പനമരത്ത് ചീങ്കണ്ണി ശല്ല്യം വ്യാപകം

Posted on: August 31, 2013 1:10 am | Last updated: August 31, 2013 at 1:10 am
SHARE

മാനന്തവാടി: പനമരം ചെറിയ പാലത്തിന് സമീപം ചീങ്ങണ്ണി ശല്ല്യം വ്യാപകമായി. പാലത്തിന് സമീപം നെല്ലിയമ്പം റോഡ് ജംഗ്ഷന് അഷടുത്താണ് രാത്രികാലങ്ങളില്‍ ചീങ്ങണ്ണി ശല്ല്യം അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം രാത്രി 11.300ഓടെ ചീങ്കണ്ണി നെല്ലിയമ്പം ജംഗ്ഷന് സമീപം മാങ്കേറ്റിക്കര മമ്മുവിന്റെ വീടിനോട് ചേര്‍ന്നള്ള കടയുടെ ചായ്പ്പല്‍ കയറിയിരുന്നു. ഇതു വഴി വന്ന ബൈക്ക് യാത്രക്കാരാണ് മുതലയെ ആദ്യം കണ്ടത്. റോഡില്‍ കിടക്കുകയായിരുന്ന ചീങ്ങണ്ണി ബൈക്കിന്റെ വെട്ടവും വിവരമറിഞ്ഞ് ഓടിക്കൂടിയ പരിസരവാസികളെയും കണ്ട് മമ്മുവിന്റെ വീടിനോടു ചേര്‍ന്നുള്ള ചായ്പ്പില്‍ കയറുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
മാനന്തവാടി ഡി.എഫ്.ഒ. അനൂപിന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് അധികൃതര്‍ രാത്രി ഒരുമണിയോടെ ചീങ്ങണ്ണിയെ വരുതിയിലാക്കി. ബാവലി ഫോറസ്റ്റ് പരിധിയില്‍ ചീങ്ങണ്ണിയെ വിട്ടതായാണ് സൂചന. ഏകദേശം എട്ടുകിലോ തൂക്കവും, 75 സെ.മീ. നീളവുമുണ്ട്. പുഴയില്‍ നിന്നും 200ഓളം മീറ്റര്‍ അകലെയാണ് റോഡ്. ഈ അടുത്ത് ചങ്ങാടക്കടവ് പരക്കുനി പ്രദേശത്ത് ചീങ്ങണ്ണിയുടെ 600ഓളം മുട്ടകള്‍ കണ്ടതായി മീന്‍പിടുത്തക്കാര്‍ പറഞ്ഞു. പകുതിവിരിഞ്ഞതായും ഇവര്‍ പറഞ്ഞു. ഈ പ്രദേശങ്ങളിലെ നിരവധി സ്ത്രീകള്‍ അലക്കാനും, കുളിക്കാനും ഈ പുഴയെയാണ് ആശ്രയിക്കുന്നത്. വേനലാവുന്നതോടെ കുടിവെള്ള സ്രോതസ്സിനും ഈ കബനിപുഴയെയാണ് ആശ്രയിക്കുന്നത്. പുഴയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ഭീതിയിലായിരിക്കുകയാണ്.