ഡല്‍ഹി കൂട്ടമാനഭംഗം: പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മൂന്ന് വര്‍ഷം ശിക്ഷ

Posted on: August 31, 2013 7:48 pm | Last updated: September 1, 2013 at 2:40 am
SHARE

mumbai rape

ന്യൂഡല്‍ഹി: ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനാണെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്. പ്രതിയെ മൂന്ന് വര്‍ഷത്തേക്ക് ദുര്‍ഗുണ പരിഹാര പാഠശാലയിലയക്കാന്‍ ബോര്‍ഡ് ഉത്തരവിട്ടു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിക്ക് പുറത്ത് ഉത്തരവിനെതിരെ വന്‍ പ്രതിഷേധം അരങ്ങേറി. വിധി കേള്‍ക്കാന്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുബാംഗങ്ങള്‍ കോടതിയില്‍ എത്തിയിരുന്നു. കോടതിക്ക് പുറത്ത് വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച് പൊട്ടിക്കരഞ്ഞ മാതാവ് പ്രതിക്ക് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് 23 കാരിയായ വിദ്യാര്‍ഥിനിയെ ന്യൂഡല്‍ഹിയില്‍ ബസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ബലാത്സംഗ ശ്രമം തടഞ്ഞ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി രണ്ടാഴ്ചക്ക് ശേഷം സിംഗപ്പൂരിലെ ആശുപത്രിയിലാണ് മരിച്ചത്. ആറ് പ്രതികളുള്ള കേസില്‍ ആദ്യമായാണ് ശിക്ഷ വിധിച്ചത്.