Connect with us

International

അമേരിക്കയുടെ ഉറക്കം കെടുത്തി 'സിറിയയുടെ സൈബര്‍ ആക്രമണം'

Published

|

Last Updated

വാഷിംഗ്ടണ്‍: സിറിയക്കെതിരെ അമേരിക്ക പടനീക്കം ശക്തമാക്കവെ സൈബര്‍ ആക്രമണവുമായി സിറിയന്‍ ഹാക്കര്‍മാര്‍ യു എസിന്റെ ഉറക്കം കെടുത്തുന്നു. അമേരിക്കന്‍ മാധ്യമങ്ങളെയും സ്ഥാപനങ്ങളെയും ധനകാര്യ സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചുള്ള സൈബര്‍ ആക്രമണം അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെ ക്ഷീണിപ്പിക്കുകയാണ്.
ന്യൂയോര്‍ക്ക് ടൈംസിന്റെ വെബ്‌സൈറ്റ് കഴിഞ്ഞ ദിവസം 20 മണിക്കൂറോളം ഹാക്ക് ചെയ്തിരുന്നു. പേജ് തിരയുന്നവര്‍ക്ക് ലഭിച്ചത് സെര്‍വര്‍ നോട്ട് ഫൗണ്ട് എന്ന സന്ദേശമായിരുന്നു. സിറിയന്‍ ഇലക്‌ട്രോണിക് ആര്‍മി എന്ന പേരിലുള്ള ഹാക്കര്‍മാരാണ് അമേരിക്കന്‍ സൈറ്റുകള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നത്. സൈബര്‍ ആക്രമണം വര്‍ധിച്ചതോടെ രാജ്യത്തെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ സുരക്ഷ വര്‍ധിപ്പിച്ച ശേഷമേ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കാവൂ എന്ന് അധികൃതര്‍ മുന്നറ
ിയിപ്പ് നല്‍കി. ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഹോംലാന്‍ഡ് സെക്യൂരിറ്റി പോളിസി ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടര്‍ ഫ്രാന്‍ക് സില്ലുഫോയാണ് മുന്നറിയിപ്പ് നല്‍കിയത്.
സിറിയന്‍ ഇലക്‌ട്രോണിക് ആര്‍മിയുടെ ആക്രമണം ഏത് നിമിഷവും പ്രതീക്ഷിക്കാമെന്ന് ഡൊമൈന്‍ ഉപയോക്താക്കള്‍ക്കും മുന്നറിയിപ്പുണ്ട്. ബേങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പെയ്‌മെന്റ് സൈറ്റുകളും വിസ പോലുള്ള ക്രഡിറ്റ് കാര്‍ഡ് കമ്പനികളുമാണ് ഭയാശങ്കയോടെ കഴിയുന്നത്. ഇവരുടെ സൈറ്റുകളില്‍ ഹാക്കര്‍മാര്‍ കയറിയാല്‍ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് മിനിട്ടുകള്‍ക്കുള്ളില്‍ സംഭവിക്കുക. സിറിയന്‍ ഹാക്കര്‍മാരെ കണ്ടെത്താന്‍ യു എസ് സൈബര്‍ ക്രൈം ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. സിറിയന്‍ ഹാക്കര്‍മാര്‍ക്ക് ഇറാന്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലെ കമ്പ്യൂട്ടര്‍ വിദഗ്ധരുടെ സഹായം ലഭിക്കുന്നുണ്ടെന്നാണ് സില്ലുഫോ പറയുന്നത്.
ഏപ്രിലില്‍ ട്വിറ്റര്‍, അസോസിയേറ്റഡ് പ്രസ് എന്നിവയുടെ സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. വൈറ്റ് ഹൗസില്‍ പൊട്ടിത്തെറിയുണ്ടായെന്നും ഒബാമക്ക് പരുക്കേറ്റന്നുമുള്ള വ്യാജ വാര്‍ത്തയാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയുടെ സൈറ്റിലൂടെ ഹാക്കര്‍മാര്‍ പ്രചരിപ്പിച്ചത്. ഈ വാര്‍ത്ത വ്യാജമാണെന്ന് ലോക മാധ്യമങ്ങളെ അറിയിക്കാന്‍ അസോസിയേറ്റഡ് പ്രസ് കുറച്ചൊന്നുമല്ല പാടുപെട്ടത്. വെബ്‌സൈറ്റുകളെ നിയന്ത്രിക്കുന്ന ഐ ടി കമ്പനികള്‍ വഴിയാണ് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറുന്നതെന്നാണ് സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സൈറ്റുകളിലെ അഡ്മിനിസ്‌ട്രേറ്റര്‍ ലോഗിന്‍ പാസ്‌വേര്‍ഡ് കൈക്കലാക്കിയാണ് മിക്ക ഹാക്കിംഗും നടക്കുന്നത്.