Connect with us

International

സിറിയക്കെതിരായ സൈനിക നീക്കം ബ്രിട്ടന്റെ ശ്രമങ്ങള്‍ക്ക് പാര്‍ലിമെന്റില്‍ തിരിച്ചടി

Published

|

Last Updated

ലണ്ടന്‍: രാസായുധപ്രയോഗത്തിന്റെ പേരില്‍ സിറിയയെ ആക്രമിക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നീക്കങ്ങള്‍ക്ക് പാര്‍ലിമെന്റില്‍ തിരിച്ചടി. ബ്രിട്ടീഷ് പാര്‍ലിമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ വോട്ടെടുപ്പില്‍ യു എസ് നടത്തുന്ന സൈനിക നടപടിയെ പിന്തുണക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷം എം പിമാരുടെയും പ്രതികരണം.
ഈ വിഷയത്തില്‍ നടന്ന വോട്ടെടുപ്പില്‍ 272 എം പിമാര്‍ ആക്രമണത്തെ അനുകൂലിച്ചു. പക്ഷേ, 285 പേരുടെ വിയോജിപ്പിനെ തുടര്‍ന്ന് പ്രമേയം തള്ളി. പാര്‍ലിമെന്റ് പ്രകടിപ്പിത് ജനങ്ങളുടെ വികാരമാണെന്നും സൈന്യത്തിന്റെത് അല്ലെന്നുമായിരുന്നു ഇക്കാര്യത്തില്‍ കാമറൂണിന്റെ പ്രതികരണം. എം പിമാരുടെ അഭിപ്രായം മാനിക്കുമെന്നും സൈനിക നടപടി ബ്രീട്ടീഷ് പാര്‍ലിമെന്റ് ആഗ്രഹിക്കുന്നില്ലെന്നും വോട്ടെടുപ്പിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.
സിറിയന്‍ ഭരണാധികാരി അസദിനെതിരെയുള്ള സൈനികാക്രമണത്തിന് കോപ്പുകൂട്ടുന്ന നിലപാടായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം കാമറൂണ്‍ കൈക്കൊണ്ടിരുന്നത്. സിറിയയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യു എന്‍ രക്ഷാ സമിതിയില്‍ ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ റഷ്യയും ചൈനയും എതിര്‍ത്തതോടെ പ്രമേയം പാസ്സായില്ല.
എതിര്‍ പാര്‍ട്ടിയില്‍ നിന്നു മാത്രമല്ല, സ്വന്തം ചേരിയില്‍ നിന്നു പോലും വന്‍ വിമര്‍ശമാണ് സിറിയന്‍ വിഷയത്തില്‍ കാമറൂണ്‍ നേരിടുന്നത്. കാമറൂണീന്റെ തെറ്റായ രാഷ്ട്രീയ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് പാര്‍ലിമെന്റിലുണ്ടായ എതിര്‍പ്പെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ഡയറക്ടര്‍ ടോണി ട്രാവേഴ്‌സ് പ്രതികരിച്ചു.