍ റേഷന്‍ സാധനങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഭിക്കുന്നതിന്, മന്ത്രിക്ക് വേണ്ടി പാര്‍ട്ടി നേതാക്കള്‍ക്ക് കോഴ നല്‍കുന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ മുമ്പ് കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ വാങ്ങുന്ന മാസപ്പടി സംബന്ധിച്ച് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുന്നത് ആദ്യമാണ്. സര്‍വീസിലിരിക്കെ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും വാങ്ങിയ സ്വത്തുവകകളെപ്പറ്റി അന്വേഷണം നടത്തണമെന്നും വരുമാനത്തിന്റെയും ജംഗമസ്വത്തുക്കളുടെയും വിവരങ്ങള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബേബിച്ചന്‍ മുക്കാടന്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.