Connect with us

Malappuram

ജില്ലയില്‍ ഏഴ് മാസത്തിനിടെ പൊലിഞ്ഞത് 189 ജീവനുകള്‍; അപകടങ്ങള്‍ക്ക് ആര് കടിഞ്ഞാണിടും?

Published

|

Last Updated

മലപ്പുറം: ജില്ലയിലെ നിരത്തുകളില്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ പൊലിഞ്ഞത് 189 വിലപ്പെട്ട ജീവിതങ്ങള്‍. വര്‍ധിച്ച് വരുന്ന വാഹന അപകടങ്ങള്‍ക്ക് തടയിടാനാകാതെ ജില്ലയിലെ നിയമ സംവിധാനങ്ങളും കുഴങ്ങുകയാണ്.ഈവര്‍ഷം ജൂലൈ വരെ ഉണ്ടായ 1573 വാഹന അപകടങ്ങളിലാണ് ഇത്രയും പേര്‍ മരിച്ചതെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.
ജൂലൈ മാസം മാത്രം 206 അപകടങ്ങളില്‍ 26 പേര്‍ മരിക്കുകയും 241 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 1848 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ബൈക്ക് അപകടങ്ങളിലാണ് ഏറെ പേര്‍ മരിച്ചത്. 409 ബൈക്ക് അപകടങ്ങളിലായി 49 പേര്‍ മരിക്കുകയും 492 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 162 പേര്‍ പുരുഷന്‍മാരും 37 പേര്‍ സ്ത്രീകളുമാണ്. കഴിഞ്ഞ വര്‍ഷം ജില്ലയിലുണ്ടായ അപകടങ്ങളില്‍ ജീവിതം നഷ്ടമായത് 325 പേര്‍ക്കായിരുന്നു. 2711 അപകടങ്ങളാണ് ഇക്കാലയളവിലുണ്ടായത്. 3604 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാര്‍, ജീപ്പ് തുടങ്ങിയ നാല് ചക്ര വാഹനങ്ങളില്‍ 395 എണ്ണം അപകടത്തില്‍ പെട്ടു. 39 പേര്‍ മരിക്കുകയും 492 പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. മൂന്ന് ചക്ര വാഹനങ്ങളില്‍ 256 എണ്ണം അപകടത്തില്‍ പെട്ടു. 15 പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജൂലൈ വരെയുണ്ടായ അപകടങ്ങളില്‍ കൂടുതല്‍ പേര്‍ മരിച്ചത് മാര്‍ച്ച് മാസത്തിലാണ്. 34 പേര്‍. ജനുവരിയില്‍ 32 പേരും മെയ് മാസത്തില്‍ 33 പേരും റോഡില്‍ മരിച്ചുവീണു.
അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മദ്യപിച്ച് വാഹനമോടിക്കുന്നതുമെല്ലാണ് അപകട കണക്കുകള്‍ വര്‍ധിക്കാന്‍ കാരണം. ബൈക്ക് അപകടങ്ങളുടെ എണ്ണത്തിലെ വര്‍ധനവ് അമിത വേഗത കാരണമാണെന്ന് തെളിയിക്കുന്നതാണ്. അപകടങ്ങള്‍ കുറക്കാന്‍ നിയമങ്ങള്‍ സൃഷ്ടിക്കുന്നതും ബോധവത്കരണങ്ങളുമെല്ലാം മുറക്ക് നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ശനിയാഴ്ച താനൂര്‍ മുക്കോലയിലെ അപകട കാരണം സ്വകാര്യ ബസിന്റെ അമിത വേഗതയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പല തവണ അപകടത്തില്‍ പെടുകയും മരണം വരെ സംഭവിക്കുകയും ചെയ്തിട്ടും വീണ്ടും നിരത്തുകളില്‍ ഇറങ്ങാന്‍ കഴിഞ്ഞത് ഉദ്യോഗസ്ഥഥരുടെ വീഴ്ച കാരണമാണ്. പണം കൊടുത്ത് കാര്യം സാധിക്കാവുന്ന തരത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് മാറുമ്പോള്‍ നിരവധി കുടുംബങ്ങള്‍ക്ക് അത്താണിയാകേണ്ടവരാണ് നിരത്തുകളില്‍ ചോര ചിന്തി മരിക്കേണ്ടി വരുന്നത്.

Latest