കന്നുകാലി സമ്പത്ത് വര്‍ധിപ്പിക്കുന്നതില്‍ യുവതലമുറയുടെ ഇടപെടലുകള്‍ വേണം: കൃഷി മന്ത്രി

Posted on: August 31, 2013 1:05 am | Last updated: August 31, 2013 at 1:05 am
SHARE

കണ്ണൂര്‍: സംയോജിത കൃഷി ഊര്‍ജ്ജിതമാക്കേണ്ട കാലഘട്ടമാണിതെന്നും സംസ്ഥാനത്തിന്റെ കന്നുകാലി സമ്പത്ത് വര്‍ധിപ്പിക്കുന്നതില്‍ യുവതലമുറയുടെ ശക്തമായ ഇടപെടലുകള്‍ വേണമെന്നും കൃഷിമന്ത്രി കെ പി മോഹനന്‍ പറഞ്ഞു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ അവാര്‍ഡ് വിതരണവും സെമിനാറും കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

208 കോടി രൂപയോളം ചെലവില്‍ ഗോവര്‍ദ്ധിനി പദ്ധതി ആരംഭിക്കുന്നത് ഇതിന് മുന്നോടിയാണെന്നും പദ്ധതി പ്രകാരം ഒരു പഞ്ചായത്തില്‍ 100 വീതം പശുക്കളെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുവഴി സംസ്ഥാനത്തെ ജൈവകാര്‍ഷിക സംസ്ഥാനമാക്കി മാറ്റാന്‍ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകന്‍ ടി വി രാജീവന്‍, മികച്ച സംയോജിത കര്‍ഷകന്‍ എ വി പ്രസാദ്, കര്‍ഷക ഭാരതി അവാര്‍ഡ് ജേതാവ് ഡോ. പി വി മോഹനന്‍, മികച്ച അസി. ഡയറക്ടര്‍ ഡോ. പ്രദോഷ് കുമാര്‍, വെറ്ററിനറി സര്‍ജന്‍ ഡോ. പ്രീതംലാല്‍, ലൈവ്‌േസ്റ്റാക്ക് ഇന്‍സ്‌പെക്ടര്‍ ഡോ. ആര്‍ പ്രശാന്തന്‍, മൃഗസംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹൈസ്‌കൂള്‍ എന്നിവരെ മന്ത്രി ആദരിച്ചു.
എ പി അബ്ദുളളക്കുട്ടി എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മലബാറി ആടുവളര്‍ത്തല്‍ പദ്ധതി, ആര്‍ കെ വി വൈ കോഴിവളര്‍ത്തല്‍ പദ്ധതി എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊ ഫ. കെ എ സരള നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജി സുമ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സി രമേശന്‍ ബാബു പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന കര്‍ഷക സെമിനാറില്‍ മൃഗസംരക്ഷണ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ എന്ന വിഷയത്തില്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ സി പി പ്രസാദ് ക്ലാസെടുത്തു.