പ്രീമെട്രിക് ഹോസ്റ്റലുകള്‍ പരിതാപകരമായ അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്‌

Posted on: August 30, 2013 11:33 pm | Last updated: August 31, 2013 at 12:47 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലുകളുടെ അവസ്ഥ പരിതാപകരമെന്ന് പഠന റിപ്പോര്‍ട്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഹോസ്റ്റലുകളുടെ ശോച്യാവസ്ഥ പുറത്തുവന്നത്. അനുവദനീയമായ എണ്ണത്തില്‍ 30 ശതമാനം കുട്ടികളുടെ കുറവ് നിലവില്‍ പ്രീമെട്രിക് ഹോസ്റ്റലുകളിലുണ്ട്. എന്നാല്‍ ഈ സാഹചര്യത്തിലും നിലവിലുള്ള കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ പല ഹോസ്റ്റലുകള്‍ക്കും കഴിയുന്നില്ല. 13 ശതമാനം ഹോസ്റ്റലുകളിലും ഇപ്പോഴുള്ള കുട്ടികള്‍ക്ക് തന്നെ ആവശ്യത്തിനുള്ള കട്ടിലുകളില്ലാത്ത അവസ്ഥയാണ്. 36 ശതമാനം ഹോസ്റ്റലുകളിലും ആവശ്യത്തിന് പഠന മേശകളും കസേരകളും ഇല്ല. 44 ശതമാനം ഹോസ്റ്റലുകളിലും ആവശ്യത്തിന് ലൈറ്റുകളും 53 ശതമാനത്തിലും ആവശ്യത്തിന് പ്രവര്‍ത്തന ക്ഷമമായ ഫാനുകളും ഒരു ഹോസ്റ്റലിലും ടെലിഫോണ്‍ സംവിധാനവും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
17 ശതമാനം ഹോസ്റ്റലുകളും വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷവും പൂര്‍ണമായും തകര്‍ന്നതും ഉപയോഗശൂന്യമായതുമായ ടോയ്‌ലറ്റുകള്‍, ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര, കുടുസു മുറികളില്‍ തിങ്ങിഞെരുങ്ങി കഴിയേണ്ടി വരുന്ന അവസ്ഥ എന്നിവയാണ് ഭൂരിഭാഗം ഹോസ്റ്റലുകളും നേരിടുന്ന മറ്റ് പ്രശ്‌നങ്ങള്‍. ഹോസ്റ്റലില്‍ നിന്നും സ്‌കൂളിലേക്ക് നടന്നു പോകുന്ന കുട്ടികളില്‍ 15 ശതമാനവും രണ്ട് കിലോമീറ്ററും അതിലധികവും ദൂരം നടന്നു പോകുന്നവരാണ്. മെയിന്‍ റോഡുകളില്‍ നിന്നും വളരെ അകലത്തില്‍ എളുപ്പത്തില്‍ എത്തിപ്പെടാനാകാത്തതും ബസ് സര്‍വീസ് ഇല്ലാത്തതുമായ ഉള്‍പ്രദേശങ്ങളിലാണ് പല സ്ഥലങ്ങളിലും ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നത്. നഗരപ്രദേശങ്ങളിലുള്‍പ്പെടെ ഇതാണ് അവസ്ഥ. ബസ്സില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് യാത്രാക്കൂലി നല്‍കുന്നില്ല . പോക്കറ്റ് മണിയായി നല്‍കേണ്ട തുക രണ്ടും മൂന്നും മാസങ്ങള്‍ക്ക് ശേഷമാണ് നല്‍കുന്നത്. പല വിഷയങ്ങളിലും ട്യൂട്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവരുടെ സേവനം കൃത്യമായും കാര്യക്ഷമമായും ലഭിക്കുന്നില്ല.
കുട്ടികളുടെ ആരോഗ്യ പരിരക്ഷക്കായി പ്രത്യേക നയങ്ങളോ നിര്‍ദേശങ്ങളോ നിലവില്ല. കൃത്യമായ ഇടവേളകളില്‍ കുട്ടികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനോ വിലയിരുത്തുന്നതിനോ ഒരു സംവിധാനവും നിലവിലില്ല. അസുഖം ബാധിക്കുന്ന കുട്ടികളെ വീട്ടില്‍ പറഞ്ഞയക്കുകയോ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കാണിക്കുകയോ ആണ് പതിവ്. കുട്ടികള്‍ക്ക് നില്‍കുന്ന ഭക്ഷണത്തിന്റെ അളവിലും ഗുണത്തിലും മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ജീവനക്കാരുടെ ചുമതലകളും ജോലി സമയവും കൃത്യമായി നിര്‍ണയിച്ചിട്ടില്ല. ഭാരിച്ച ഉത്തരവാദിത്വവും പ്രൊമോഷന്‍ സാധ്യതയില്ലാത്തതുമായ തസ്തിക ആയതിനാല്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും വ്യാപകമാണെന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികവിഭാഗ കുട്ടികളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസം ലക്ഷ്യമിട്ടുകൊണ്ടാണ് അഞ്ചാം ക്ലാസ് മുതല്‍ 10ാം ക്ലാസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി പട്ടികജാതി വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലുകള്‍ തുടങ്ങിയത്. എന്നാല്‍ അവര്‍ക്ക് മെച്ചപ്പെട്ട ആഹാരവും ജീവിത സൗകര്യങ്ങളും ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.