Connect with us

Kerala

സോളാര്‍: പിണറായി പറഞ്ഞത് ശരിയാണെന്ന് തിരുവഞ്ചൂര്‍

Published

|

Last Updated

കോട്ടയം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ അനേ്വഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്ന് താന്‍ പറഞ്ഞതായി പിണറായി വിജയന്‍ പറഞ്ഞത് ശരിയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉപരോധ സമരം അവസാനിച്ച ദിവസം രാത്രി എട്ടരയോടെ ഫോണില്‍ വിളിച്ചപ്പോഴാണ് പിണറായിയുമായി ഇക്കാര്യം സംസാരിച്ചതെന്ന് തിരുവഞ്ചൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജുഡീഷ്യല്‍ അനേ്വഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിണറായി വിജയനെ ഫോണില്‍ വിളിച്ച് ഉറപ്പ് നല്‍കിയതായി സി പി എം സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. സമരത്തിന്റെ ആദ്യദിനം ബേക്കറി ജംഗ്ഷനിലെ സംഘര്‍ഷം പിണറായി ഇടപെട്ട് ശാന്തമാക്കിയതിനെ അഭിനന്ദിക്കാനാണ് ഫോണില്‍ വിളിച്ചത്. സംഭാഷണത്തിനിടയിലാണ് ഇത്തരം കാര്യങ്ങളും ചര്‍ച്ചാ വിഷയമായത്. എന്നാല്‍, പിണറായി വിജയനേപ്പോലെയൊരാള്‍ പറയുന്ന എല്ലാ കാര്യങ്ങളും പുറത്തുപറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
കേസിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിക്കുന്നതിന്റെ ഭാഗമായി നിര്‍ദേശങ്ങളുണ്ടെങ്കില്‍ നല്‍കുകയോ ചര്‍ച്ചയാണ് ആവശ്യമെങ്കില്‍ സമയവും തീയതിയും മുന്‍കുട്ടി നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് കത്തും നല്‍കിയിരുന്നു.
കത്തിന്റെ അടിസ്ഥാനത്തില്‍ എട്ട് പേജുള്ള നിര്‍ദേശങ്ങളടങ്ങിയ മറുപടി ലഭിച്ചതായും മന്ത്രി പറഞ്ഞു. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട 15 കേസുകളിലെ കുറ്റപത്രം 14 നുളളില്‍ സമര്‍പ്പിക്കുമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.