Connect with us

Health

ക്രൊയേഷ്യന്‍ സഹകരണത്തോടെ അഞ്ചാംപനിക്ക് പ്രതിരോധ മരുന്ന് ഉത്പാദിപ്പിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ക്രൊയേഷ്യയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇമ്യൂണോളജി, സാഗ്രബ് (ഐ എം ഇസെഡ്) യുടെ സഹകരണത്തോടെ എച്ച് എല്‍ എല്‍ ബയോടെക് ലിമിറ്റഡിന് കീഴിലെ എച്ച് ബി എല്‍ അഞ്ചാംപനി പ്രതിരോധ വാക്‌സിന്‍ നിര്‍മിക്കുന്നതിന് ധാരണാപത്രത്തില്‍ ഒപ്പ് വെച്ചതായി എച്ച് ബി എല്‍ ചെയര്‍മാന്‍ ഡോ. എം അയ്യപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനായി 594 കോടി രൂപ ചെലവില്‍ ഇന്റഗ്രേറ്റഡ് വാക്‌സിന്‍ കോംപ്ലക്‌സ് തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. 2015ല്‍ ഇതിന്റെ സാങ്കേതിക സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി 2016ല്‍ പൂര്‍ണതോതില്‍ ഇത് പ്രവര്‍ത്തനം തുടങ്ങുമെന്ന് ഡോ. അയ്യപ്പന്‍ പറഞ്ഞു.
ആദ്യ ഘട്ടമായി ഡി പി ടി, ഹെപ്പറ്റൈറ്റിസ് ബി, എച്ച് ഐ ബി എന്നിവയടങ്ങുന്ന പെന്റാവാലന്റ് സംയുക്തവും ബി സി ജി, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി, പേവിഷം, എച്ച് ഐ ബി, ജാപ്പനീസ് എന്‍സിഫലൈറ്റിസ് എന്നിവയുടെ വാക്‌സിനുകളും എച്ച് ബി എല്‍ ഉത്പാദിപ്പിക്കും. ഇന്ത്യയുടെ യൂനിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാം (യു ഐ പി) പ്രകാരം ആവശ്യമുള്ള വാക്‌സിനുകളുടെ ഉത്പാദനവും വിതരണവും ഒപ്പം പ്രതിരോധ മരുന്നുകള്‍ക്കായി ശക്തമായ ഒരു ഗവേഷണ വികസന അടിത്തറയും വികസിപ്പിച്ചെടുക്കാനും പദ്ധതിയുണ്ട്. പേവിഷ പ്രതിരോധത്തിനുള്ള വാക്‌സിനുകള്‍ എച്ച് ബി എല്‍ സ്വന്തമായി ഉത്പാദിപ്പിക്കും. ഇതിന് രാജ്യത്തു നിലവിലുള്ള ക്ഷാമം പരിഹരിക്കാനുതകും വിധം പ്രതിവര്‍ഷം രണ്ട് കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിരോധ മരുന്നുകളും മറ്റു മരുന്നുകളും ആശുപത്രി ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള ആരോഗ്യരക്ഷാ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വ്യാപകമായി ലഭ്യമാക്കുന്നതിന് എച്ച് എല്‍ എല്‍ നടപടികള്‍ സ്വീകരിക്കും. ഇന്റഗ്രേറ്റഡ് വാക്‌സിന്‍ കോംപ്ലക്‌സിനോടു ചേര്‍ന്നുള്ള 330 ഏക്കറില്‍ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടിയിട്ടുണ്ട്.
മിനിരത്‌ന പൊതുമേഖല സ്ഥാപനമായ എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ എച്ച് ബി എല്‍ ഇതിനായി ഇരുകൂട്ടരും തമ്മില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സപ്ലൈ ആന്‍ഡ് ടെക്‌നോളജി ലൈസന്‍സ് കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ക്രൊയേഷ്യന്‍ സാമ്പത്തിക കാര്യ മന്ത്രി ഇവാന്‍ വ്‌റഡോള്‍ജാക്കിന്റെ സാന്നിധ്യത്തില്‍ ഐ എം ഇസഡ് ഡയറക്ടര്‍ ഡവോറിന്‍ ഗജ്‌നിക് എച്ച് ബി എല്‍ ചെയര്‍മാന്‍ ഡോ. എം അയ്യപ്പന്‍ എന്നിവരാണ് ഈ മാസം 20ന് സാഗ്രബില്‍ കരാറില്‍ ഒപ്പു് വെച്ചത്.
പത്രസമ്മേളനത്തില്‍ എച്ച് ബി എല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇ എ സുബ്രഹ്മണ്യം, എച്ച് എല്‍ എല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. ബാബു തോമസ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കെ കെ സുരേഷ്‌കുമാര്‍ പങ്കെടുത്തു.