മണ്ടേല ആശുപത്രി വിട്ടു

Posted on: September 2, 2013 12:54 am | Last updated: September 2, 2013 at 12:54 am

Mandela_2_0ജോഹന്നാസ് ബര്‍ഗ്: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് മൂന്ന് മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല ആശുപത്രി വിട്ടു. ആശുപത്രിയില്‍ നിന്ന് മണ്ടേലയെ ജോഹന്നാസ് ബര്‍ഗിലെ വീട്ടിലേക്കെത്തിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റുന്നുണ്ടെങ്കിലും ആരോഗ്യ നില ഗുരുതരമായി തന്നെ തുടരുകയാണെന്നും ആവശ്യമായ ചികിത്സകള്‍ വീട്ടില്‍ ഒരുക്കിയാല്‍ മതിയെന്നും ആശുപത്രി വക്താക്കള്‍ അറിയിച്ചു. അത്യാവശ്യമെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് വക്താക്കള്‍ അറിയിച്ചു. മാസങ്ങളോളം ആശുപത്രിയില്‍ കഴിയുന്ന മണ്ടേലയുടെ നില മാറ്റമില്ലാതെ തുടരുകയാണെന്ന് കഴിഞ്ഞയാഴ്ച പ്രസിഡന്റ് ജേക്കബ് സുമാ പറഞ്ഞിരുന്നു. ജൂണ്‍ എട്ട് മുതല്‍ പ്രിറ്റോറിയയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു 95കാരനായ മണ്ടേല.
ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് മണ്ടേലയുടെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് സുമാ നേരത്തേ പറഞ്ഞിരുന്നുവെങ്കിലും ഗുരുതരമെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പിന്നീട് വിശദീകരിച്ചിരുന്നു. മണ്ടേല സ്വയം ശ്വസിച്ചുതുടങ്ങിയതായി ഈ മാസം ആദ്യം മണ്ടേലയുടെ മുന്‍ ഭാര്യ വിന്നി മണ്ടേല മാധ്യമങ്ങളോട് പറഞ്ഞിരുന്നു.