Connect with us

Ongoing News

സപ്ലൈകോയില്‍ ഇന്ന് മുതല്‍ സമരം

Published

|

Last Updated

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സപ്ലൈകോ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് മുതല്‍. സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സമരാനൂകൂലികളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടില്‍ തന്നെയാണ് സമരക്കാര്‍. വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഓണത്തിനു മുമ്പുള്ള ഇരുട്ടടി കൂടിയാണീ സമരം.
ഐ എന്‍ ടി യു സി, സി ഐ ടി യു, എ ഐ ടി യു സി യൂനിയനുകളുടെ കീഴില്‍ സപ്ലൈകോയിലെ മുഴുവന്‍ സ്ഥിരം ജീവനക്കാരും താത്കാലിക തൊഴിലാളികളുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സപ്ലൈകോയിലെ 7949 ജീവനക്കാരില്‍ 1295 പേര്‍ ഡെപ്യൂട്ടേഷന്‍കാരാണ്. ഇവരുടെ ശമ്പളയിനത്തില്‍ മാത്രം കോര്‍പറേഷന് പ്രതിവര്‍ഷം 32 കോടി രൂപ ചെലവുണ്ട്. 1044 പേര്‍ സ്ഥിരം ജീവനക്കാരും 5610 താത്കാലിക ജീവനക്കാരുമാണ്. സപ്ലൈകോ ജീവനക്കാരുടെ അതേ യോഗ്യതയുള്ള ഡെപ്യൂട്ടേഷന്‍ ജീവനക്കാര്‍ യഥേഷ്ടം സ്ഥാനക്കയറ്റം സ്വന്തമാക്കുമ്പോള്‍ സപ്ലൈകോയില്‍ ജോലിക്കുകയറുന്നവര്‍ അതേ തസ്തികയില്‍ തന്നെയാണ് വിരമിക്കുന്നത്. 13 സാധനങ്ങള്‍ സബ്‌സിഡി ഇനത്തില്‍ നല്‍കുന്നുണ്ടെന്നാണ് സപ്ലൈകോയുടെ അവകാശവാദം. എന്നാല്‍ നിലവില്‍ അരി, പഞ്ചസാര, മുളക് തുടങ്ങി മൂന്ന് സാധനങ്ങള്‍ മാത്രമേ സബ്‌സിഡി വഴി നല്‍കുന്നുള്ളുവെന്നും അതുകൊണ്ടുതന്നെ ഇത് ജനങ്ങളെ ഒരു തരത്തിലും ബാധിക്കാനിടയില്ലയെന്നുമാണ് സമരക്കാരുടെ വാദം. പൊതു വിപണിയിലെ വിലയും സപ്ലൈകോ വഴി നല്‍കുന്ന സാധനങ്ങളുടെ വിലയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും തന്നെയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ഈ മാസം 15നകം പരിഹാരം കാണാമെന്ന് വകുപ്പ് മന്ത്രി പറഞ്ഞെങ്കിലും മുഖ്യമന്ത്രി ഇടപെടാതെ ഇതില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടില്‍ തന്നെയാണ് സമരാനുകൂലികള്‍. സര്‍ക്കാര്‍ ജീവനക്കാരന്റെ പോസറ്റീവ് ഭാഗങ്ങള്‍ കണക്കിലെടുക്കാതെ സമരവുമായി മുന്നോട്ടു പോകുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് മന്ത്രി പറയുന്നത്. ജീവനക്കാര്‍ പറയുന്ന തരത്തില്‍ സപ്ലൈകോയില്‍ അവശ്യസാധനങ്ങളുടെ കുറവുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈകോ ജീവനക്കാരുടെ സമരത്തിന്റെ മറവില്‍ അവശ്യ സാധനങ്ങള്‍ക്ക് പൊതു വിപണിയില്‍ തോന്നിയപടി വിലകൂടാനാണു സാധ്യത. ഈ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സാധാരണക്കാരുടെ ഓണം തീ വിലയില്‍ കുരുങ്ങിപ്പോകും.
കര്‍ഷകരില്‍നിന്ന് കുറഞ്ഞ ചെലവില്‍ സാധനങ്ങള്‍ നേരിട്ട് വാങ്ങുന്നത് നിര്‍ത്തി വന്‍കിടക്കകാരുടെ കൈയില്‍നിന്ന് കൂടിയ വിലക്ക് സാധനങ്ങള്‍ വാങ്ങുന്നതിലൂടെ കോടികളുടെ നഷ്ടമാണ് കോര്‍പറേഷനുണ്ടാകുന്നത്. 3105 കോടിയുടെ വിറ്റുവരവുള്ള കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ നല്‍കിയത് 135 കോടിയുടെ സബ്‌സിഡിയാണ്. വിലക്കകയറ്റം പിടിച്ചുനിര്‍ത്താന്‍ ഈ തുക പര്യാപ്തമല്ലന്ന് സമരാനൂകൂലികള്‍ പറയുന്നു. 12 മണിക്കൂര്‍ വരെ ജോലിചെയ്യുന്ന പാക്കിംഗ് തൊഴിലാളികള്‍ക്ക് മിനിമം കൂലി പോലും നല്‍കുന്നില്ല. പാക്കറ്റൊന്നിന് 40 പൈസ തൊഴിലാളിക്ക് നല്‍കി ഒരു രൂപ ഉപഭോക്താവില്‍നിന്ന് ഈടാക്കി കൊള്ളലാഭം കൊയ്യുകയാണ് കോര്‍പറേഷന്‍.

---- facebook comment plugin here -----

Latest