ഓണത്തെ വരവേല്‍ക്കാന്‍ കുടുംബശ്രീ ഒരുങ്ങി

Posted on: August 31, 2013 1:15 am | Last updated: August 31, 2013 at 1:15 am
SHARE

പാലക്കാട്: ഓണത്തെ വരവേല്‍ക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമായെത്തുന്നു.
ജില്ലാ കുടുംബശ്രീ മിഷന്‍ ഒരുക്കുന്ന ഭക്ഷ്യമേളയും ഓണച്ചന്തകളും രണ്ടുമുതല്‍ വിവിധ പഞ്ചായത്തുകളില്‍ ആരംഭിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വിപണിയില്‍ കുടുംബശ്രീ ശുദ്ധമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിതരണത്തിനെത്തിക്കും. ജില്ലയിലെ 35,000ത്തോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് ഓണച്ചന്തയിലും ഭക്ഷ്യമേളയിലും അണിനിരക്കുന്നത്.
നാടന്‍ രൂചിഭേദങ്ങളുമായി നൂട്രിമിക്‌സ് പ്രവര്‍ത്തകരുമുണ്ട്. അംഗന്‍വാടിയില്‍ കുടുംബശ്രീകള്‍ വഴി വിതരണം ചെയ്യുന്ന നൂട്രിമിക്‌സിന്റെ ഉപോല്പന്നമായ ചെമ്പ പുട്ടുപൊടിയും വിവിധയിനം കൊണ്ടാട്ടങ്ങളും അച്ചാറുകളും പൊടികളും വിപണിയിലുണ്ടാകും. ജില്ലയിലെ 45 കുടുംബശ്രീ കാന്റീന്‍ പ്രവര്‍ത്തകര്‍ ഒരുക്കുന്ന ഓണം ഭക്ഷ്യമേള രുചിയേറിയ നാടന്‍ വിഭവങ്ങള്‍ മുതല്‍ വൈവിധ്യമാര്‍ന്ന തെന്നിന്ത്യന്‍ രുചിക്കൂട്ടുകളുടെ വരെ കലവറയാകും.
ജില്ലയില്‍ 100 ഓണച്ചന്തകള്‍ തുടങ്ങാനാണ് പദ്ധതി. ഗ്രാമപഞ്ചായത്തുകള്‍ തോറും നടത്തുന്ന ഓണച്ചന്തകളില്‍ 2200ഓളം സംരംഭകരാണ് പങ്കെടുക്കുന്നത്.