Connect with us

Wayanad

സുല്‍ത്താന്‍ ബത്തേരിയില്‍ പോലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി; അഞ്ച് പോലീസുകാര്‍ക്ക് പരുക്ക്

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: ബത്തേരി കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് കോളജില്‍ സംഘര്‍ഷാവസ്ഥ. പോലീസും വിദ്യാര്‍ഥികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് പോലീസുകാര്‍ക്ക് പരുക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് ആറ് വിദ്യാര്‍ഥികള്‍ റിമാന്‍ഡിലായി. കഴിഞ്ഞ ഏതാനം ദിവസങ്ങളായി കോളജില്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. കോളജിലെ ഒരു അധ്യാപകന്‍ ഓഫീസ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. അധ്യാപകന്‍ ജീവനക്കാരിക്ക് അശ്ലീല സി ഡി നല്‍കിയെന്നും അപമര്യാദയായി പെരുമാറിയെന്നും വിദ്യാര്‍ഥികളടക്കമുള്ളവര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാരി കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയെങ്കിലും പ്രശ്‌നം പുറത്തറിയാതെ ഒതുക്കിതീര്‍ക്കാനാണ് പ്രിന്‍സിപ്പാലും മാനേജ്‌മെന്റും ശ്രമിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ കോളജില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്റെ കോലം കത്തിക്കുന്നതുള്‍പ്പെടെയുള്ള സമരമുറകള്‍ ആരംഭിച്ചു. ഇതിനിടയില്‍ ഇന്നലെ കോളജില്‍ വെച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കോളജ് അധികൃതര്‍ ബത്തേരി പൊലീസിനെ സംരക്ഷണത്തിനായി വിളിച്ചു. ബത്തേരി എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം കോളജിലെത്തി വിദ്യാര്‍ത്ഥികളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടങ്കിലും അവരത് കൂട്ടാക്കിയില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളും പോലീസും തമ്മില്‍ വാക്കേറ്റവും കയ്യാളിയും നടന്നു. സംഘര്‍ഷത്തില്‍ അഞ്ചുപൊലീസുകാര്‍ക്ക് പരിക്കേറ്റു. ബത്തേരി സ്റ്റേഷനിലെ പൊലീസുകാരായ ഗോപി, ജാന്‍സി, ശിവാനന്ദന്‍, വിജയന്‍, നീറാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പോലീസിനെ ആക്രമിച്ചതിന്റെ പേരില്‍ നൂറോളം വിദ്യാര്‍ത്ഥികളുടെ പേരില്‍ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണകത്ത് വീട്ടില്‍ അഖിലേഷ് (22), അജ്മല്‍ റോഷന്‍ (18) കുന്നത്തുവീട്ടില്‍ കുളമ്പില്‍ പുത്തന്‍വീട് വിഷ്ണുകുമാര്‍ (19), പൂച്ചക്കുടിയില്‍ ബേസില്‍ റോയി (18), വില്ലൂര്‍ ഹൗസില്‍ സാബിര്‍ റഹ്മാന്‍ (18) യദു (18) എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റിമാന്‍ഡിലായ യദുവിന് സംഘര്‍ഷത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകനെതിരെ ഇതിന് മുമ്പും പരാതികളുണ്ടായിരുന്നെങ്കിലും കോളജ് അധികൃതര്‍ ഒതുക്കിതീര്‍ക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് അമിതമായ ഫീസ് ഈടാക്കിയും ചില അധ്യാപകര്‍ക്ക് മാത്രം ശമ്പളവര്‍ധന വരുത്തിയും കുത്തഴിഞ്ഞ നടപടിക്രമങ്ങളിലേക്ക് പോയത് ഭരണസമിതിക്കുള്ളില്‍ തന്നെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു സംഭവം കൂടി അരങ്ങേറിയത്.