Connect with us

Kerala

സി പി എം ജില്ലാ സെക്രട്ടറിയുടെ നിലപാട് തള്ളി സംസ്ഥാന കമ്മിറ്റിയംഗം

Published

|

Last Updated

കൊച്ചി: ലുലു മാള്‍ റിസര്‍വ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ലെന്ന സി പി എം ജില്ലാ സെക്രട്ടറിയുടെ നിലപാട് തള്ളി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും സി ഐ ടി യു നേതാവുമായ കെ ചന്ദ്രന്‍ പിള്ള. ലുലു മാളില്‍ കൈയേറ്റമില്ലെന്ന റിസര്‍വ റിപ്പോര്‍ട്ടിനെ താന്‍ ബഹുമാനിക്കുന്നുവെന്ന് ചന്ദ്രന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അംഗീകരിക്കേണ്ടതും നിയമവിധേയവുമായ ഒരുപാട് ആധികാരികമായ വേദികള്‍ ഈ രാജ്യത്തുണ്ട.്
തര്‍ക്കപ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കാന്‍ അവര്‍ക്കാണ് കഴിയുക. ഭരണഘടനയും നിയമസംവിധാനവും കോടതിയുമെല്ലാം അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. ആധികാരിക വേദികളില്‍ നിന്നുണ്ടാകുന്ന റിപ്പോര്‍ട്ടുകളെ പൊതുവില്‍ നമ്മള്‍ സ്വീകരിക്കേണ്ടി വരും. തര്‍ക്കമുണ്ടെങ്കില്‍ ആ തര്‍ക്കം സൂഷ്മമായി മനസ്സിലാക്കി അതു പരിഹരിക്കുന്നതിന് ശ്രമിക്കാവുന്നതാണെന്നും ചന്ദ്രന്‍ പിള്ള പറഞ്ഞു.
ലുലു മാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇടപ്പള്ളി തോടില്‍ കൈയേറ്റമില്ലെന്ന സര്‍വേ റിപ്പോര്‍ട്ട് പാര്‍ട്ടി അംഗികരിക്കുന്നില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി ദിനേശ് മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവല്ലോയെന്ന ചോദ്യത്തിന് അദ്ദേഹത്തിനോട് ഒന്നു കൂടി ചോദിച്ചു നോക്കൂവെന്നായിരുന്നു ചന്ദ്രന്‍ പിള്ളയുടെ മറുപടി. ലുലു മാള്‍ കൈയേറ്റം നടത്തിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തണം. അതിന് നിയമപരമായ ഒട്ടേറെ സംവിധാനങ്ങള്‍ ഉണ്ട്. ഒരാളും കൈയേറ്റം നടത്തുന്നതിനോട് തനിക്ക് യോജിപ്പില്ല. പൊതു മുതല്‍ കൈയേറുന്നത് തെറ്റാണ്. താന്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വ്യവസായത്തിന്റെ സഹായത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.