ഓണാഘോഷത്തിന് 14ന് തുടക്കം

Posted on: September 12, 2013 7:37 am | Last updated: September 12, 2013 at 7:37 am

പാലക്കാട്: സംസ്ഥാന ടൂറിസം വകുപ്പിന്റെയും പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ ഈ മാസം 14 മുതല്‍ 17 വരെ രാപ്പാടിയിലും, മലമ്പുഴ ഉദ്യാനത്തിലുമായി നടത്തും. 14ന് രാവിലെ 8.30 ന് ടൗണ്‍ഹാള്‍ അനക്‌സില്‍ ഓണപൂക്കള മത്സരം, 10ന് ടൗണ്‍ ഹാളില്‍ ഇഡ്ഡലി തീറ്റ മത്സരം, വൈകീട്ട് അഞ്ചിന് രാപ്പാടിയില്‍ അത്താലൂര്‍ പി ശിവദാസനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, 5.30ന് വിഷ്ണു തരവത്തിന്റെ അഷ്ടപദി എന്നിവ നടക്കും.
മേളവിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഓണാഘോഷം ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. എം പി മാരായ എം ബി രാജേഷ് , ഇ ടി മുഹമ്മദ് ബഷീര്‍, പി കെ ബിജു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എം എല്‍ എ മാരായ എ കെ ബാലന്‍, കെ അച്യുതന്‍, സി പി മുഹമ്മദ്, വി ചെന്താമരാക്ഷന്‍, കെ എസ് സലീഖ, അഡ്വ. എന്‍ ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, വനിത കമ്മീഷന്‍ അംഗം കെ എ തുളസി, പാലക്കാട് നഗരസഭ ചെയര്‍മാന്‍ എ അബ്ദുല്‍ ഖുദ്ദൂസ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ സി വി ബാലചന്ദ്രന്‍, മുന്‍ എം എല്‍ എ. എം നാരായണന്‍, സി കൃഷ്ണകുമാര്‍, ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദിഖ് അഹമ്മദ് എന്നിവര്‍ സംബന്ധിക്കും. ജില്ലാ കലക്ടറും ഡി ടി പി സി ചെയര്‍മാനുമായ കെ രാമചന്ദ്രന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി വി രാജേഷ്. പങ്കെടുക്കും. തുടര്‍ന്ന് 6.30ന് കാണിക്കമാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിക്കുന്ന തിരുവാതിരക്കളി, ഏഴിന് സിനി ആര്‍ട്ടിസ്റ്റ് നാദിര്‍ഷായും സംഘവും അവതരിപ്പിക്കുന്ന നാദിര്‍ഷോ-2013 നടക്കും.