Connect with us

Articles

സ്വകാര്യ സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ രംഗവും

Published

|

Last Updated

ആറ് മാസം കൊണ്ട് ഡിഗ്രി. പി എസ് സി, യു ജി സി, ഡി ഇ സി അംഗീകൃതം.” ഒരു പത്രത്തില്‍ കണ്ട പരസ്യമാണിത്. നമ്പറിലേക്ക് വിളിച്ചപ്പോള്‍ വണ്‍ സിറ്റിംഗിലൂടെ മുഴുവന്‍ വിഷയവും എഴുതിയെടുക്കാം; 40,000 രൂപ ചെലവ് വരും എന്നായിരുന്നു ആദ്യം കിട്ടിയ മറുപടി. ഇത്രയും കുറഞ്ഞ സമയം കൊണ്ട് എങ്ങനെ മൂന്ന് വര്‍ഷത്തേക്കുള്ള വിഷയങ്ങള്‍ പഠിക്കുമെന്ന ചോദ്യത്തിന് “അതെല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളാം; നിങ്ങള്‍ പരീക്ഷക്ക് ഹാജരായാല്‍ മാത്രം മതി”യെന്നായി. ഉന്നത വിദ്യാഭാസ രംഗത്ത് നിലനില്‍ക്കുന്ന ചില അധാര്‍മിക പ്രവണതകളുടെ ഉദാരഹരണമാണിത്.
1990കളില്‍ രാജ്യത്ത് ശക്തിപ്പെട്ടുവന്ന സ്വകാര്യവത്കരണ നയം രാജ്യത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ വന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സര്‍ക്കാറിന് കീഴില്‍ സേവന പാതയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമ്പത്തിക മാനങ്ങള്‍ ഉടലെടുത്തു തുടങ്ങുകയും വിദ്യാഭ്യാസം വ്യവസായവത്കരണത്തിന്റെ പാതയിലേക്ക് വഴുതുകയും ചെയ്തത് സ്വകാര്യവത്കരണാനന്തരമാണ്. വിദ്യാഭ്യാസ രംഗത്തേക്ക് വന്‍കിട കോര്‍പ്പറേറ്റുകളും വ്യവസായികളും ആകര്‍ഷിക്കപ്പെടുകയും ഈ മേഖലയില്‍ മൂലധനമൊഴുക്കപ്പെടുകയും ചെയ്തു.
സ്വകാര്യവത്കരണത്തിന്റെ പ്രതിഫലനത്തില്‍ ശ്രദ്ധേയമാറ്റങ്ങള്‍ക്ക് വഴിവെച്ച ഒന്നാണ് സ്വകാര്യ സര്‍വകലാശാലകളുടെ ഉത്ഭവം. 1995ലെ സിക്കിം മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയുടെ സ്ഥാപനത്തോടെയാണ് സ്വകാര്യ സര്‍വകലാശാലകളുടെ തുടക്കം. ഇന്ന് യു ജി സി അംഗീകാരമുള്ള 165 സ്വകാര്യ സര്‍വകാശാലകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് യു ജി സിയുടെ സര്‍വകലാശാലകളുടെ പട്ടികയില്‍ നിന്നും വ്യക്തമാകുന്നത്.
പ്രൈവറ്റ് യൂനിവേഴ്‌സിറ്റികളുടെ ഉത്ഭവം വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായും ദോഷകരമായും ഭവിച്ചിട്ടുണ്ട്. പരിമിതമായ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായി കൂടുതല്‍ പഠനാവസരങ്ങളും സംവിധാനങ്ങളും അത് സൃഷ്ടിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകളും സഹായങ്ങളുമായി പഠനാവസരങ്ങള്‍ തുറന്നുകൊടുക്കാന്‍ അത് കളമൊരുക്കി. ആഗോളവത്കരണാനന്തരം ഇന്ത്യയിലേക്ക് ആകര്‍ഷിക്കപ്പെട്ട വിദേശ യൂനിവേഴ്‌സിറ്റികള്‍ ആഘോള വിദ്യാഭ്യാസ സാധ്യതകള്‍ ഇന്ത്യയില്‍ ഉപയോഗപ്പെടുത്തുന്നതിനും അവസരമൊരുക്കി. ചിന്തകളും ആശയങ്ങളും അതിര്‍ത്തികള്‍ക്കപ്പുറം വ്യാപിച്ച് പുതുതലമുറ കോഴ്‌സുകളും പുതിയ വിദ്യാഭ്യാസ രീതികളും സൃഷ്ടിക്കപ്പെടുന്നതിന് ഇത്തരം വിദ്യാഭ്യാസ നയങ്ങള്‍ കാരണമായിട്ടുണ്ട്.
എന്നാല്‍ സ്വകാര്യവത്കണാനന്തരം സ്ഥാപിക്കപ്പെട്ട മിക്ക സര്‍വകലാശാലകളും സ്ഥാപനങ്ങളും വിദ്യാഭ്യാസ വിനിമയത്തിലുപരി സാമ്പത്തിക ലാഭത്തിനാണ് ഊന്നല്‍ നല്‍കിയത്. ഇത് വിദ്യാഭ്യാസ മേഖലയില്‍ വന്‍ ചൂഷണങ്ങള്‍ക്കും മൂല്യശോഷണത്തിനും വഴി വെച്ചു. രാജ്യവ്യാപകമായി വിദൂരവിദ്യാഭ്യാസം നടത്തുന്നതിനുള്ള അംഗീകാരം ഡി ഇ സി (ഡിസ്റ്റന്‍സ് എജുക്കേഷന്‍ കൗണ്‍സില്‍)നല്‍കുക കൂടി ചെയ്തതോടെ ഈ ചൂഷണത്തിന് ശക്തി പ്രാപിക്കുകയും വിദൂര വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കീഴില്‍ വിദ്യാഭ്യാസ കച്ചവടത്തിന് കളമൊരുങ്ങുകയും ചെയ്തു. നമ്മുടെ സര്‍ക്കാര്‍ സര്‍വകലാശാലകള്‍ പോലും മള്‍ടി മീഡിയ, ആനിമേഷന്‍, ഇന്റീരിയര്‍ ഡിസൈനിംഗ് പോലുള്ള കമ്പ്യൂട്ടര്‍ കോഴ്‌സുകളും മറ്റു ന്യൂ ജനറേഷന്‍ കോഴ്‌സുകളും ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളുമാക്കി ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ വകുപ്പിന് കീഴില്‍ നടത്തിവരുന്നു. ഇത്തരം ന്യൂ ജനറേഷന്‍ കോഴ്‌സുകളില്‍ വന്‍തോതില്‍ ഫീസ് വാങ്ങി് വിദ്യാര്‍ഥികളെ ചൂഷണവിധേയരാക്കുന്നുണ്ട്. പ്രോഗ്രാം സെന്ററുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങാന്‍ അവസരം നല്‍കുന്ന ഇത്തരം കോഴ്‌സുകള്‍ വഴി കൂടുതല്‍ സെന്ററുകള്‍ ആകര്‍ഷിക്കപ്പെടുകയും അത് വഴി ലാഭം കൊയ്യാമെന്നതും ഇത്തരം കോഴ്‌സുകളുടെ നേട്ടമായി യൂനിവേഴ്‌സിറ്റികള്‍ കാണുന്നു. കേരളത്തില്‍ വേരുറപ്പിച്ച ഇതര സംസ്ഥാന യൂനിവേഴ്‌സിറ്റി സെന്ററുകള്‍ കൂടുതലും ഇത്തരത്തില്‍ ലാഭലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ പലതിലും അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ല എന്നതാണ് വസ്തുത.
ഒറ്റയിരിപ്പില്‍ ഡിഗ്രിയും പി ജിയും മറ്റു പ്രൊഫഷണല്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്ന സര്‍വകലാശാലകളും യു ജി സിക്കു കീഴില്‍ നിലവിലുണ്ട്. പഠനമോ പഠന സംവിധാനങ്ങളോ ഒന്നും ഇവര്‍ക്ക് പ്രശ്‌നമല്ല, പണമിറക്കാന്‍ തയ്യാറുള്ള ആര്‍ക്കും ഇവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. അതും മുന്‍വര്‍ഷ തീയതികളിലുള്ള മാര്‍ക്ക്‌ലിസ്റ്റുകളോടുകൂടി. മറ്റു ചില യൂനിവേഴ്‌സിറ്റികള്‍ ഒരു വര്‍ഷത്തിന് ശേഷം പഠനം നിര്‍ത്തിയവര്‍ക്ക് ഒറ്റത്തവണ കൊണ്ട് മൂന്ന് വര്‍ഷത്തെയും വിഷയങ്ങള്‍ എഴുതിയെടുക്കാന്‍ അവസരം നല്‍കുന്നു. ഇവിടെയും പഠനത്തിലോ മാര്‍ക്കിലോ ഉപരി അടക്കുന്ന പണത്തിനു തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. ഇവ പ്രചാരണത്തിനായി വന്‍തോതില്‍ കമ്മീഷന്‍ നല്‍കി ഏജന്റുമാരെ നിയമിക്കുന്നു. ഇത്തരം ഏജന്‍സികള്‍ വന്‍കിട പത്രങ്ങളില്‍ പോലും പരസ്യം നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. ദൂരവ്യാപകമായ നഷ്ടങ്ങള്‍ക്ക് വഴിയൊരുക്കുന്ന സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്കോ ലാഭക്കൊയ്ത്തിനോ തടയിടാന്‍ സര്‍ക്കാറുകളോ നിയമ സംവിധാനങ്ങളോ ശ്രമിക്കുന്നില്ല.
അംഗീകാരമില്ലാത്ത യൂനിവേഴ്‌സിറ്റികളും ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ധാരാളം രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2011 ഡിസംബറില്‍ യു ജി സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് രാജ്യത്ത് 21 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രവുമല്ല, പല യൂനിവേഴ്‌സിറ്റികളും അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തുകയും അത് വഴി പണം കൊയ്യുകയും ചെയ്യുന്നുണ്ട്. ബി ടെക്, എം ടെക് പോലുള്ള പ്രൊഫഷനല്‍ ബിരുദം നല്‍കുന്നുണ്ടെന്ന പരാതിയിന്മേല്‍ 2011 ജൂണില്‍ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ കൗണ്‍സില്‍ കര്‍ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂനിവേഴ്‌സിറ്റിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ഡി ഇ സിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത് ഇതിന് ഒരു ഉദാഹരണം മാത്രം.
പുസ്തക പ്രസാധന രംഗത്തെ ഒരു പ്രമുഖ സ്ഥാപനത്തിന് കീഴില്‍ തുടങ്ങിയ മീഡിയ സ്‌കൂളില്‍ തുടര്‍ പഠനത്തിന് ചേര്‍ന്ന് വഞ്ചിക്കപ്പെട്ട യുവ പത്രപ്രവര്‍ത്തക ഖാസിദ കലാമിന്റെ കഥ അടുത്ത കാലത്ത് ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ലോണ്‍ എടുത്ത് പഠനത്തിന് ചേര്‍ന്ന സ്ഥാപനത്തിന് ശരിയായ ഒരു സിലബസ് പോലുമുണ്ടായിരുന്നില്ലെന്നും പിന്നീട് സ്ഥാപനം പൂട്ടിപ്പോകുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 600 ഓളം ആഗോള സ്ഥാപനങ്ങളില്‍ ആറ് യൂനിവേഴ്‌സിറ്റികള്‍ക്ക് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും 67 കോളജുകള്‍ക്ക് ഇന്ത്യയില്‍ കോഴ്‌സ് നടത്താനുമുള്ള അനുമതിയുണ്ട്. ബാക്കിവരുന്ന സ്ഥാപനങ്ങള്‍ മുഴുവന്‍ നിയമവിധേയമല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. 2011ല്‍ ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്‌കൂളിനെ കുറിച്ച് ന്യൂയോര്‍ക്കിലെ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ സിദ്ധാര്‍ഥ്‌ദേവ് എഴുതിയ ലേഖനം വന്‍ വിമര്‍ശത്തിന് വഴിയൊരുക്കിയിരുന്നു. ഇന്ത്യയിലെ പ്രൈവറ്റ് യൂനിവേഴ്‌സിറ്റികളുടെ പണക്കൊയ്ത്തിനെ കുറിച്ചും മധ്യവര്‍ഗത്തിന്റെ വിദ്യാഭ്യാസ മനോഭാവത്തെ തകര്‍ക്കുന്നതിനെക്കുറിച്ചുമായിരുന്നു അത്. ഔട്ട്‌ലുക് മാഗസിന്റെ പബ്ലിഷന്‍ മഹേഷ്വര്‍ പെരി ഇതേ സ്ഥാപനത്തെ കുറിച്ച് നടത്തിയ പഠനം പ്രസദ്ധീകരിക്കുകയുണ്ടായി. എ ഐ സി ടി ഇയോ യു ജി സിയോ അംഗീകരിക്കാതെയാണ് ലക്ഷങ്ങള്‍ വാങ്ങി സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്നത് അദ്ദേഹം പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. ഇതേ യൂനിവേഴ്‌സിറ്റിയുടെ വിവിധ സ്ഥാപനങ്ങളെ കുറിച്ച് പഠനം നടത്തി 2005ല്‍ രശ്മി ബന്‍സര്‍ കോടതി കയറേണ്ടി വന്നിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വഴിയും പഠനങ്ങള്‍ വഴിയുമാണ് ഇവിടെ അഡ്മിഷന്‍. ഒന്ന് മതുല്‍ 24 വരെ വിദ്യാര്‍ഥികളെ ചേര്‍ക്കുന്ന ഏതൊരാള്‍ക്കും 75000 രൂപ കമ്മീഷന്‍ ലഭിക്കും. ഇത് 25 കടന്നാല്‍ ഒരു വിദ്യര്‍ഥിക്ക് 90,000 എന്ന തോതിലും 50 കടന്നാല്‍ ഒരു വിദ്യാര്‍ഥിക്ക് ഒന്നേകാല്‍ ലക്ഷം എന്ന തോതിലും കമ്മീഷന്‍ ലഭിക്കും. ഇത്തരത്തില്‍ കമ്മീഷന്‍ വഴി റിക്രൂട്ട് ചെയ്ത് വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാജ്യത്ത് ധാരാളം പ്രവര്‍ത്തിക്കുന്നുണ്ട്. ഏതെങ്കിലും ഒരു വിദ്യാഭ്യാസ പ്രദര്‍ശന പരിപാടിയില്‍ പങ്കെടുത്താല്‍ മാത്രം മതി ഇത് മനസ്സിലാക്കാന്‍. അത്തരം പരോക്ഷ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നത് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ്. പലരും വിദ്യാഭ്യാസ വായ്പ വഴിയാണ് ഉന്നത വിദ്യാഭ്യാസത്തിന് കോളജുകളില്‍ എത്തുന്നത്. വന്‍ ഡൊണേഷന്‍ വാങ്ങുന്ന കോളജുകള്‍ നിശ്ചിത ശതമാനം അഡ്മിഷന്‍ ചെയ്യുന്നവര്‍ക്ക് കമ്മീഷന്‍ നല്‍കുകയാണ് ചെയ്യുന്നത്. കൊടുക്കുന്ന ഡൊനേഷന്റെ അളവിനനുസൃതമായി കമ്മീഷന്‍ വര്‍ധിക്കുന്നു. എയ്ഡഡ് / അണ്‍എയ്ഡഡ് കോളജുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവയില്‍ കൂടുതലും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഠനാവസരം ലഭിക്കാത്ത വിദ്യാര്‍ഥികളാണ് ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവരില്‍ കൂടുതലും.
അംഗീകാരമില്ലാത്ത സ്ഥാപനങ്ങളേക്കാള്‍ ഭീകരമാണ് അംഗീകാരമുള്ള സ്ഥാപനങ്ങള്‍ വില്‍പ്പന രൂപത്തില്‍ ബിരുദ/ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍ പരീക്ഷ നടത്തി (പരീക്ഷക്ക് യാതൊരു വിധ സുരക്ഷയുമില്ല എന്നതു കൂടി കൂട്ടി വായിക്കണം) ബിരുദം നല്‍കുകയും അത്തരം ബിരുദധാരികള്‍ പിന്നീട് വിവിധ മേഖലകളില്‍ തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ അത് രാജ്യത്തിന്റെ ഉത്പാദന/ പ്രവര്‍ത്തന മേഖലകളെ ബാധിക്കുന്നു. ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് പോലും മിനിമം യോഗ്യത യു ജി സി അംഗീകാരമുള്ള സര്‍വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും ഡിഗ്രി മാത്രമാണെന്നത് ഓര്‍ക്കണം. പലരും അധ്യാപന തൊഴിലുകളില്‍ ഏര്‍പ്പെടുന്നത് പോലും ഇത്തരം ബിരുദമുപയോഗിച്ചുകൊണ്ടാണ്. പണമെറിഞ്ഞ് ബിരുദം വാങ്ങിയവരായതു കൊണ്ടുതന്നെ അവര്‍ക്ക് യാതൊരു സാമുഹിക പ്രതിബദ്ധതയും ഉണ്ടായിരിക്കില്ല. അത്തരക്കാരുടെ സേവനം എത്രത്തോളം തൃപ്തികരമായിരിക്കും? മാത്രവുമല്ല രാജ്യത്ത് തൊഴിലില്ലായ്മ നേരിടുന്ന സാഹചര്യത്തില്‍ അധാര്‍മിക വഴിയില്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാര്‍ഥികള്‍ തൊഴിലില്‍ പ്രവേശിക്കുമ്പോള്‍ ശരിയായ വിദ്യാഭ്യാസം നേടിയവര്‍ പുറത്തിരിക്കേണ്ടി വരുന്നു.

 

Latest