Connect with us

Kerala

ഇരുപത് ജീവനുകളെടുത്ത സ്വകാര്യ ബസിനും നിയമത്തിന്റെ പരിരക്ഷ

Published

|

Last Updated

താനൂര്‍: താനൂര്‍ മുക്കോലയില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ എ ടി എ സ്വകാര്യ ബസ് നിരത്തിലെ പതിവ് വില്ലന്‍. ഏറെ ഭയപ്പാടോട് കൂടിയായിരുന്നു വിദ്യാര്‍ഥികളും യാത്രക്കാരും ഈ ബസിനെ കണ്ടിരുന്നത്.
പത്ത് വര്‍ഷത്തിലധികമായി ബസിന്റെ അമിത വേഗത സൃഷ്ടിച്ചത് എണ്ണിയാലൊടുങ്ങാത്ത അപകടങ്ങള്‍. ഇക്കാലയളവില്‍ ഇരുപതോളം പേര്‍ ഈ സ്വകാര്യ ബസിടിച്ച് മരണപ്പെട്ടിട്ടുമുണ്ട്. അമിത വേഗതക്ക് കുപ്രസിദ്ധി നേടിയ ബസ് ജീവനക്കാരെ താക്കീത് ചെയ്യുന്ന യാത്രക്കാര്‍ക്കും രക്ഷയുണ്ടാകാറില്ല.
അപകട മുന്നറിയിപ്പ് നല്‍കുന്നവരെ ജീവനക്കാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും സംഘര്‍ഷങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. നിരവധി നിയമ ലംഘനങ്ങളാണ് ഇക്കാലയളവില്‍ ബസ് നടത്തിയിട്ടുള്ളത്. നാടിനെ നടുക്കിയ കടലുണ്ടി തീവണ്ടി ദുരന്തം ഉണ്ടായപ്പോള്‍ രാവിലെയും രാത്രിയിലും കൂടുതല്‍ സര്‍വീസ് നടത്തുന്നതിനായി ആര്‍ ടി ഒ അനുവദിച്ച പ്യത്യേക പെര്‍മിറ്റ് ദുരുപയോഗം ചെയ്തതാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടയാക്കിയത്.
പെര്‍മിറ്റിന്റെ മറവില്‍ താനൂര്‍ ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ പോകുന്നത് പതിവാക്കിയ ബസ് കോഴിക്കോട്- തിരൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താനുള്ള സമയം ഒന്നര മണിക്കൂറില്‍ താഴെയായി മാറ്റുകയും ചെയ്തിരുന്നു. ഇതിന്റെ മറവിലാണ് ബസ് റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നത്. താനൂര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ബസിനെതിരായ നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്‍വലിയുകയായിരുന്നു.
ബസ് ഇതുവരെ നടത്തിവന്ന നിയമലംഘനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പും പോലീസും ഒരു പോലെ ഉത്തവാദിയാണെന്ന് യാത്രക്കാര്‍ പറയുന്നു. ഗുണ്ടാ പശ്ചാത്തലമുള്ള ജീവനക്കാരും അധികാര കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. താനൂര്‍ ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ ജംഗ്ഷന്‍ വഴി കടന്നു പോകുന്ന ബസിനെതിരെ പ്രതികരിച്ച നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെ പോലീസ് തിരിഞ്ഞത് ഏറെ വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു.
ബസുടമകള്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഇറക്കിയതും സ്ഥിതിഗതികള്‍ വഷളാക്കിയിരുന്നു. ഇതിനിടെ ബസിന്റെ ഉടമസ്ഥാവകാശം മാറ്റിയതോടെ പേരും മാറ്റി. എന്നാല്‍ കളക് ഷന്‍ കുറഞ്ഞ് പ്രതിസന്ധിയായതോടെ വീണ്ടും എ ടി എ എന്നു തന്നെയാക്കുകയായിരുന്നു. കോഴിക്കോട്- തിരൂര്‍ റോഡില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് പാഞ്ഞെത്താന്‍ അനുവദിച്ച പെര്‍മിറ്റ് റദ്ദാക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നെങ്കില്‍ ഇത്രയും വലിയ ദുരന്തത്തിന് വഴിവെക്കില്ലായിരുന്നു.
നിരവധി പരാതികള്‍ പോലിസ് സ്റ്റേഷനുകളിലും ആര്‍ ടി ഓഫീസുകളിലും ലഭിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിരുന്നില്ല.

ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസ്‌

മലപ്പുറം: അപകടമുണ്ടാക്കിയ എ ടി എ ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് പോലീസ് കേസെടുത്തു. തിരൂര്‍ മംഗലം സ്വദേശി ഫൈസലിനെതിരെയാണ് താനൂര്‍ പോലീസ് കേസെ ടുത്തത്. അപകടത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായിട്ടില്ല.
അപകടത്തെ തുടര്‍ന്ന് പ്രദേശത്തുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടും പോലീസ് കേസെടുത്തിട്ടുണ്ട്. ബസ് കത്തിച്ചതിനെ തുടര്‍ന്ന് തീയണക്കാന്‍ എത്തിയ ഫയര്‍ ഫോഴ്‌സ് വാഹനം തടഞ്ഞുവെക്കുകയും ചില്ലു തകര്‍ക്കുകയും ചെയ്തതിനാണ് കേസ്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നതിന് കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകള്‍ക്കെതിരെയാണ് കേസ് എടുത്തത്. ബസിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും മോട്ടോര്‍ വാഹന വകുപ്പ് റദ്ദ് ചെയ്തിട്ടുണ്ട്. ബസ് കത്തിച്ചതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന് താനൂര്‍ പോലീസ് അറിയിച്ചു.