ഹോക്കി: ഇന്ത്യ ലോകകപ്പിന്‌

Posted on: August 31, 2013 7:18 am | Last updated: August 31, 2013 at 7:18 am
SHARE

india_300-hockey-asia-malaysiaഇപോ(മലേഷ്യ): ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റിന്റെ സെമിയില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടതോടെ മലേഷ്യയെ കീഴടക്കി ഫൈനലിലെത്തിയ ഇന്ത്യ ലോകകപ്പിന് യോഗ്യത നേടി. പാക്കിസ്ഥാനെ തോല്‍പ്പിച്ച ദക്ഷിണകൊറിയ നേരത്തെ തന്നെ ലോകകപ്പിന് യോഗ്യത നേടിയതു കൊണ്ടാണ് ഇന്ത്യക്ക് ഫൈനല്‍ പ്രവേശത്തോടെ ലോകകപ്പ് ബെര്‍ത് ഉറപ്പായത്.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ മലേഷ്യയെ തോല്‍പ്പിച്ചതെങ്കില്‍ ദക്ഷിണകൊറിയ 2-1നാണ് പാക്കിസ്ഥാനെ വീഴ്ത്തിയത്. അടുത്ത വര്‍ഷം ഹോളണ്ടിലെ ഹേഗാണ് ലോകകപ്പിന് വേദിയാകുന്നത്. ഏഷ്യാ കപ്പ് ഫൈനലില്‍ നാളെ ഇന്ത്യ-ദ.കൊറിയ പോരാട്ടം. ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കൊറിയയെ തോല്‍പ്പിച്ചിരുന്നു.
1971 ല്‍ തുടക്കം കുറിച്ച ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പാക്കിസ്ഥാനില്ലാത്ത ലോക പോരിന് കളമൊരുങ്ങി. ഏഷ്യാ കപ്പ് തോല്‍വിക്ക് പിന്നാലെ പാക്കിസ്ഥാന്‍ ഹോക്കി കോച്ച് താഹിര്‍ സമാന്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചു. ദക്ഷിണകൊറിയയെ നേരിടാനിറങ്ങും മുമ്പ് തന്നെ താഹിര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കുന്നില്ലെങ്കില്‍ അതൊരു മോശം വാര്‍ത്തയാണ്. ഹേഗിലെ ലോകകപ്പ് യോഗ്യത ഉറപ്പാക്കാന്‍ അവസാന അവസരമാണിത്. ഇവിടെ ജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പരിശീലകനായി തുടരുന്നതില്‍ അര്‍ഥമില്ല- താഹിര്‍ സെമിഫൈനലിന് മുമ്പ് പറഞ്ഞു.
സുല്‍ത്താന്‍ അസ്‌ലന്‍ഷാ സ്റ്റേഡിയത്തില്‍ ഇന്ത്യ മലേഷ്യയെ നേരിട്ടത് വര്‍ധി ആത്മവിശ്വാസത്തിലായിരുന്നു. തുടക്കത്തില്‍ തന്നെ ഗോള്‍ നേടാന്‍ സാധിച്ചത് നിര്‍ണായകമായി. എട്ടാം മിനുട്ടില്‍ ഇന്ത്യക്ക് ലഭിച്ച ആദ്യ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ഡ്രാഗ് ഫ്‌ളിക്കര്‍ രഘുനാഥാണ് മികച്ച തുടക്കം നല്‍കിയത്. ടൂര്‍ണമെന്റില്‍ രഘുനാഥിന്റെ ഏഴാം ഗോളായിരുന്നു ഇത്. മികച്ച പാസിംഗുകളുമായി കളം നിറഞ്ഞ മലേഷ്യ തുടരെ അവസരങ്ങള്‍ സൃഷ്ടിച്ചത് ഇന്ത്യന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തി. എന്നാല്‍, തകര്‍പ്പന്‍ ഫോമിലുള്ള മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ മിടുക്ക് ആതിഥേയ ടീമിന് വിനയായി.
മലേഷ്യന്‍ ഗോളി കുമാര്‍ സുബ്രഹ്മണ്യത്തെ ഇടക്ക് പരീക്ഷിക്കാന്‍ നീലപ്പട മറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രുപീന്ദര്‍പാല്‍ സിംഗിന്റെ ഗോള്‍ ശ്രമം സുബ്രഹ്മണ്യം തടഞ്ഞു. അമ്പത്തെട്ടാം മിനുട്ടില്‍ അഹമ്മദ് താജുദ്ദീന്‍ മലേഷ്യയുടെ സുവര്‍ണാവസരം പാഴാക്കിയത് കാണികളില്‍ നിരാശ പടര്‍ത്തി.
രണ്ട് മിനുട്ടിനുള്ളില്‍ ഇന്ത്യ ലീഡ് വര്‍ധിപ്പിച്ചതോടെ ഗ്യാലറിയില്‍ മ്ലാനത. രമണ്‍ദീപ് സിംഗുമായി വണ്‍ ടു ഗെയിമിലൂടെ മുന്നേറിയ മന്‍ദീപ് സിംഗാണ് ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ മന്‍ദീപിന്റെ അഞ്ചാം ഗോളാണിത്.