ലോകത്തെ അത്ഭുതപ്പെടുത്തുന്ന 10 തടാകങ്ങളില്‍ മൂന്നെണ്ണം ദുബൈയില്‍

Posted on: August 31, 2013 9:45 pm | Last updated: August 31, 2013 at 9:45 pm
SHARE

dubai-palm-jumeirahദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും ഹോട്ടല്‍ സമുച്ഛയുവുമെല്ലാം പണിത് ഗിന്നസ് ബുക്കില്‍ വെന്നിക്കൊടി പാറിച്ച ദുബൈ നഗരത്തിന് പുതിയ ഒരു ഖ്യാതി കൂടി. ലോകത്തെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന 10 കൃതൃമ തടാകങ്ങളില്‍ മൂന്നെണ്ണം നഗരത്തിലാണെന്നാണ് പുതിയ റിപോര്‍ട്ട്. വെതര്‍ ഡോട്ട് കോമാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
പാം ജുമൈറ, വേള്‍ഡ് ഐലന്റ്‌സ്, ബുര്‍ജുല്‍ അറബ് എന്നിവയാണിവ. രാജ്യത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ നഖീലാണ് പാം ജുമൈറ നിര്‍മിച്ചത്. ഈന്തപ്പന മരത്തിന്റെ ആകൃതിയില്‍ നിര്‍മിച്ച തടാകമാണിത്. ഇതിന് ചുറ്റിലുമായാണ് നഗരത്തിലെ ഏറ്റവും വിലകൂടിയ കെട്ടിട സമുച്ഛയങ്ങളും താമസ കേന്ദ്രങ്ങളും നഖീല്‍ ഒരുക്കിയിരിക്കുന്നത്. മുമ്പേ നഗരത്തിന്റെ അഭിമാനമായി എണ്ണപ്പെടുന്നതാണിത്. ആഢംബര ജീവിതത്തിന്റെ അവസാന വാക്കായാണ് പാം ജുമൈറ മേഖലയിലെ വില്ലകളും അപാര്‍ട്ട്‌മെന്റുകളും അറിയപ്പെടുന്നത്. ബീച്ചിലേക്ക് മുഖം നോക്കി ഇവിടെ നിര്‍മിച്ച വില്ലകള്‍ കാഴ്ചക്കാരില്‍ അശ്ചര്യം നിറക്കുന്നവയാണ്. പാം ജുമൈറയെ ചുറ്റി 6.8 മൈല്‍ ചുറ്റളവില്‍ പ്രകൃതി ദത്തമായ വെള്ളക്കെട്ടുമുണ്ട്. കൃത്രിമമായി നിര്‍മിച്ച ദ്വീപ് സമൂഹം ഉള്‍പ്പെടുന്നതാണ് നഖീലിന്റെ മറ്റൊരു പദ്ധതിയായ വേള്‍ഡ് ഐലന്റ്‌സ്. കടല്‍ തീരത്തു നിന്നും നാലു കിലോമീറ്ററോളം കടലിനകത്തേക്ക് മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബോട്ട് മാര്‍ഗ്ഗമോ വായു മാര്‍ഗമോ മാത്രമേ വേള്‍ഡ് ഐലന്റ്‌സിലേക്ക് എത്താനാവൂ. മൂന്നാമതായി ഇടം പിടിച്ച ബുര്‍ജുല്‍ അറബ് നേരത്തെ ലോകത്തിലെ മുന്തിയ ഹോട്ടലുകളുടെ പട്ടികയില്‍ ഇടം കണ്ടെത്തിയതാണ്. കടല്‍ത്തീരത്ത് നിന്നും 900 മീറ്റര്‍ കടലിനകത്തേക്ക് മാറിയാണ് ഈ ഹോട്ടല്‍ സമുച്ഛയം പണിതിരിക്കുന്നത്.