ഭട്കലിന്റെ അറസ്റ്റ്‌: ജെ ഡി യു- ബി ജെ പി പോരിന് പുതിയ മുഖം

Posted on: September 1, 2013 2:13 am | Last updated: September 1, 2013 at 2:14 am
SHARE

Bhatkalപാറ്റ്‌ന: സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ യാസീന്‍ ഭട്കലിന്റെ പേരില്‍ ബി ജെ പിയും ജനതാദള്‍ യുവും ഏറ്റുമുട്ടുന്നു. പ്രധാന വോട്ട് ബേങ്കായ മുസ്‌ലിംകളുടെ അതൃപ്തിക്ക് കാരണമാകുമെന്നതിനാല്‍ യാസിന്‍ ഭട്കലിനെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യരുതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പോലീസിനോട് ആവശ്യപ്പെട്ടുവെന്നാണ് ബി ജെ പിയുടെ ആരോപണം. ഇന്ത്യന്‍ മുജാഹിദീന്‍ സഹസ്ഥാപകനായ ഭട്കലിനെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് എന്‍ ഐ എയും ബീഹാര്‍ പോലീസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയോടെ ഡല്‍ഹിയിലെത്തിച്ച ഭട്കലിനെ 12 ദിവസത്തെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുകയാണ്.
ആറ് സംസ്ഥാന സര്‍ക്കാറുകള്‍ കാത്തുനില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് ബീഹാര്‍ സര്‍ക്കാര്‍ ചോദ്യം ചെയ്യാനായി ഭട്കലിന്റെ കസ്റ്റഡി ആവശ്യപ്പെടാത്തതെന്ന് ബി ജെ പിയുടെ സംസ്ഥാന നേതാവ് സുശീല്‍ കുമാര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ കുറിച്ചു. ഗുണ്ടകളും തീവ്രവാദികളും എങ്ങനെയാണ് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ വക്താക്കളാകുന്നതെന്നും പരാമര്‍ശത്തില്‍ ബി ജെ പി മാപ്പ് പറയണമെന്നും ജനതാദള്‍ യു നേതാവ് കെ സി ത്യാഗി ആവശ്യപ്പെട്ടു. നരേന്ദ്ര മോഡിയെ എന്‍ ഡി എയുടെ പ്രചാരണത്തലവനായി നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ജൂണിലാണ് നിതീഷ് കുമാര്‍ 17 വര്‍ഷത്തെ മുന്നണി ബന്ധമവസാനിപ്പിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ബീഹാറിലെ ബോധഗയയില്‍ ജൂലൈയില്‍ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഭട്കല്‍ ഏറ്റെടുത്തുവെന്ന് ബി ജെ പി പറഞ്ഞു. എന്നാല്‍ ആരോപണം ബീഹാറിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ നിഷേധിച്ചു. ഭട്കലിനെതിരെ സംസ്ഥാനത്ത് അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.