മൂന്ന് പേര്‍ക്ക് കൂടി കാഴ്ച നഷ്ടമായി

Posted on: August 31, 2013 12:06 am | Last updated: August 31, 2013 at 12:46 am
SHARE

eye 2കുന്നംകുളം: താലൂക്കാശുപത്രിയില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായവരില്‍ മൂന്ന് പേര്‍ക്ക് കൂടി കാഴ്ച നഷ്ടപ്പെട്ടു. കുന്നംകുളം കാവിലക്കാട് ചിറ്റഞ്ഞൂര്‍ വീട്ടില്‍ പ്രഭാകരന്റെ ഭാര്യ വിശാലം(67), കടവല്ലൂര്‍ തിപ്പിലശ്ശേരി പുതുവീട്ടില്‍ കുഞ്ഞുമരയ്ക്കാറിന്റെ ഭാര്യ മോളു(61), കിഴൂര്‍ രാജധാനി കണ്ടംപുള്ളി വീട്ടില്‍ രവി(60) എന്നിവരുടെ കാഴ്ചയാണ് ഇന്നലെ നഷ്ടപ്പെട്ടത്. ബുധനാഴ്ച അഞ്ച് പേരുടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. രവിയുടെ വലതു കണ്ണിന്റെയും ബാക്കിയുള്ളവരുടെ ഇടതുകണ്ണിന്റെയും കാഴ്ചയാണ് നഷ്ടപ്പെട്ടത്. 2013 മാര്‍ച്ച് മൂന്നിനാണ് വിശാലത്തിന്റെ ശസ്ത്രക്രിയ നടന്നത്. മോളുവിന്റെ ശസ്ത്രക്രിയ മെയ് 21നും രവിയുടെത് ജനുവരി 20നുമായിരുന്നു. ആരോപണവിധേയനായ ഡോ. പ്രദീപ്കുമാറാണ് ഇവര്‍ക്കും ശസ്ത്രക്രിയ നടത്തിയത്.
കണ്ണിന് അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിശാലം ഡോക്ടറെ സമീപിച്ചപ്പോള്‍ തൃശൂരിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ കാണാന്‍ കത്തു നല്‍കുകയായിരുന്നു. മോളുവിനോട് ഡോക്ടര്‍ കണ്ണിലെ കൃഷ്ണമണി മുകളിലേക്ക് കയറി പോകുന്നതിനാലാണ് കാഴ്ച്ചക്ക് തടസ്സമുണ്ടാകുന്നതെന്നാണ് പറഞ്ഞത്. അഞ്ച് പേരുടെ കാഴ്ച നഷ്ടപ്പെട്ട വാര്‍ത്ത പുറത്ത് വന്നതോടെയാണ് ഇവരും പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയ വിശാലത്തില്‍ നിന്ന് സൂപ്രണ്ട് ഡോ. താജ്‌പോള്‍ മൊഴി രേഖപ്പെടുത്തി. സര്‍ക്കാര്‍ നല്‍കിയ ലെന്‍സല്ല ശസ്ത്രക്രിയക്ക് ഉപയോഗിച്ചിട്ടുള്ളതെന്ന് ഇവരുടെ ബന്ധുക്കള്‍ ആരോപിച്ചു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 2,500 രൂപക്ക് വാങ്ങിയ ലെന്‍സാണ് കണ്ണില്‍ ഘടിപ്പിച്ചിട്ടുള്ളതെന്നും ഡോക്ടറെ സന്ദര്‍ശിക്കുന്ന ഘട്ടത്തില്‍ പലപ്പോഴും പണം നല്‍കിയതായും മൂവര്‍ക്കും പരാതിയുണ്ട്.
ജനുവരി 20നാണ് രവിയുടെ കണ്ണിന്റെ ശസ്ത്രക്രിയ നടന്നത്. കണ്ണിലെ പാട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയാണുണ്ടായത്. ശസ്ത്രക്രിയക്ക് ശേഷം കണ്ണില്‍ ചൊറിച്ചിലും അസ്വസ്ഥതയുമുണ്ടായപ്പോള്‍ വീണ്ടും ഡോക്ടറെ സമീപിച്ചിരുന്നു. എന്നാല്‍ കണ്ണിനുള്ളില്‍ തുന്നലുണ്ടായിരുന്നതിനാല്‍ മൂന്ന് മാസം കഴിഞ്ഞ് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുള്ളിമരുന്നുകളും ഗുളികകളും നല്‍കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ വീണ്ടും ഡോക്ടറെ കാണിച്ചപ്പോള്‍ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തി വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാല്‍ മെഡിക്കല്‍ കോളജിലും ലെന്‍സ് പുറമെ നിന്ന് വാങ്ങിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം കാഴ്ചക്ക് മാറ്റമുണ്ടായിട്ടില്ലെന്നും രവി പറഞ്ഞു. ആദ്യ ശസ്ത്രക്രിയക്ക് ശേഷം ഇത്രയും സമയം വൈകിയതാണ് കാഴ്ചശക്തി നഷ്ടപ്പെടാന്‍ ഇടയാക്കിയത്.
ശസ്ത്രക്രിയാ തിയേറ്ററിനുള്ളിലെ അണുബാധയാണ് ഇവരുടെ കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്നാണ് വിദഗ്ധ സംഘത്തിന്റെ അനുമാനം. ഡെപ്യൂട്ടി ഡി എം ഒവിന്റെ നേതൃത്വത്തിലുള്ള പരിശോധക സംഘം ആരോപണ വിധേയനായ ഡോക്ടറെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മള്‍ട്ടി ഡിസിപ്ലിനറി കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് ബാബു എം പാലിശ്ശേരി എം എല്‍ എ ആവശ്യപ്പെട്ടിട്ടുണ്ട്.