മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ സ്ഥലം അടയാളപ്പെടുത്തി ബുക്ക് ചെയ്ത നിലയില്‍

Posted on: August 31, 2013 1:05 am | Last updated: August 31, 2013 at 1:05 am
SHARE

കണ്ണൂര്‍: ഓണക്കാലത്തെ വഴിയോര വാണിഭം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഇടത്തട്ടുകാരും കച്ചവടക്കാരും കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങി. മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ നഗരത്തിന്റെ കണ്ണായ ഭാഗങ്ങളില്‍ ഈ സംഘം സ്വന്തം നിലക്ക് സ്ഥലം കൈയടക്കി തുടങ്ങി. സ്റ്റേഡിയം കോര്‍ണര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കുമ്മായം ഉപയോഗിച്ചു സ്ഥലം അടയാളപ്പെടുത്തി ബുക്കു ചെയ്തിരിക്കുകയാണ്. ചിലയിടങ്ങളില്‍ ആളുകളുടെ പേരും എഴുതി ചേര്‍ത്തിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ സ്വന്തം നിലയ്ക്കു കച്ചവടം നടത്തുകയോ വന്‍വിലയ്ക്കു മറിച്ചു കൊടുക്കുകയോ ചെയ്യുകയാണ് പതിവ്. മുന്‍ വര്‍ഷങ്ങളില്‍ ഇതു പലപ്പോഴും തര്‍ക്കങ്ങള്‍ക്കും വാക്കേറ്റങ്ങള്‍ക്കും ഇടയാക്കിയിരുന്നു. സ്ഥലം മാര്‍ക്ക് ചെയ്ത് കൈയടക്കുന്നതിനെ കുറിച്ച അന്വേഷിച്ചപ്പോള്‍ മുനിസിപ്പാലിറ്റി ആര്‍ക്കും സ്ഥലം നല്‍കിയിട്ടില്ലെന്നും അനധികൃതമായ ഇത്തരം വ്യാപാരം അനുവദിക്കില്ലെന്നും ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ് പറഞ്ഞു. അതേ സമയം ഈ രീതി എല്ലാ കാലത്തും തുടരുന്നതാണെന്നാണ് സ്റ്റേഡിയം കോംപ്ലക്‌സിലെ വ്യാപാരികളും സമീപത്തെ ടൂറിസ്റ്റ് വാഹന പാര്‍ക്കിലെ ഡ്രൈവര്‍മാരും പറയുന്നത്. അനധികൃത വഴിയോര വാണിഭം കടകളിലെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കാറുണ്ടെന്നും കച്ചവടക്കാര്‍ പറഞ്ഞു. സ്ഥലം മാര്‍ക്കു ചെയ്തു അനധികൃതമായി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ മുനിസിപ്പാലിറ്റി നടപടി എടുക്കാറില്ലെന്നും ആക്ഷേപമുണ്ട്. നടപടി സ്വീകരിക്കുന്നതിനു പകരം ഓണത്തിരക്കു തുടങ്ങുമ്പോള്‍ സ്ഥലത്തെത്തി വ്യാപാരികളില്‍ നിന്നും പിഴയീടാക്കി കച്ചവടം നടത്തുന്നതിന് താത്കാലിക അനുമതി നല്‍കുന്ന രീതിയാണ് നഗരസഭ സ്വീകരിക്കാറെന്നും പരിസരത്തെ വ്യാപാരികള്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here