തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനിലേക്ക് സി പി എം നടത്തിയ മാര്‍ച്ച് അക്രമാസക്തം

Posted on: August 31, 2013 1:33 am | Last updated: August 31, 2013 at 1:33 am
SHARE

കുറ്റിയാടി: സി പി എം കുന്നുമ്മല്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് അക്രമാസക്തമായി.
രണ്ട് പോലീസുകാര്‍ക്കും സി പി എമ്മിന്റെ രണ്ട് വനിതാ ജനപ്രതിനിധികള്‍ക്കും പരുക്കേറ്റു. കായക്കൊടി പഞ്ചായത്തിലെ നെല്ലിലായിയില്‍ ബസ് സ്റ്റോപ്പില്‍ ഇരുന്ന മൂന്ന് സി പി എം പ്രവര്‍ത്തകരെ എസ് ഐ സോമനും ചില പോലീസുകാരും മര്‍ദിക്കുകയും ബസ് സ്റ്റോപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്‌തെന്നാരോപിച്ച് എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
പരുക്കേറ്റ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി സുമതി, കായക്കൊടി പഞ്ചായത്ത് അംഗം ശ്രീജ, പോലീസുകാരായ സുരേഷ്, സജീവന്‍ എന്നിവരെ കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ചിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത് പോലീസ് തടയുന്നതിനിടെയാണ് ഇവര്‍ക്ക് പരുക്കേറ്റത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പോലീസ് വിരട്ടിയോടിച്ചു. മാര്‍ച്ച് കെ പി കുഞ്ഞമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. കെ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ കെ ലതിക എം എല്‍ എ, കെ കെ ദിനേശന്‍, എന്‍ കെ ശശി പ്രസംഗിച്ചു.