പരിഷ്‌കരണ നടപടികള്‍ ശക്തമാക്കും: പ്രധാനമന്ത്രി

Posted on: August 31, 2013 6:22 am | Last updated: August 31, 2013 at 10:23 am
SHARE

manmohanന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരിഷ്‌കരണം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇപ്പോള്‍ നടന്ന പരിഷ്‌കാരങ്ങളേക്കാള്‍ ദുഷ്‌കരമായ നടപടികളിലേക്കാണ് ഭാവിയില്‍ നീങ്ങുക. സബ്‌സിഡി വന്‍തോതില്‍ കുറക്കേണ്ടി വരും. ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ മേഖലയില്‍ സമൂലമായ പരിഷ്‌കരണം നടപ്പാക്കും. ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് കൊണ്ടുവരും. ഇക്കാര്യങ്ങളില്‍ വിശാലമായ രാഷ്ട്രീയ സമവായം അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രൂപയുടെ വിലയിടിവ് സംബന്ധിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.
നിലവിലെ പ്രതിസന്ധി ആശങ്കാജനകം തന്നെയാണ്. അതുകൊണ്ട് സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ നിന്ന് പിന്നോട്ടു പോകില്ല. രൂപയെ രക്ഷിക്കാന്‍ മൂലധന നിയന്ത്രണങ്ങള്‍ക്ക് മുതിരുകയുമില്ല. ഹ്രസ്വകാല ഞെട്ടലുകള്‍ക്ക് രാജ്യം തയ്യാറാകേണ്ടി വന്നേക്കാം. എന്നാല്‍, ദീര്‍ഘകാലത്ത് അടിസ്ഥാന സൂചകങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കും. യു എസ് കൈക്കൊണ്ട നയം ആഗോള കറന്‍സികളെയെല്ലാം ബാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.