Connect with us

Kerala

മത്സ്യബന്ധന പദ്ധതികള്‍ക്ക് 116.53 കോടിയുടെ നബാര്‍ഡ് സഹായം

Published

|

Last Updated

തിരുവനന്തപുരം: ഒന്‍പത് ജില്ലകളിലെ 71 മത്സ്യബന്ധന പദ്ധതികള്‍ക്കായി 116.53 കോടി രൂപ നബാര്‍ഡ് ധനസഹായം അനുവദിച്ചു. അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ നിന്നാണ് സഹായം. മത്സ്യബന്ധന, തുറമുഖ വകുപ്പിനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. ഫണ്ട് വിനിയോഗത്തിലും പ്രത്യേകം മേല്‍നോട്ടം ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നടപ്പാക്കുന്ന പദ്ധതിക്ക് 137.53 കോടിയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഇതോടെ അടിസ്ഥാന സൗകര്യവികസന നിധിയില്‍ നിന്നും കേരളത്തിന് അനുവദിച്ച തുക 5792.06 കോടിയായി വര്‍ധിച്ചു. ഇതില്‍ 55 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം 1060 കോടി രൂപ നിരവധി പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവിട്ടു. പദ്ധതി നടത്തിപ്പിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന പുരോഗതികളില്‍ നബാര്‍ഡ് സംതൃപ്തി രേഖപ്പെടുത്തി.
പദ്ധതി നടത്തിപ്പില്‍ നിലവിലുള്ള വേഗം തുടര്‍ന്നാല്‍ 2012-13 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 30 ശതമാനം അധികം പ്രകടനം സംസ്ഥാനത്തിന് കൈവരിക്കാനാകുമെന്നാണ് നബാര്‍ഡിന്റെ പ്രത്യാശ.
തുമ്പ, നീണ്ടകര, മുതക്കര, പുന്നപ്ര സൗത്ത്, ബ്ലാങ്ങാട്, ആനാപ്പുഴ, പരപ്പനങ്ങാടി മത്സ്യഗ്രാമങ്ങളുടെ സംയോജിത വികസനത്തിന് 13.11 കോടിയുടെ പദ്ധതിക്ക് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങള്‍ അറ്റകുറ്റ പണികള്‍ നടത്തി പുനരുദ്ധരിക്കുന്ന പദ്ധതിക്കും അംഗീകാരം നല്‍കിയിരുന്നു
സംസ്ഥാനത്ത് നബാര്‍ഡ് ധനസഹായം ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പ്, മത്സ്യബന്ധനം, ഭൂവികസന കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ കീഴിലാണ് ഭൂരിഭാഗം പദ്ധതികളും നടപ്പാക്കുന്നത്. ഗ്രാമീണ മേഖലകളിലെ റോഡ് വികസനം, കടല്‍ഭിത്തി നിര്‍മാണം, കോള്‍നില വികസനം തുടങ്ങിയ പദ്ധതികളാണ് പ്രധാനമായും നടപ്പാക്കി വരുന്നത്. മൂന്ന് വര്‍ഷത്തെ കാലയളവിലാണ് നബാര്‍ഡ് പദ്ധതികള്‍ക്ക് സഹായം നല്‍കുന്നത്. നബാര്‍ഡ് ധനസഹായം സംസ്ഥാനത്തെ മത്സ്യബന്ധ മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.