പൊതുനിരത്തില്‍ മത്സരയോട്ടം നടത്തിയ വാഹനങ്ങള്‍ പിടികൂടി

Posted on: August 31, 2013 7:26 am | Last updated: August 31, 2013 at 7:26 am
SHARE

ദുബൈ: അപകടകരമായ രീതിയില്‍ മത്സരയോട്ടം നടത്തിയ ആഞ്ച് ആഡംബര കാറുകള്‍ ട്രാഫിക് പോലീസ് പിടികൂടി. സ്വന്തം ജീവനും മറ്റുള്ളവരെയും അപകടപ്പെടുത്തുന്ന രീതിയില്‍ വാഹനം ഓടിച്ചതിനു ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് പിഴ ചുമത്തി.
യൂനിവേഴ്‌സിറ്റി ഭാഗത്ത് പൊതുനിരത്തില്‍ 180 കിലോ മീറ്റര്‍ വേഗത്തില്‍ മത്സരയോട്ടം നടത്തുന്നതിനിടെയാണ് മൂന്ന് വാഹനങ്ങള്‍ പോലീസ് പിടികൂടിയത്. 80 കി. മീറ്റര്‍ മാത്രം വേഗത അനുവദിക്കപ്പെട്ട ഭാഗമാണിതെന്ന് പോലീസ് പറഞ്ഞു. മുന്നില്‍ ഒരു കാറിലെ ഡ്രൈവര്‍ മറ്റു രണ്ടു കാറുകളുടെ മത്സരയോട്ടത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയിരുന്നതായും പോലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തില്‍ മൈദാന്‍ റോഡില്‍ അപകടകരമായ രീതിയില്‍ മത്സരയോട്ടം നടത്തുകയായിരുന്ന രണ്ടു കാറുകള്‍ പോലീസ് പിടികൂടി. ഈ സംഭവത്തില്‍ മൂന്നാമത്തെ കാറിന്റെ ഡ്രൈവര്‍ പോലീസ് പിന്തുടരുന്നത് കണ്ട് കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടു. അമിത വേഗത പിടികൂടാനുള്ള റഡാറുകള്‍ ഉള്ള സ്ഥലമെത്തുമ്പോള്‍ വേഗത കുറക്കുകയും ശേഷം അമിത വേഗതയില്‍ തന്നെ പരസ്പരം മത്സരിച്ചു ഓടിക്കുകയുമാണ് ഇവര്‍ ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. പിടിയിലായ സ്വദേശി യുവാക്കളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതായും അവര്‍ പറഞ്ഞു.