ദുബൈക്ക് വന്‍ സാമ്പത്തിക നേട്ടമാവുമെന്ന് വിലയിരുത്തല്‍

Posted on: August 31, 2013 7:21 am | Last updated: August 31, 2013 at 7:21 am
SHARE

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020ന് ആതിഥ്യമരുളാന്‍ അവസരം ലഭിച്ചാല്‍ അത് ദുബൈക്ക് വന്‍ സാമ്പത്തിക നേട്ടമായി മാറുമെന്ന് വിലയിരുത്തല്‍. ലോകത്തിലെ വന്‍ മാമാങ്കങ്ങളായ ഒളിമ്പിക്‌സിനും ഫിഫ വേള്‍ഡ് കപ്പിനും ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന കേമമായ മാമാങ്കം കൂടിയാണ് വോള്‍ഡ് എക്‌സ്‌പോ 2020. കഴിഞ്ഞ തവണ ചൈനീസ് നഗരമായ ഷാങ്ഹായ് ആഥിത്യമരുളിയ അവസരത്തില്‍ 7.3 കോടി സന്ദര്‍ശകരാണ് എക്‌സ്‌പോക്ക് എത്തിയത്. ഒരു ദിനത്തില്‍ മാത്രം 10 ലക്ഷത്തില്‍ അധികം പേര്‍ എത്തിയതും അന്ന് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 1,300 കോടി ഡോളറായിരുന്നു ഇതിലൂടെ ചൈനീസ് സമ്പത് വ്യവസ്ഥക്ക് ലഭിച്ചത്.
2020ലെ എക്‌സ്‌പോക്കായി ദുബൈക്കൊപ്പം ബ്രസീലിലെ സാവോപോളോ, തുര്‍ക്കിയിലെ ഇസ്മിര്‍, റഷ്യയിലെ എകതാരിന്‍ബര്‍ഗ് എന്നീ നഗരങ്ങളാണ് മത്സരിക്കുന്നത്. തുര്‍ക്കിയിലെയും റഷ്യയിലെയും അസ്വാരസ്യങ്ങളും സാവോപോളോയുടെ ധനസ്ഥിതിയുമെല്ലാം കാരണം എക്‌സ്‌പോ 2020ന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന നഗരമാണ് ദുബൈ. ഇത് മനസിലാക്കി എക്‌സ്‌പോയെ യു എ ഇയിലേക്ക് എത്തിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. എക്‌സ്‌പോയുടെ സംഘാടകരായ ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സിന്റെ ജനറല്‍ അസംബ്ലിയില്‍ എന്തെല്ലാം കാര്യങ്ങളാലാണ് എക്‌സ്‌പോ 2020ന് ആഥിത്യമരുളാന്‍ ദുബൈ എന്തുകൊണ്ടും യോഗ്യമാണെന്നത് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഭാര്യ ശൈഖ ഹയ ബിന്‍ത് അല്‍ ഹുസൈനും ബോധ്യപ്പെടുത്തിയിരുന്നു. ഇത് നേട്ടമായി മാറുമെന്നാണ് ഏവരും പതീക്ഷിക്കുന്നത്.
ലോകം ഉറ്റുനോക്കുന്ന ഒരു സംഭവമായതിനാലും സാംസ്‌കാരിക കൈമാറ്റങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നതിനാലുമാണ് എക്‌സ്‌പോക്ക് ആഥിത്യം അരുളാന്‍ ആഗ്രഹിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. നാളത്തെ വെല്ലുവിളികളെ നേരിടാന്‍ യു എ ഇക്ക് കരുത്തായും എക്‌സ്‌പോ ആഥിത്യം മാറും. മനുഷ്യ മനസുകളെ വേര്‍തിരിവില്ലാതെ ഒന്നിപ്പിക്കാനും സമുന്നതമായ ഭാവി കരുപ്പിടിപ്പിക്കാനും എക്‌സ്‌പോ സഹായകമാവുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞിരുന്നു. 646 പൗണ്ട്(3,107) കോടി ദിര്‍ഹര്‍മാണ് എക്‌സ്‌പോക്കായി ദുബൈ പ്രതീക്ഷിക്കുന്ന ചെലവ്. ഇതില്‍ 1.24 പൗണ്ട് ടിക്കറ്റ് വില്‍പ്പന, സ്‌പോണ്‍സര്‍ഷിപ്പ്, ഭക്ഷ്യപാനീയ വില്‍പ്പന തുടങ്ങിയവയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
182 രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എക്‌സ്‌പോക്കായി ദുബൈയിലേക്ക് ഒഴുകും. ദുബൈ എയര്‍പോര്‍ട്ട്, എമിറേറ്റ്‌സ് എയര്‍ലൈന്‍, എമിറേറ്റ്‌സ് എന്‍ ബി ഡി, ഇത്തിസലാത്ത്, ഡി പി വേള്‍ഡ്, ജുമൈറ ഗ്രൂപ്പ് തുടങ്ങിയ വമ്പന്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 180 കമ്പനികള്‍ എക്‌സ്‌പോയെ പിന്തുണക്കാന്‍ തയ്യാറായി നില്‍ക്കുന്നതുമെല്ലാം ദുബൈക്ക് നേട്ടമാവുമെന്നാണ് കരുതുന്നത്.