കൊയിലാണ്ടി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണത്തിന് പച്ചക്കൊടി

Posted on: August 31, 2013 1:31 am | Last updated: August 31, 2013 at 1:31 am
SHARE

കൊയിലാണ്ടി: സംസ്ഥാന ധനകാര്യ വകുപ്പിന്റെ ചുവപ്പ്‌നാടയില്‍ കുരുങ്ങി നിര്‍മാണം അനിശ്ചിതത്വത്തിലായ താലൂക്ക് ആശുപത്രി പുതിയ ബഹുനില കെട്ടിടത്തിന് ഒടുവില്‍ ധനകാര്യ വകുപ്പിന്റെ പച്ചക്കൊടി.

കെട്ടിട നിര്‍മാണത്തിന് 19 കോടിയുടെ അനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി നഗരസഭാ കൗണ്‍സിലര്‍ വി പി ഇബ്‌റാഹിം കുട്ടി അറിയിച്ചു. ആറ് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന് 2013 ജൂണില്‍ ഉന്നതാധികാര സമിതിയുടെ അനുമതി ലഭിച്ചിരുന്നു.
ജൂലൈയില്‍ നിര്‍മാണം തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ധനവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ തുടര്‍നടപടി നീളുകയായിരുന്നു. പകര്‍ച്ചപ്പനിയും മറ്റും കാരണം ഇപ്പോള്‍ ഒ പി വിഭാഗത്തില്‍ എത്തുന്ന രോഗികളുടെ എണ്ണം 2000ത്തോളം വരുമെന്നാണ് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നത്.
പരിമിതി കാരണം പലപ്പോഴും രോഗികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. മികച്ച ഓപ്പറേഷന്‍ തിയേറ്റര്‍ ഉണ്ടെങ്കിലും പോസ്റ്റ് ഓപറേറ്റീവ് വാര്‍ഡ് പഴയ കെട്ടിടത്തില്‍ തന്നെയാണ്.
ആശുപത്രിയില്‍ ട്രോമോ കെയര്‍ സേവനത്തിന് അനുമതിയായിട്ട് വര്‍ഷങ്ങളായെങ്കിലും പ്രവര്‍ത്തനമാരംഭിക്കാനായില്ല. ഗൈനക്കോളജി വിഭാഗത്തില്‍ കീഹോള്‍ ശസ്ത്രക്രിയ, ഓര്‍ത്തോ വിഭാഗത്തില്‍ സന്ധിമാറ്റല്‍ ശസ്ത്രക്രിയ, ഇ എന്‍ ടി വിഭാഗത്തില്‍ വീഡിയോ എന്‍ഡോസ്‌കോപ്പി തുടങ്ങിയ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും കെട്ടിടത്തിന്റെ കാലപ്പഴക്കം ഈ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പുതിയ കെട്ടിടം നിലവില്‍ വരുന്നതോടെ ഇവക്കെല്ലാം പരിഹാരമാകുമെന്നാണ് പ്രതീക്ഷ.