രാജ്യത്ത് ഇത്തവണ ലഭിച്ചത് 11 ശതമാനം അധിക മഴ

Posted on: September 1, 2013 2:08 am | Last updated: September 1, 2013 at 2:08 am
SHARE

200236712-001പൂനെ: രാജ്യത്ത് ഇത്തവണ 11 ശതമാനം അധികം മഴ ലഭിച്ചു. ജൂലൈയില്‍ മാത്രം 17 ശതമാനം അധികം മഴയാണ് രേഖപ്പെടുത്തിയത്. മണ്‍സൂണില്‍ കൂടുതല്‍ മഴ ലഭിക്കുന്ന മാസങ്ങളിലെ കണക്കാണ് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടത്. ഇപ്പോള്‍ കാലവര്‍ഷം ദുര്‍ബലമായിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രഞ്ജന്‍ എസ് ബി ഗോന്‍ഖര്‍ പറഞ്ഞു.
ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 30 വരെ 781.3 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതില്‍ 74.6 മില്ലി മീറ്റര്‍ മഴ അധികം ലഭിച്ചതാണ്. കിഴക്കന്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞു. 29 ശതമാനം കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. വടക്കു പടിഞ്ഞാറ്,മധ്യ, തെക്കന്‍ ഇന്ത്യയില്‍ യഥാക്രമം 21, 29, 16 ശതമാനം അധിക മഴ ലഭിച്ചു. രാജ്യത്തിന്റെ ഭൂപടത്തിലെ 87 ശതമാനം പ്രദേശത്തും അധിക മഴയാണ് ലഭിച്ചത്. 13 ശതമാനം പ്രദേശത്താണ് മഴ കുറഞ്ഞത്. കിഴക്കന്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളാണിവ. വടക്കന്‍ സംസ്ഥാനങ്ങളില്‍ കാലവര്‍ഷം തുടരുമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആഗസ്റ്റ് 22 നും 28 നും മധ്യേ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കനത്ത മഴ ലഭിക്കും. ഇവിടെയാണ് ഇതുവരെ മഴക്കുറവ് അനുഭവപ്പെട്ടത്.