Connect with us

Business

പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോള്‍ ലിറ്ററിന് രണ്ട് രൂപ 35 പൈസയും ഡീസലിന് 50 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതിന് പുറമെ സംസ്ഥാന നികുതി കൂടി കൂടുമ്പോള്‍ വില വീണ്ടുമുയരും. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. രണ്ട് മാസത്തിനിടെ ഇത് ആറാം തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. ഇക്കാലയളവിനിടെ ഏഴ് രൂപയോളം പെട്രോളിന് വര്‍ധിച്ചു.

പുതുക്കിയ വിലയനുസരിച്ച് സംസ്ഥാനത്ത് പെട്രോളിന് 76 രൂപയാകും. പെട്രോളിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധനയാണിത്. നാണ്യ വിപണിയില്‍ രൂപയുടെ മൂല്യം ഇടിയുന്നതും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതുമാണ് വില വര്‍ധിപ്പിക്കാന്‍ കാരണം.

നിലവിലെ സ്ഥിതിയനുസരിച്ച് ഈ വര്‍ഷം ഇന്ധന സബ്‌സിഡി ഇനത്തിലെ ബാധ്യത 1,80,000 കോടി രൂപയായി ഉയരുമെന്ന് കാണിച്ച് പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വില വര്‍ധന വരുന്നത്. ഡീസല്‍ വില അടുത്ത് തന്നെ ഇനിയും കൂടാനും സാധ്യതയുണ്ട്. ഡീസലിന് പ്രതിമാസ വര്‍ധന മാത്രമേ ഇപ്പോള്‍ ഉണ്ടായിട്ടുള്ളൂ.