Connect with us

Wayanad

പുഞ്ചവയലിലെ ചരിത്രസ്മാരകങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഏറ്റെടുക്കുന്നു

Published

|

Last Updated

കല്‍പറ്റ: വയനാട്ടിലെ പനമരം പുഞ്ചവയലിനു സമീപം സ്വകാര്യ കാപ്പിത്തോട്ടങ്ങളിലുള്ള രണ്ട് ചരിത്ര സ്മാരകങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ) ഏറ്റെടുക്കുന്നു. പുഞ്ചവയലില്‍നിന്നു ദാസനക്കരയിലേക്കുള്ള പാതയുടെ ഇടതുവശത്ത് സ്ഥിതിചെയ്യുന്ന ജനാര്‍ദനഗുഡിയും നടവയിലേക്കുളള വഴിയില്‍ കായക്കുന്നിനടുത്തുളള വിഷ്ണുഗുഡിയും ഏറ്റെടുക്കാനാണ് എ.എസ്.ഐ നീക്കം. ഇക്കാര്യത്തില്‍ ഡയറക്ടറുടെ വിജ്ഞാപനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എ.എസ്.ഐ തൃശൂര്‍ സര്‍ക്കിള്‍ ഓഫീസുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. 
നാശംനേരിടുന്ന വിഷ്ണുഗുഡിയും ജനാര്‍ദനഗുഡിയും എന്‍ഷ്യന്റ് മോണുമെന്റ്‌സ് ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്‍ഡ് റിമൈന്‍സ്(ഭേദഗതി) നിയമപ്രകാരം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ശുപാര്‍ശചെയ്ത് എ.എസ്.ഐ ഡയറക്ടര്‍ക്ക് തൃശൂര്‍ സര്‍ക്കിള്‍ ഓഫീസ് കത്തയച്ചിരുന്നു. രണ്ട് സ്മാരകങ്ങളുടെയും ചരിത്രപരമായ പ്രത്യേകതകള്‍, പുരാവസ്തുശാസ്ത്ര സംബന്ധമായ പ്രാധാന്യം, വാസ്തുശൈലി തുടങ്ങിയവ വിശദീകരിച്ചായിരുന്നു കത്ത്. സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിക്കുന്നപക്ഷം അവ സ്ഥിതിചെയ്യുന്ന ഭൂമി സൗജന്യമായി വിട്ടുകൊടുക്കാമെന്ന തോട്ടം ഉടമകളുടെ നിലപാടും കത്തില്‍ വ്യക്തമാക്കിയിരുന്നു.
കൊത്തുപണികള്‍ നിറഞ്ഞ ശിലാപാളികളും തൂണുകളും ഉപയോഗിച്ച് പണിതതാണ് വിഷ്ണുഗുഡിയും ജനാര്‍ദനഗുഡിയും. കാലപ്രയാണത്തെ അതിജീവിച്ച തൂണുകളിലും പാളികളിലുമായി 300ലധികം കൊത്തുപണികളുണ്ട്. ജനാര്‍ദനഗുഡിയിലെ ശിലാപാളികളിലൊന്നില്‍ കന്നഡയിലുള്ള എഴുത്തും കാണാം. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയിലായിരുന്നു ഇവയുടെ നിര്‍മാണമെന്നാണ് ചരിത്രകാര•ാരുടെ അഭിപ്രായം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടക ഭരിച്ചിരുന്ന ജൈന വിശ്വാസികളായ ഹൊയ്‌സാല രാജാക്കന്മാരാണ് രണ്ട് സ്മാരകങ്ങളും നിര്‍മിച്ചതെന്നാണ് ചരിത്രകാര•ാരില്‍ ചിലരുടെ പക്ഷം. എന്നാല്‍ ദക്ഷിണ കന്നഡയില്‍നിന്ന് വയനാട് വഴി പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് പോയിവന്നിരുന്ന കച്ചവടസംഘങ്ങളിലൊന്നാണ് വിഷ്ണുഗുഡിയുടെയും ജനാര്‍ദനഗുഡിയുടെയും നിര്‍മാണത്തിനു പിന്നിലെന്നാണ് ചരിത്രകാരന്‍ ഗോപി മുണ്ടക്കയം പറയുന്നത്. ഗതകാലത്ത് മുത്തുകളുടെയും രത്‌നങ്ങളുടെയും വ്യാപാരത്തിനു പുകള്‍പെറ്റതായിരുന്നു പുഞ്ചവയലിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളെന്നും ചരിത്രകാര•ാര്‍ക്ക് അഭിപ്രായമുണ്ട്. വയനാട്ടിലെ വിഷ്ണുഗുഡിയും ജനാര്‍ദനഗുഡിയും ദേശീയസ്മാരകങ്ങളാക്കി സംരക്ഷിക്കുമെന്ന് ലോക്‌സഭയില്‍ 2009ല്‍ അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച അറിയിപ്പ് കേന്ദ്ര സാംസ്‌കാരിക വകുപ്പില്‍നിന്ന് ഇതുവരെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാദേശിക കേന്ദ്രത്തില്‍ ലഭിച്ചിട്ടില്ല.

Latest