ഐ എന്‍ എ ഭടന്‍ അപ്പു നായര്‍ക്ക് ഇന്ന് നൂറിന്റെ നിറവ്

Posted on: August 31, 2013 1:14 am | Last updated: August 31, 2013 at 1:14 am
SHARE

ആനക്കര:
ഐ എന്‍ എ ഭടന്‍ അപ്പുനായര്‍ക്ക് ഇന്ന് നൂറിന്റെ നിറവ്. സിംഗപ്പൂരില്‍ മെക്കാനിക്കായി ജോലി ചെയ്യുമ്പോഴാണ് ആവേശം മൂത്ത് ഐ എന്‍ എ യില്‍ എത്തുന്നത്.
കൈവിരല്‍ അറുത്ത് ആ രക്തം കൊണ്ട് പ്രതിജ്ഞയില്‍ ഒപ്പിട്ടാണ് ഐ എന്‍ എയിലെ നമ്പര്‍ ടു ഡിവിഷനില്‍ എത്തിയത്. ബിഡാരി ക്യാമ്പില്‍ വെച്ചാണ് അന്ന് പ്രതിജ്ഞയെടുത്തത്. രണ്ട് മാസം കഠിനമായ പരിശീലനവും ലഭിച്ചു. പിന്നീടാണ് ക്യാമ്പ് അംഗങ്ങളോടു മുഴുവന്‍ റങ്കൂണിലേക്കുപോകാന്‍ നിര്‍ദ്ദേശം ലഭിച്ചത്. യുദ്ധത്തെ തുടര്‍ന്ന് റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ കാല്‍നടയായിട്ടാണ് യാത്ര. സിംബോങ്ങില്‍ നിന്ന് കാടുവഴി 700 ഓളം കിലോമീറ്ററുകളാണ് നടന്നത്. മൃഗങ്ങളും ദുര്‍ഘട പാതകളും അട്ടകളും തേളുകളും നിറഞ്ഞ വനാന്തര യാത്ര ഇപ്പോഴും മനസ്സില്‍ ഭീതിയായി നില്‍ക്കുന്നു.
രണ്ട് കൂറ്റന്‍ മലകളും കയറിയിറങ്ങി. പലവട്ടം ബ്രിട്ടീഷ് പട്ടാളത്തിന്റെ തിരച്ചിലില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കാട്ടിലൂടെയുള്ള നടത്തത്തിനുശേഷം കുറച്ചുദൂരം വാഹനത്തിലാണ് യാത്രതുടര്‍ന്നത്. പിന്നീട് ബോട്ടുവഴി ഉള്‍ക്കടലിലെത്തി. അവിടെ നിന്ന് കപ്പല്‍ വഴിയായിരുന്നു റങ്കൂണിലേക്കുള്ള യാത്ര. അവിടെ നിന്ന് ക്യൂഷൈന്‍ എന്ന സ്ഥലത്തെത്തി, അവിടെവെച്ചാണ് യുദ്ധതന്ത്രങ്ങളും ആയുധ പരിശീലനങ്ങളും ലഭിച്ചത്.
പരിശീലനം നേടി മംഗലാം ടൗണിലെ കാളാസ്‌കൂളിനു സമീപത്തേക്ക് പോകും വഴിയാണ് ബ്രിട്ടീഷ് പട്ടാളത്തിന്റെ ആക്രമണമുണ്ടായത്. ഈ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പിടിയിലാവുകയും ചെയ്തു. ബ്രിട്ടീഷ് പട്ടാളത്തിന്റെ പിടിയിലാകപ്പെട്ട അപ്പുനായര്‍ക്ക് ആറ് മാസവും 20ദിവസവും ജയിലില്‍ കിടക്കേണ്ടിവന്നു. ജെയില്‍ വാസത്തിനിടയിലാണ് സുഭാഷ് ചന്ദ്രബോസ് അപകടത്തില്‍ മരിച്ചതായ വിവരം ലഭിക്കുന്നത്. എന്നാല്‍ ഇത് വിശ്വസിക്കുന്ന കൂട്ടത്തിലല്ല അപ്പുനായര്‍.
ബോസ് മരിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് അപ്പുനായര്‍. ബോസിന്റെ അറിവോടെ കെട്ടിച്ചമച്ചതാണ് ഈ നാടകം. ചെങ്കോട്ടയില്‍ ദേശീയ പതാക പാറുന്ന സമയത്ത് വേഷപ്രച്ഛന്നനായി താന്‍ ഉണ്ടാകുമെന്നാണ് ജയില്‍വാസത്തിനിടയില്‍ ഞങ്ങള്‍ക്കു ലഭിച്ച രഹസ്യ വിവരം. അപ്പുനായര്‍ ഉള്‍പ്പെടയുള്ള പരിശീലന ക്യാമ്പുകളില്ലാം പലവട്ടം പലവേഷങ്ങളിലായി സുഭാഷ് ചന്ദ്രബോസ് സന്ദര്‍ശിച്ചിട്ടുണ്ട്. ഇദ്ദേഹം പോയതിനുശേഷമാണ് അത് ചന്ദ്രബോസായിരുന്നുവെന്ന് ഞങ്ങള്‍ അറിയുന്നത്-അപ്പുനായര്‍ പറഞ്ഞു.
ജയില്‍ വാസത്തിനുശേഷം നാട്ടിലെത്തിയാണ് വിവാഹം കഴിഞ്ഞത്. ബോസിന്റെ വലിയ ഫോട്ടോ, ഐ എന്‍ എയുടെ യൂണിഫോം, ബാഡ്ജുകള്‍ എന്നിവ അടക്കം ഇപ്പോഴും ഇദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. ഓരോ സ്വാതന്ത്ര ദിനം എത്തുമ്പോഴും പല ദേശങ്ങളില്‍ നിന്നായി എത്തുന്ന കുട്ടികള്‍ക്ക് ആവേശം ഒട്ടും ചോരാതെ പോരാട്ടകഥകള്‍ പകര്‍ന്നു കൊടുക്കുന്നുണ്ട്.