ലോറി ഡ്രൈവര്‍മാര്‍ക്ക് മെഡിക്കല്‍ പെര്‍മിറ്റ് നിര്‍ബന്ധം

Posted on: August 31, 2013 7:32 am | Last updated: August 31, 2013 at 7:32 am
SHARE

loryദുബൈ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അടുത്ത മാസം 15 മുതല്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് മെഡിക്കല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കാന്‍ ആര്‍ ടി എ തീരുമാനിച്ചു. ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കാന്‍ മതിയായ ആരോഗ്യമുണ്ടെന്ന് ഉറപ്പുവരുത്താനാണ് മെഡിക്കല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. വിവിധ ഘട്ടങ്ങളായി എമിറേറ്റില്‍ നടപ്പിലാക്കി വരുന്ന ഫെഡറല്‍ നിയമത്തിന്റെ തുടര്‍ച്ചയായാണ് മെഡിക്കല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കാനുള്ള നടപടി.
വാഹനം ഓടിക്കാന്‍ ആരോഗ്യപരമായി പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ എത്തുന്നവര്‍ക്ക് സെപ്തംബര്‍ 15ന് ശേഷം ലൈസന്‍സ് പുതുക്കി നല്‍കില്ല. മെഡിക്കല്‍ പെര്‍മിറ്റ് ഓരോ വര്‍ഷവും പുതുക്കുകയും വേണം. കാലവധി അവസാനിച്ച മെഡിക്കല്‍ പെര്‍മിറ്റുമായി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടിയാവും സ്വീകരിക്കുകയെന്നും ആര്‍ ടി എ സൂചിപ്പിച്ചു.
ഡ്രൈവറായി ജോലി ചെയ്യുന്നവര്‍ക്കും വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് വാഹനം ഓടിക്കുന്നവര്‍ക്കും പുതിയ ലൈസന്‍സ് എടുക്കുന്ന അവസരത്തില്‍ മെഡിക്കല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് ആര്‍ ടി എ ഒന്നാം ഘട്ടത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനം. അടുത്ത ഒക്ടോബര്‍ മധ്യത്തോടെ ഫെഡറല്‍ നിയമത്തിന്റെ ചുവട് പിടിച്ചുള്ള മൂന്നാം ഘട്ട പരിഷ്‌ക്കാരം നടപ്പാക്കും. ഇതോടെ എമിറേറ്റില്‍ ബസും ടാക്‌സിയും ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും ലൈസന്‍സ് പുതുക്കുമ്പോള്‍ മെഡിക്കല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കും.
വാഹനം ഓടിക്കാനായി ലൈസന്‍സിന് ശ്രമിക്കുന്ന എല്ലാ വിഭാഗം പ്രഫഷണലുകള്‍ക്കും വൈദ്യ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് അടുത്ത മാസം 15 മുതല്‍ മെഡിക്കല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നതെന്ന് ആര്‍ ടി എയുടെ ലൈസന്‍സിംഗ് ഏജന്‍സി വിഭാഗം സി ഇ ഒ അഹമ്മദ് ഹാഷിം ബെഹ്‌റൂസിയാന്‍ വ്യക്തമാക്കി.
കഴിഞ്ഞ മെയ് മാസം മുതല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ലൈസന്‍സിന് ശ്രമിക്കുന്നവര്‍ക്ക് വൈദ്യ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനായി എമിറേറ്റില്‍ ഏഴ് സ്ഥാപനങ്ങള്‍ക്ക് വൈദ്യ പരിശോധന നടത്താന്‍ ആര്‍ ടി എ അംഗീകാരവും നല്‍കിയിട്ടുണ്ട്. പുതിയ ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ട് 300 വൈദ്യ പരിശോധനകളാണ് ഇതുവരെ നടന്നത്. ആര്‍ ടി എ അനുമതി നല്‍കിയ മെഡിക്കല്‍ സെന്ററുകളില്‍ അപസ്മാരം, ചില പ്രത്യേക തരം പ്രമേഹം, ഹൃദ്‌രോഗം, രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടോയെന്നാണ് വിദഗ്ധ പരിശോധന നടത്തുന്നത്. ഇത്തരം അസുഖ ബാധിതര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഒരു കാരണവശാലും നല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം രോഗമുള്ളവര്‍ക്ക് ലൈസന്‍സ് നല്‍കുകയും വാഹനം ഓടിക്കുന്നതിനിടയില്‍ രോഗം വഷളാവുകയും ചെയ്താല്‍ മരണത്തിന് വരെ ഇടയാക്കുന്ന അപകടങ്ങളാവും സംഭവിക്കുക. ഇത് ഒഴിവാക്കുക കൂടി ലക്ഷ്യമിട്ടാണ് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇത്തരക്കാരെ ദീര്‍ഘനേരം വാഹനം ഓടിക്കാന്‍ അനുവദിക്കുന്നത് അവരുടെ ജീവന് മാത്രമല്ല മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുമെന്നും സി ഇ ഒ വിശദീകരിച്ചു.
യു കെയില്‍ നടപ്പാക്കുന്ന നിലവാരമാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതുമായി ദുബൈയിലും ഇപ്പോള്‍ നടപ്പാക്കുന്നത്. എമിറേറ്റില്‍ വാഹനാപകട മരണങ്ങള്‍ പൂജ്യത്തില്‍ എത്തിക്കുകയെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമാണ് പരിഷ്‌ക്കാരങ്ങള്‍.
തീര്‍ച്ചയില്ലാത്ത ആരോഗ്യവുമായി വാഹനം ഓടിക്കുന്നത് ഒഴിവായാല്‍ പല വന്‍ അപകടങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് എമിറേറ്റില്‍ നടന്ന അപകടങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് വൈദ്യ പരിശോധന നടത്തുന്നത്.
എമിറേറ്റിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കൊപ്പം ആസ്റ്റര്‍ മെഡിക്കല്‍ സെന്ററുകള്‍, ഡി എച്ച് എ ക്ലിനിക്കുകള്‍, സുലേഖ ഹോസ്പിറ്റല്‍, ഇറാനിയന്‍ ഹോസ്പിറ്റല്‍, കനേഡിയന്‍ ഹോസ്പിറ്റല്‍, ഗള്‍ഫ് ഹെല്‍ത്ത് സെന്റര്‍ എന്നിവക്കാണ് വൈദ്യ പരിശോധന നടത്താന്‍ ആര്‍ ടി എ അനുമതി നല്‍കിയിരിക്കുന്നതെന്നും അഹമ്മദ് ഹാഷിം ബെഹ്‌റൂസിയാന്‍ പറഞ്ഞു.